രണ്ടാം ടെസ്റ്റിലും ന്യൂസീലന്‍ഡിനു മുന്നില്‍ കളിമറന്ന് ദയനീയ തോല്‍വി വഴങ്ങി ഇന്ത്യ. 113 റണ്‍സിനാണ് കിവീസിനു മുന്നിൽ ഇന്ത്യ അടിയറവു പറഞ്ഞത്. രണ്ടാം ഇന്നിങ്‌സില്‍ 359 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ 245 റണ്‍സിന് പുറത്തായി. ബെംഗളൂരുവിന് പിന്നാലെ പൂനെയിലും പരാജയം വഴങ്ങിയതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് നഷ്ടമായി. മിച്ചല്‍ സാന്റ്‌നറിന്റെ ബൗളിങ് മികവിനു മുമ്പിൽ പൂർണമായും ഇന്ത്യൻ ബാറ്റർമാർ അടിയറവ് പറയുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ ഏഴും, രണ്ടാം ഇന്നിങ്സിൽ ആറും വിക്കറ്റാണ് സാന്റ്‌നർ പിഴുതത്.
2012ന് ശേഷം ആദ്യമായാണ് സ്വന്തം മണ്ണില്‍ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര പരാജയപ്പെടുന്നത്. ചരിത്രത്തിലാദ്യമായാണ് കിവീസ് ഇന്ത്യയിൽ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്.
65 പന്തില്‍ 77 റണ്‍സെടുത്ത ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 30 സിക്സറുകള്‍ വാരിക്കൂട്ടിയ ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും യശസ്വി ജയ്സ്വാള്‍ സ്വന്തമാക്കി.
വാലറ്റത്ത് രവീന്ദ്ര ജഡേജയും (42) ജസ്പ്രീത് ബുംറയും (10) ചെറുത്ത് നിൽപ്പിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടക്കത്തിൽ തന്നെ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശര്‍മയെ (8) നഷ്ടമായി. എങ്കിലും ഗില്ലിനെ കൂട്ടുപിടിച്ച് ജെയ്സ്വാൾ സ്കോർ ബോർഡ് ഉയർത്തി. 23 റൺസെടുത്ത് നിൽക്കുമ്പോൾ ഗില്ലിനെ ഡാരില്‍ മിച്ചലിന്റെ കൈകളിൽ സാന്റ്‌നർ എത്തിച്ചു.
ജെയ്സ്വാളിനെയും സാന്റ്‌നര്‍ ടീം സ്കോർ 127 ൽ നിൽക്കുമ്പോൾ പുറത്താക്കി. പിന്നാലെയെത്തിയ ഋഷഭ് പന്തിന് സ്കോർ ബോർഡിലേക്ക് ഒന്നും സംഭാവന ചെയ്യാൻ സാധിക്കാതെ റണ്ണൗട്ടായി. തൊട്ടു പിന്നാലെ 17 റൺസെടുത്ത് നിന്ന വിരാട് കോഹ്‌ലിയെ സാന്റ്‌നര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി.
Also Read: നെറ്റ് പ്രാക്ടീസ് കൊണ്ടുമാത്രം സ്പിന്നിനെ നേരിടാന്‍ കഴിയില്ല; കോഹ്‌ലിയെ വിമർശിച്ച് കുംബ്ലെ
ഒമ്പത് റണ്‍സെടുത്ത സര്‍ഫറാസ് ഖാനെ ക്രീസിൽ പിടിച്ചു നിൽക്കാൻ സാധിക്കും മുമ്പെ സാന്റ്‌നര്‍ ക്ലീന്‍ ബൗള്‍ഡാക്കി. വാഷിംഗ്ടണ്‍ സുന്ദറെ ഡാരില്‍ മിച്ചലും പുറത്താക്കിയതോടെ ഇന്ത്യയുടെ നില 167-7 എന്ന നിലയിലായി.
രവിചന്ദ്രന്‍ അശ്വിന്‍ (18) പൊരുതി നോക്കിയെങ്കിലും സാന്റ്‌നർ തന്നെ അശ്വിനെയും കൂടാരം കയറ്റി തന്റെ രണ്ടാം ഇന്നിങ്സിലെ വിക്കറ്റ് നേട്ടം ആറാക്കി.
സ്‌കോര്‍ ന്യൂസിലാന്‍ഡ് ഒന്നാം ഇന്നിങ്സിൽ 259, ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 156. ന്യൂസിലാന്‍ഡ് രണ്ടാം ഇന്നിങ്സിൽ 255 റണ്‍സില്‍ ഓള്‍ ഔട്ട്. ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 245 ഓൾ ഔട്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here