മേപ്പാടിയിൽ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യകിറ്റ് നൽകിയ സംഭവം; ഭക്ഷ്യകമ്മീഷൻ തുടർ നടപടികൾ സ്വീകരിച്ചു

meppadi

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തുവെന്ന വാർത്തയിൽ സംസ്ഥാന ഭക്ഷ്യകമ്മീഷൻ തുടർ നടപടികൾ സ്വീകരിച്ചു. നിർമാൺ എന്ന സന്നദ്ധ സംഘടന മേപ്പാടി ഗ്രാമപഞ്ചായത്ത് മുഖേന വിതരണം ചെയ്ത ഭക്ഷ്യകിറ്റുകളാണ് ഉപയോഗ ശൂന്യമായതെന്ന് വയനാട് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടതിന് മറുപടി നൽകി.

പ്രാണികളെ കണ്ടെത്തിയ സാഹചര്യത്തിൽ മുഴുവൻ ഭക്ഷ്യവസ്തുക്കളും പരിശോധനയ്ക്ക് വിധേയമാക്കാനും ഭക്ഷ്യയോഗ്യമല്ലാത്തവ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനും മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിർദേശം നൽകിയതായും എ ഡി എം ഭക്ഷ്യകമ്മീഷനെ അറിയിച്ചു.

ALSO READ; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

അതേസമയം അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.

യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്. പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരി, മാവ്, റവ എന്നിവയാണ് ദുരന്തബാധിതർക്ക് ഭക്ഷ്യ കിറ്റിൽ ലഭിച്ചത്.

സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ അടക്കം വലിയ രീതിയിൽ  പ്രതിഷേധിച്ചിരുന്നു.പ്രവർത്തകർ ദുരന്തബാധിതർക്ക് വിതരണം ചെയ്ത അരി ഓഫിസിന്റെ ഉള്ളിൽ നിലത്തിട്ടടക്കം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ വിതരണം ചെയ്തതിൽ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. മേപ്പാടി ഗ്രാമപഞ്ചായത്തിനെതിരെ ഗുരുതര നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിലും വ്യക്തമാക്കിയിരുന്നു.അരി റവന്യൂ വകുപ്പ് നല്‍കിയതല്ലെന്നും ഇക്കാര്യത്തില്‍ വകുപ്പിന് വീഴ്ചപറ്റിയിട്ടില്ലെന്നും മന്ത്രി കെ രാജനും പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News