ആം ആദ്മിയുടെ ക്ഷേമ പദ്ധതികൾക്കെതിരായ കോൺഗ്രസ് നീക്കം; ഇന്ത്യ മുന്നണിയിൽ അതൃപ്തി തുടരുന്നു

ആം ആദ്മി പാർട്ടിയുടെ ക്ഷേമ പദ്ധതികൾക്കെതിരായ കോൺഗ്രസ് നീക്കത്തിൽ ഇന്ത്യ മുന്നണിയിൽ അതൃപ്തി തുടരുന്നു. ദില്ലി തെരെഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കെതിരായി പ്രചരണം നടത്താൻ ബി ജെ പിക്ക് ആയുധം നൽകുകയാണ് കോൺഗ്രസെന്ന വിമർശനമാണ് ഉയരുന്നത്.

ദില്ലി നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാർട്ടിയെ ദുർബലമാക്കാനുള്ള ബിജെപി നീക്കങ്ങൾക്ക് പിന്തുണ നൽകുന്നതാണ് കോൺഗ്രസിന്റെ നീക്കങ്ങൾ. ഇതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഇന്ത്യ മുന്നണിയിൽ ഉയരുന്നത്. ബിജെപിക്കെതിരെ പ്രതിരോധ കവചം തീർത്ത ഇന്ത്യ മുന്നണിയിലെ പ്രധാന പാർട്ടിയായ കോൺഗ്രസ് ദില്ലിയിൽ ആം ആദ്മി പാർട്ടിയെ അസ്ഥിരപ്പെടുത്താൻ ആണ് ശ്രമിക്കുന്നത്. ആം ആദ്മി സർക്കാരിന്റെ ക്ഷേമ പദ്ധതികൾക്കെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് ധീക്ഷിത്തിന്റെ പരാതിയിൽ ലെഫ്റ്റനന്റ് ഗവർണർ വി കെ സെക്സേന അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യ മുന്നണിയിൽ കോൺഗ്രസിനെതിരെ കടുത്ത ആരോപണങ്ങൾ ഉയരുന്നത്.

അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 2100 രൂപ വീതം നൽകാനുള്ള മഹിളാ സമ്മാനം യോജനയിൽ അഴിമതി നടത്തുകയാണെന്ന് ആരോപണമാണ് കോൺഗ്രസ് നേതാവ് പരാതിയിൽ ഉന്നയിച്ചത്. കോൺഗ്രസും ബിജെപിയും ചേർന്ന് ക്ഷേമ പദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആം ആദ്മി കൺവീനർ അരവിന്ദ് കെജരിവാൾ തുറന്നടിച്ചു.

ആം ആദ്മി പാർട്ടിയുടെ വിജയസാധ്യതകൾ അട്ടിമറിക്കാൻ ലെഫ്റ്റനന്റ് ഗവർണറെ ദുരുപയോഗം ചെയ്യുകയാണെന്നും കെജ്രിവാൾ ചൂണ്ടിക്കാണിച്ചു.ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ എതിരായി മത്സരിക്കേണ്ടി വന്നപ്പോഴും കോൺഗ്രസിനെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്ന് ആം ആദ്മി പാർട്ടി രാജ്യസഭാംഗം സഞ്ജയ് സിംഗ് ഓർമിപ്പിച്ചു.

also read: കേരളത്തിനെതിരെ വിദ്വേഷ പ്രസംഗം; മന്ത്രി നിതീഷ് റാണെയെ  മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്ന് എംപിസിസി ജനറല്‍ സെക്രട്ടറി

കോൺഗ്രസ് നേതാവ് അജയ്മാക്കന്റെ കെജ്രിവാളിനെതിരായ രാജ്യദ്രോഹി പ്രയോഗത്തിൽ നടപടിയെടുത്തില്ലെങ്കിൽ കോൺഗ്രസിനെ ഇന്ത്യ കൂട്ടായ്മയിൽ നിന്ന് പുറത്താക്കണമെന്നും ആം ആദ്മി പാർട്ടി പ്രതികരിച്ചു. അതേസമയം ക്ഷേമ പദ്ധതികൾ അട്ടിമറിക്കാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുമ്പോഴും ക്ഷേത്രത്തിലെ പൂജാരിമാർക്കും ഗുരുദ്വാരയിലെ പുരോഹിതർക്കും പ്രതിമാസം പതിനെണ്ണായിരം രൂപ ഓണറേറിയം നൽകുമെന്ന് പ്രഖ്യാപനവും ആം ആദ്മി പാർട്ടി നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here