ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം പൊളിയുന്നു, ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി കാന‍ഡ

ഇന്ത്യയും കാനഡയുമായുള്ള നയതന്ത്ര ബന്ധം തകരുന്നുവെന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി പവന്‍ കുമാര്‍ റായിയെ കാനഡ പുറത്താക്കി. ഖലിസ്ഥാൻ വിഘടനവാദി നേതാവ്‌ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപിച്ചാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയത്.

നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ സർക്കാർ ഏജന്‍റുകൾക്ക് പങ്കുണ്ടെന്ന ആരോപണം കനേഡിയൻ സുരക്ഷാ ഏജൻസികൾ അന്വേഷിക്കുന്നതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കിയിരുന്നു.

ആരോപണം ശരിയാണെന്ന് തെളിയിക്കപ്പെട്ടാൽ ഇന്ത്യയുടെ നടപടി കാനഡയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായിരിക്കുമെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളി ചൂണ്ടിക്കാട്ടി. ഇത് ഇരുരാജ്യങ്ങൾ തമ്മിൽ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങളുടെ ലംഘനമാണ്. ഈ സാഹചര്യത്തിലാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്നതെന്നും അവര്‍ അറിയിച്ചു.

ജി-20 ഉച്ചകോടിയിൽ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ചതായി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. സർക്കാരിലെ ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് തങ്ങളുടെ ആശങ്ക അറിയിച്ചിട്ടുണ്ട്.

ALSO READ: ‘ഞാൻ തരുന്ന പൈസയ്ക്ക് അയിത്തമില്ല, എനിക്ക് അയിത്തം’; ക്ഷേത്ര പരിപാടിയില്‍ പൂജാരിയിൽ നിന്ന് വിവേചനം നേരിട്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

2023 ജൂൺ 18-ന് ആയിരുന്നു ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജർ കാനഡയിൽ വെടിയേറ്റ് മരിക്കുന്നത്. ബെെക്കിലെത്തിയ അജ്ഞാതർ ഇയാളെ വെടിവെച്ച് വീഴ്ത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ. പഞ്ചാബിൽ പുരോഹിതനെ കൊലപ്പെടുത്തിയതുൾപ്പടെ നിരവധി കേസുകൾ ഇയാൾക്കെതിരെ ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു.

അതേസമയം,  ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ചർച്ചകളും കാനഡ അനിശ്ചിതകാലത്തേക്ക് നിർത്തി. കാനഡയുടെ വ്യാപാരമന്ത്രി മേരി ഇങ് ഒക്ടോബറിൽ ഇന്ത്യ സന്ദർശിച്ച് നടത്തേണ്ടിയിരുന്ന ചർച്ചകളാണ് മാറ്റിവെച്ചത്.

ഖലിസ്താൻ വിഷയത്തിലുള്ള തർക്കം ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളാക്കിയ സാഹചര്യത്തിലാണ് നടപടി. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ദില്ലിയിലെത്തിയ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത അതൃപ്തിയറിയിച്ചിരുന്നു. ജി-20 വേദിയിൽ ട്രൂഡോ അപമാനിതനായെന്നും ഇതൊഴിവാക്കേണ്ടിയിരുന്നുവെന്നും കാനഡയിലെ പ്രതിപക്ഷം കുറ്റപ്പെടുത്തി. വിമാനം തകരാറിലായതിനെത്തുടർന്ന് ട്രൂഡോയും സംഘവും രണ്ടുദിവസം ദില്ലിയില്‍ കുടുങ്ങുകയും ചെയ്തു. തിരിച്ച് കാനഡയിലെത്തിയപ്പോൾ പാർലമെന്റിലും മാധ്യമങ്ങളിലും പ്രധാനമന്ത്രിക്ക് രൂക്ഷവിമർശനമേൽക്കേണ്ടിവന്നു.

ALSO READ: ഓണം ബമ്പറടിച്ചാല്‍ ടിക്കറ്റ് എത്രദിവസത്തിനുള്ളില്‍ ഹാജരാക്കണം? വൈകിയാലോ?: പരിശോധിക്കാം

ഈവർഷംതന്നെ വ്യാപാരക്കരാറിൽ ഏർപ്പെടാൻ ഇരുരാജ്യങ്ങളും നേരത്തേ ധാരണയിലെത്തിയിരുന്നു. ഇതാണ് ഇപ്പോൾ പ്രതിസന്ധിയിലായത്.

ജി-20 ഉച്ചകോടിക്കു തൊട്ടുമുമ്പേ വ്യാപാരക്കരാർ ചർച്ച നിർത്തുന്നതായി കാനഡ ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്നു. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി രൂക്ഷപരാമർശങ്ങൾ നടത്തുകയും ചെയ്തതോടെ അകൽച്ച വർധിച്ചു. 13 വർഷംമുമ്പ് 2010-ലാണ് ഇന്ത്യയും കാനഡയും തമ്മിൽ ആദ്യമായി വ്യാപാരക്കരാറിനായുള്ള ചർച്ചകൾ തുടങ്ങിയത്. 2022-ലാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾ വീണ്ടും തുടങ്ങിയത്. ഒരു സമഗ്ര സാമ്പത്തികസഹകരണ കരാർ ലക്ഷ്യമിട്ടായിരുന്നു ചർച്ചകൾ പുരോഗമിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News