പദ്ധതികൾ വിജയകരം: ന്യൂസിലൻഡിനെ സ്പിന്നിൽ കുരുക്കിയിട്ട് ഇന്ത്യ

INd vs NZ 2 Test

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത കിവീസ് ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ കറങ്ങി വീണു. ഒരു ഘട്ടത്തിൽ മൂന്നിന് 197 എന്ന ശക്തമായ നിലയിലായിരുന്ന ന്യൂസിലൻഡ് 259 റൺസിന് ഓൾ ഔട്ടായി. 76 റണ്‍സെടുത്ത ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് ന്യൂസിലൻഡ് നിരയിലെ ‍ടോപ് സ്കോറർ. ഇന്ത്യക്കായി വാഷിങ്ടൺ സുന്ദർ 7 വിക്കറ്റും അശ്വിൻ 3 വിക്കറ്റും വീഴ്ത്തി.

65 റൺസെടുത്ത രചിൻ രവീന്ദ്രയും 33 റൺസെടുത്ത മിച്ചല്‍ സാന്റ്‌നറുമാണ് കിവീസ് നിരയിൽ പിടിച്ചുനിന്നത്. പേസറായ മാറ്റ് ഹെന്റിക്ക് പകരമാണ് സാന്റ്‌നര്‍ കിവീസ് നിരയിലെത്തിയത്.

മൂന്ന് മാറ്റങ്ങളോടെയാണ് പൂണെയിൽ ഇന്ത്യ കളിക്കാനിറങ്ങിയത്. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, കെ.എല്‍ രാഹുല്‍ എന്നിവർക്ക് പകരം ആകാശ്ദീപ്, വാഷിങ്ടണ്‍ സുന്ദര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ആദ്യ ഇലവനിൽ ഇടം പിടിച്ചത്.

Also Read: ഇതൊക്കെയെന്ത്! ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ മിന്നുന്ന റെക്കോർഡുമായി അശ്വിൻ

പേസും ബൗൺസും കുറഞ്ഞ പിച്ചായിരുന്നു പൂണെയിൽ ഇന്ത്യ ഒരുക്കിയത്. ബാറ്ററായ ഒരു ഫിംഗര്‍ സ്പിന്നറെ ടീമിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന്റെ ഭാ​ഗമായാണ് അഞ്ചാം സ്പിന്നറയി വാഷിങ്ടൺ സുന്ദർ ടീമിലെത്തിയത്. മത്സരത്തിന് മുമ്പ് നടന്ന വാർത്താസമ്മേളനത്തിൽ ന്യൂസിലാൻ‌ഡിന്റെ ഇടം കയ്യൻ ബാറ്റർമാരെ വീഴ്ത്താനാണ് സുന്ദറിനെ കൊണ്ടുവന്നതെന്നായിരുന്നു ഇന്ത്യൻ പരിശീലകൻ ​ഗൗതം ​ഗംഭീർ പറഞ്ഞത്.

​ഗംഭീറിന്റെ വാക്കുകളെ ശരി വെക്കുന്ന തരത്തിൽ തന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് വാഷിങ്ടൺ സുന്ദർ കാഴ്ചവെച്ചത്. രവീന്ദ്ര ജഡേജയ്ക്ക് മുമ്പെ രോഹിത് ശർമ സുന്ദറിന് പന്ത് കൈമാറി. രചിൻ രവീന്ദ്രയെ വീഴ്ത്തി വിക്കറ്റ് വേട്ട തുടങ്ങിയ സുന്ദർ ഡാരൽ മിച്ചൽ, ടോം ബ്ലൻഡൽ, ​ഗ്ലെൻ ഫിലിപ്സ്, ടിം സൗത്തി, അജാസ് പട്ടേൽ, മിച്ചൽ സാന്റ്നർ എന്നിവരെ കൂടാരത്തിൽ കയറ്റി. 23.1 ഓവറിൽ നാല് മെയ്ഡൻ അടക്കം 59 റൺ‌സ് വഴങ്ങിയാണ് സുന്ദറിന്റെ എഴ് വിക്കറ്റ് നേട്ടം.

Also Read: പക അത് വീട്ടാനുള്ളതാണ്, 2015നു ശേഷം ബയണിനെ ആദ്യമായി മുന്നിൽ കിട്ടിയപ്പോൾ ബാർസ തീർത്തത് കണക്കുകളൊന്നൊന്നായി; ആധികാരിക ജയം

ആദ്യ ഓവറില്‍ തന്നെ ടോം ലാഥമിനെ(15) വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിനാണ് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. വില്‍ യങും കോണ്‍വെയും പതുക്കെ പിടിച്ചു നിന്ന് കിവീസിനെ അൻപത് കടത്തി. വലം കയ്യനായ വിൽ യങ്ങിനെയും അശ്വിൻ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു. പിന്നീട് വന്ന കോണ്‍വെയും രചിന്‍ രവീന്ദ്രയും ചേർന്ന് കിവീസിനെ രക്ഷിക്കും എന്ന നിലയിലെത്തി. സ്കോര്‍ 138ല്‍ നിൽക്കുമ്പോൾ കോണ്‍വെയെയും ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ച് അശ്വിൻ ആ കൂട്ടുകെട്ട് പൊളിച്ചു.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരം എന്ന നേട്ടവും ഇതോടെ അശ്വിൻ തന്റെ പേരിലാക്കി. ഓസ്ട്രേലിയയുടെ നഥാൻ ലിയോണിന്റെ പേരിലുള്ള റെക്കോർഡാണ് അശ്വിൻ തിരുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News