ലോക്സഭാ തെരഞ്ഞെടുപ്പ്; ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ അവസാനഘട്ടത്തിലേക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക്. ഉത്തര്‍പ്രദേശിലും ദില്ലിയിലും എസ്പിയും ആം ആദ്മി പാര്‍ട്ടിയുമായി ധാരണയായതോടെ ബംഗാളിലും സഖ്യസാധ്യത തെളിയുന്നു. ചണ്ഡിഗഡ് മേയര്‍ തെരഞ്ഞെടുപ്പ് നല്‍കിയ ഊര്‍ജ്ജം ഇന്ത്യ സഖ്യത്തെ കൂടുതല്‍ ആത്മവിശ്വാസത്തിലാക്കിയിട്ടുണ്ട്. ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കൈകോര്‍ക്കുകയാണ് പ്രതിപക്ഷ ഇന്ത്യ സഖ്യം. ആദ്യം വഴിമുട്ടിയ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇപ്പോള്‍ ഐക്യത്തിലൂടെ പൊതുധാരണയിലേക്ക് എത്തുകയാണ്. ഇന്ത്യ മുന്നണിയിലെ ഏറ്റവും നിര്‍ണായകമായ സഖ്യമായ ഉത്തര്‍പ്രദേശിലാണ് സീറ്റ് വിഭജനം ആദ്യം പൂര്‍ത്തിയായത്.

Also Read: കെ റെയിൽ തള്ളാതെ കേന്ദ്രം; ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് ദക്ഷിണ റെയിൽവേയുടെ അനുകൂല മറുപടി

യുപിയില്‍ 17 സീറ്റുകള്‍ നല്‍കാമെന്ന സമാജ് വാദി പാര്‍ട്ടിയുടെ നിര്‍ദേശം കോണ്‍ഗ്രസ് അംഗീകരിച്ചതോടെ സംസ്ഥാനത്ത് ബിജെപിക്കെതിരെ സഖ്യം ഒരുമിച്ച് മത്സരിക്കും. പഞ്ചാബില്‍ ഒറ്റയ്ക്ക് മത്സരിക്കുമെങ്കിലും ദില്ലിയില്‍ കോണ്‍ഗ്രസുമായി ഐക്യത്തിലാണ് ആം ആദ്മി പാര്‍ട്ടി. ഏഴംഗ ലോക്‌സഭാ സീറ്റില്‍ നാലെണ്ണം എഎപിയും മൂന്നെണ്ണം കോണ്‍ഗ്രസും പങ്കിടാമെന്നാണ് ധാരണ. പിന്നാലെയാണ് ബംഗാളിലും തൃണമൂല്‍- കോണ്‍ഗ്രസ് ഐക്യം രൂപപ്പെടുന്നത്. അഞ്ച് സീറ്റാണ് ചോദിച്ചെങ്കിലും നാലെണ്ണം കോണ്‍ഗ്രസിന് നല്‍കാമെന്ന ധാരണയിലാണ് മമതാ ബാനര്‍ജി. ഹൈക്കമാന്‍ഡ് നടത്തിയ ഇടപെടലാണ് ഫലം കണ്ടത്. ഹരിയാനയിലും അസമിലും ഗോവയിലും കോണ്‍ഗ്രസ് ഓരോ സീറ്റ് വീതം ആം ആദ്മിക്ക് നല്‍കിയേക്കും. പകരം ഗുജറാത്തില്‍ മൂന്നു വരെ സീറ്റുകളാണ് ആം ആദ്മി ആവശ്യപ്പെട്ടിരിക്കുന്നത്. ജാര്‍ഖണ്ഡിലാകട്ടെ കോണ്‍ഗ്രസും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ഏഴ് വീതം സീറ്റുകള്‍ പങ്കുവയ്ക്കും. ഇരുകൂട്ടരും സീറ്റുകളില്‍ ഒന്ന് വീതം ആര്‍ജെഡിക്കും ഇടതുപക്ഷത്തിനും നല്‍കും. ബിഹാറില്‍ കോണ്‍ഗ്രസ്- ആര്‍ജെഡി ചര്‍ച്ചകളും അവസാനഘട്ടത്തിലാണ്.

Also Read: സംസ്ഥാനത്ത് എൽഡിഎഫിന് മികച്ച മുന്നേറ്റം; തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ 7 സീറ്റുകൾ പിടിച്ചെടുത്തു

40 സീറ്റില്‍ ആര്‍ജെഡി 28ഉം കോണ്‍ഗ്രസ് എട്ടും ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് നാല് സീറ്റുകളും നല്‍കാനാണ് ധാരണ. മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ കോണ്‍ഗ്രസും ശിവസേന ഉദ്ധവ് വിഭാഗവും 20 സീറ്റുകള്‍ വീതം മത്സരിക്കുമ്പോള്‍, എട്ട് സീറ്റുകള്‍ ശരത് പവാറിന്റെ എന്‍സിപിക്ക് നല്‍കിയേക്കും. കേരളം, പഞ്ചാബ്, ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ പരസ്പരം മത്സരിക്കുമെങ്കിലും ദേശീയതലത്തില്‍ ബിജെപിക്ക് ഇതര നിലപാട് തന്നെയാകും രൂപപ്പെടുക. ഫെബ്രുവരി 29ന രാഹുല്‍ഗാന്ധി ദില്ലിയില്‍ തിരികെയെത്തിയാല്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് അന്തിമ രൂപമാകും. അതേസമയം ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിയോഗവും 29ന് ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News