ലോക കിരീടവുമായി തിരികെയെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ജന്മ നാടിൻ്റെ ഊഷ്മള സ്വീകരണം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ആയിരുന്നു താരങ്ങളുടെ പ്രഭാത ഭക്ഷണം. മുംബൈയിൽ ബി സി സി ഐ യുടെ നേതൃത്വത്തിൽ വിപുലമായ സ്വീകരണവും ആഘോഷങ്ങളുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. 17 വർഷത്തെ കാത്തിരിപ്പ്. രാജ്യത്തിൻറെ അഭിമാന താരങ്ങൾ ലോക കിരീടവുമായി ജന്മനാട്ടിലേക്ക് പറന്നിറങ്ങി. പുലർച്ചെ മുതൽ തന്നെ ദില്ലി വിമാനത്താവളത്തിൽ കാത്തുനിന്ന ആരാധകർ ആർപ്പുവിളികളും ആരവങ്ങളുമായാണ് താരങ്ങളെ വരവേറ്റത്.
Also Read: 2026 ഫുട്ബോള്‍ ലോകകപ്പില്‍ ക്രിസ്റ്റ്യാനോ കളിക്കുന്നത് ചിന്തിക്കാന്‍ ആവുന്നില്ല; അലക്സ് ഫെര്‍ഗൂസന്‍
രോഹിത് ശർമയും, വിരാട് കോഹ്ലിയും, രവീന്ദ്ര ജഡേജയും, ഹാർദിക് പാണ്ഡ്യയും, സൂര്യ കുമാർ യാദവും, സഞ്ജു വി സാംസനും അടങ്ങുന്ന ഇന്ത്യൻ താരങ്ങൾ വിമാനത്താവളത്തിൽ നിന്നും സ്വകാര്യ ഹോട്ടലിലേക്ക് പോയ ബസിനു ചുറ്റും ആരാധകർ തടിച്ചു കൂടി. രാഹുൽ ദ്രാവിഡിന്റെ പ്ലക്കാർഡുകൾ ഉയർത്തിയും വിരാട് കോഹ്ലിയെയും ഇന്ത്യൻ ടീമിനെയും ശരീരത്ത് ടാറ്റൂ പതിപ്പിച്ചും ക്രിക്കറ്റ് ജേഴ്സി അണിഞ്ഞും ആരാധകർ എത്തിയതോടെ വിമാനത്താവളം ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമാനമായി മാറി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു താരങ്ങൾക്ക് പ്രഭാത ഭക്ഷണം.
കിരീട ജേതാക്കളെ നരേന്ദ്ര മോദി അഭിനന്ദിച്ചു. ലോക കിരീടവുമായി വിമാനത്തിനുള്ളിൽ നൃത്തം വച്ച രോഹിത് ശർമ ദില്ലിയിലെ ഹോട്ടലിലേക്ക് പോകുന്നതിനിടയിലും വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ നൃത്തം തുടർന്നു. വൈകിട്ട് മുംബൈയിലാണ് ബിസിസിഐയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ. ട്രോഫിയുമായി താരങ്ങൾ മുംബൈ നഗരത്തിൽ റോഡ് ഷോ നടത്തും. വാങ്കട സ്റ്റേഡിയത്തിലാണ് ബി സി സി ഐ സ്വീകരണ പരിപാടി ഒരുക്കിയിട്ടുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here