കനത്ത സുരക്ഷാവലയത്തില്‍ 75ാമത് റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം; ഇമ്മാനുവല്‍ മക്രോണ്‍ മുഖ്യാതിഥി

കനത്ത സുരക്ഷാവലയത്തില്‍ 75ാമത് റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ആണ് റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥി. 13,000 പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളും ദില്ലിയിലെ റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ പങ്കെടുക്കും. അതേസമയം കേന്ദ്രാനുമതി ഇല്ലാത്തതില്‍ ഇത്തവണ പരേഡില്‍ കേരളത്തിന്റെ പ്ലോട്ട് ഉണ്ടാകില്ല.

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായുള്ള ഒരുക്കത്തിലാണ് രാജ്യതലസ്ഥാനം. ഭാരതം ജനാധിപത്യത്തിന്റെ മാതാവ്, വികസിത ഭാരതം എന്നതാണ് ഇത്തവണത്തെ പ്രമേയം. രാജ്യതലസ്ഥാനത്ത് വലിയ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മെട്രോ സ്റ്റേഷനുകള്‍ , ആരാധനാലയങ്ങള്‍, മാര്‍ക്കറ്റുകള്‍, തിരക്കേറിയ ഇടങ്ങള്‍, തന്ത്ര പ്രധാന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ആണ് കര്‍ത്തവ്യ പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥി.

Also Read:  കാലടി സംസ്‌കൃത സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്; 5 സെന്ററുകളില്‍ എസ്എഫ്‌ഐക്ക് എതിരില്ലാതെ ജയം

രാജ്യത്തിന്റെ വികസനവും സൈനിക ശക്തിയും വിളിച്ചോതുന്ന പരേഡുകളും വ്യോമാഭ്യാസങ്ങളും ടാബ്ലോകളും പരേഡില്‍ അണിനിരക്കും. ഫ്രാന്‍സില്‍ നിന്നുള്ള 95 അംഗ സൈന്യവും 33 അംഗ ബാന്‍ഡ് സംഘവും പരേഡിലുണ്ടാകും. ഫ്രഞ്ച് വ്യോമസേനയുടെ മള്‍ട്ടി റോള്‍ ടാങ്കര്‍ ട്രാന്‍സ്‌പോര്‍ട്ട് വിമാനവും രണ്ട് റാഫേല്‍ വിമാനങ്ങളും ഇത്തവണ ഫ്ളൈ പാസ്റ്റിലെ പ്രത്യേകതയാണ്. എന്‍സിസി, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ആംഡ് ഫോഴ്സ് മെഡിക്കല്‍ സര്‍വീസ്, ദില്ലി പൊലീസ് എന്നിവര്‍ വനിതകള്‍ മാത്രമുള്ള സംഘങ്ങളെയാണ് പരേഡില്‍ അണി നിരത്തുക. കര-നാവിക-വ്യോമസേനകളിലെ വനിതകളടങ്ങുന്ന 144 പേരും പ്രത്യേകസംഘങ്ങളായി മാര്‍ച്ച് ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട 16 സംസ്ഥാനങ്ങളും 9  മന്ത്രാലയങ്ങളും അവതരിപ്പിക്കുന്ന ടാബ്ലോകളിലും വനിതകള്‍ മാത്രമാണുണ്ടാവുക. എന്നാല്‍ കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ ഇത്തവണയും പരേഡില്‍ കേരളത്തിന്റെ നിശ്ചലദൃശ്യം ഉണ്ടാകില്ല. ഉത്തര്‍പ്രദേശ് അടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് പ്ലോട്ട് പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News