ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെയും ഓപണര്‍ പ്രതിക റാവലിന്റെയും തകര്‍പ്പന്‍ സെഞ്ചുറികളുടെ പിന്‍ബലത്തില്‍ ചരിത്ര ടോട്ടലുമായി ഇന്ത്യന്‍ വനിതകള്‍. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 435 എന്ന കൂറ്റന്‍ സ്‌കോര്‍ ആണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. ഇന്ത്യന്‍ വനിതകളുടെ എക്കാലത്തേയും വലിയ സ്‌കോറും വനിതാ ഏകദിനത്തിലെ നാലാം ടോട്ടലുമാണിത്.
രാജ്‌കോട്ടിലെ മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മന്ദാന, അതിവേഗ സെഞ്ചുറിയാണ് നേടിയത്. 70 ബോളില്‍ 100 കടക്കാനും 80 ബോളില്‍ 135 റണ്‍സ് നേടാനും സാധിച്ചു. ഏഴ് സിക്‌സറുകളും 12 ബൗണ്ടറികളുമാണ് മന്ദാന അടിച്ചുകൂട്ടിയത്. കട്ടയ്ക്ക് സപ്പോര്‍ട്ടുമായി പ്രതികയുമുണ്ടായിരുന്നു. 129 ബോളില്‍ 154 റണ്‍സ് ആണ് അവര്‍ എടുത്തത്. 20 ബൗണ്ടറികളും ഒരു സിക്‌സുമാണ് പ്രതികയുടെ സമ്പാദ്യം.
Read Also: സ്മൃതി മന്ദാനയ്ക്ക് പുതിയ റെക്കോർഡ്; വേഗമേറിയ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരി
റിച്ച ഘോഷ് അര്‍ധ സെഞ്ചുറി നേടി. തേജല്‍ ഹസബ്‌നിസ് 28ഉം ഹര്‍ലീന്‍ ഡ്യോള്‍ 15ഉം റണ്‍സ് നേടി. അയര്‍ലാന്‍ഡ് ബോളിങ് നിരയില്‍ ഒര്‍ല പ്രെന്‍ഡെര്‍ഗാസ്റ്റ് രണ്ടും ആര്‍ലീന്‍ കെല്ലി, ഫ്രെയ സര്‍ജെന്റ്, ജോര്‍ജിന ഡെംപ്‌സീ എന്നിവര്‍ ഒന്നു വീതവും വിക്കറ്റ് കൊയ്തു. അതേസമയം, മറുപടി ബാറ്റിങിന് ഇറങ്ങിയ ഐറിഷ് വനിതകള്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. 18 ഓവറില്‍ 101 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ സന്ദര്‍ശകര്‍ക്ക് നഷ്ടമായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here