രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. പ്രതിദിന രോഗികളുടെ എണ്ണം 11,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,109 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനമായി ഉയരുകയും ചെയ്തു.
ഒരിടവേളയ്ക്ക് ശേഷം ഇന്നലെയാണ് കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നത്. ഇന്നലെ 10,158 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദില്ലയിലും മഹാരാഷ്ട്രയിലും കേരളത്തിലും ആയിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാന്‍, ഹരിയാന, ഒഡിഷ, ഛത്തീസ്ഗഢ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടി. ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നതിന് പിന്നില്‍ വൈറസിന്റെ ഉപവകഭേദമായ ആര്‍ക്ടറസ് എന്ന എക്സ്.ബി.ബി 1.6 ആണെന്നാണ് സ്ഥിരീകരണം. കൊവിഡ് പോസ്റ്റീവ് സാമ്പിളുകളില്‍ നടത്തിയ ജനിതകശ്രേണീകരണ പരിശോധനയിലാണ് സമീപകാല വര്‍ധനവിന് കാരണം ആര്‍ക്ടറസ് ആണെന്ന് വ്യക്തമായത്. ജനുവരിയിലാണ് ഈ വകഭേദം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാഹചര്യം വരുന്നില്ലെങ്കിലും ആര്‍ക്ടറസ് വകഭേദം അതിവേഗത്തില്‍ പടര്‍ന്നുപിടിക്കുന്നുണ്ട്. അടുത്ത പത്ത് ദിവസം കൂടി രോഗവ്യാപനം വര്‍ധിച്ച ശേഷം നിയന്ത്രണവിധേമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പനി, ചുമ എന്നിവയ്ക്ക് പുറമേ കണ്ണില്‍ സാരമായ ചൊറിച്ചില്‍ അനുഭവപ്പെടുന്നത് ഇതിന്റെ ലക്ഷണമാണ്. ഇന്ത്യക്ക് പുറമേ, അമേരിക്ക, സിംഗപ്പൂര്‍, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ഈ ഉപവകഭേദം പടര്‍ന്നുപിടിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here