വാഴകള്‍ വെട്ടിമാറ്റിയ സംഭവം; കര്‍ഷകന് ഉചിതമായ സഹായം നല്‍കുമെന്ന് കെഎസ്ഇബി

കോതമംഗലം വാരപ്പെട്ടിയില്‍ ഹൈ ടെന്‍ഷന്‍ ലൈന്‍ കടന്നുപോകുന്നതിന് താഴെയുള്ള വാഴകള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി. ഈ മാസം നാലാം തീയതി 12.56 ന് മൂലമറ്റം നിലയത്തില്‍ നിന്നുള്ള ഈ ലൈന്‍ തകരാരിലാകുകയും, തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പരാതിക്കാരന്റെ വാഴയുടെ ഇലകള്‍ കാറ്റടിച്ചപ്പോള്‍ ലൈനിന് സമീപം എത്തുകയും ചില വാഴകള്‍ക്ക് തീ പിടിക്കുകയും ചെയ്തു എന്നും കെഎസ്ഇബി വിശദീകരിക്കുന്നു. മനുഷ്യ ജീവന് അപകടം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാലാണ് ലൈനിന് സമീപം വരെ വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടിമാറ്റിയത്. മാനുഷിക പരിഗണന നല്‍കി ഒരു പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടി ആലോചിച്ച് ഉചിതമായ സഹായം നല്‍കുന്നതിനുള്ള തീരുമാനം എടുക്കാന്‍ കെഎസ്ഇബിയുടെ പ്രസരണ വിഭാഗം ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Also Read: എട്ടു രാജ്യങ്ങള്‍ കൂടി സന്ദര്‍ശക ഇ-വിസ പദ്ധതിയില്‍; പ്രഖ്യാപനവുമായി സൗദി

ഇടുക്കി – കോതമംഗലം 220 കെ വി ലൈനിനു കീഴിലുള്ള വാരപ്പെട്ടിയിലാണ് കെഎസ്ഇബി ജീവനക്കാര്‍ വാഴകള്‍ വെട്ടി മാറ്റിയതായി പരാതി വന്നിട്ടുള്ളത്. പരാതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കെഎസ്ഇബിയുടെ പ്രസരണ വിഭാഗം ഡയറക്ടറോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

220 കെ വി ലൈനിന് കീഴില്‍ പരാതിക്കാരന്‍ വാഴകള്‍ നട്ടിരുന്നു എന്നും, അവ ലൈനിന് സമീപം വരെ വളര്‍ന്നിരുന്നു എന്നും പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലാക്കിയതായി വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിക്കുന്നു. കെഎസ്ഇബി എല്‍ ജീവനക്കാര്‍ സ്ഥല പരിശോധന നടത്തിയപ്പോള്‍, സമീപവാസിയായ ഒരു സ്ത്രീക്ക് ചെറിയ തോതില്‍ വൈദ്യുതി ഷോക്ക് ഏറ്റതായും മനസ്സിലാക്കി. വൈകുന്നേരം ഇടുക്കി – കോതമംഗലം 220 കെ വി ലൈന്‍ പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമായതിനാല്‍, മനുഷ്യ ജീവന് അപകടം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ലൈനിന് സമീപം വരെ വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടിമാറ്റി ലൈന്‍ ചാര്‍ജ് ചെയ്തു എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. ഇടുക്കി ജല വൈദ്യുത പദ്ധതിയില്‍ നിന്നും വൈകുന്നേരത്ത് ലഭിക്കുന്ന അധിക ഉല്‍പ്പാദന ശേഷി ഉപയോഗിക്കണമെങ്കില്‍ ലൈന്‍ തകരാര്‍ അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട്. അടിയന്തിര പ്രാധാന്യമായതിനാലാണ് പെട്ടെന്ന് നടപടി എടുക്കേണ്ട സാഹചര്യമുണ്ടായതെന്നും കെഎസ്ഇബി കുറിപ്പില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News