ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിന് തുടക്കമിട്ടത് കോൺഗ്രസ് ഭരണത്തിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കേരളത്തിന് പുറത്ത് എവിടെയും പലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിക്കാൻ സാധിക്കാത്ത രാഷ്ട്രീയ ചുഴിയിലാണ് കോൺഗ്രസുള്ളതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറുകണക്കിന് ആളുകൾ പങ്കെടുത്താണ് പാലക്കാട് നഗരത്തിൽ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിച്ചത്. പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച സദസ്സ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. നരസിംഹ റാവു പ്രധാനമന്ത്രിയായപ്പോഴാണ് ചേരിചേരാ നയത്തിൽനിന്ന് മാറി അമേരിക്കക്കും ഇസ്രയേലിനും ഒപ്പം ചേർന്ന് പോകുന്ന നിലപാടിന് തുടക്കമിട്ടതെന്നും ഇന്ത്യയുടെ ഹൃദയവികാരമായിരുന്ന പലസ്‌തീനെ അമേരിക്കയുമായുള്ള ചങ്ങാത്തത്തിൽ ബിജെപി സർക്കാർ തള്ളിക്കളഞ്ഞു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പലസ്തീൻ ഐക്യദാർഢ്യ പരിപാടികളിൽ എല്ലാവരും പങ്കാളികളാകണമെന്നാണ് സിപിഐഎം അഭിപ്രായമെന്നും ക്ഷണിച്ചാൽ വരുമെന്ന് പറഞ്ഞ മുസ്ലീം ലീഗിനെ കോഴിക്കോട് റാലിയിൽ വിളിച്ചപ്പോൾ കോൺഗ്രസ് തടഞ്ഞു എന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. കക്ഷി രാഷ്‌ട്രീയ വിത്യാസമില്ലാതെ ഉയരേണ്ടതാണ് പലസ്‌തീനായുള്ള ഐക്യദാർഢ്യമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഐക്യദാർഢ്യ സദസ്സിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ, സിപിഐ ദേശീയ കൗൺസിൽ അംഗം രാജാജി തോമസ് മാത്യു, സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here