ബോക്സിങിൽ ഇക്കുറിയും മികച്ച പ്രതീക്ഷകളുമായാണ് ഇന്ത്യ പാരിസിലെത്തിയത്. ആറംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ബോക്സിങ് ഇടികൂട്ടിൽ ഇറങ്ങുന്നത്. വിജേന്ദർ സിംഗിനെയും, മേരി കോമിനെയും പോലെ ബോക്സിങിൽ, പാരിസിൽ പുതിയ ഒരു താരോദയമുണ്ടാകും എന്ന പ്രതീക്ഷയിലാണ് കായിക പ്രേമികൾ
പാരിസിലും ഒരുപിടി പ്രതീക്ഷകളുമായാണ് ടീം ഇന്ത്യ ബോക്സിങ് ഇടിക്കൂട്ടിലേക്ക് ഇറങ്ങുന്നത്. രണ്ട് പുരുഷന്മാർ, നാലു വനിതകളുമടക്കം ആറ് പേരാണ് ഇന്ത്യയ്ക്ക് വേണ്ടി ബോക്സിങ് റിങ്ങിലേക്ക് ഇറങ്ങുന്നത്. മൂന്ന് വെങ്കല ഒളിംപിക് മെഡലുകളാണ് ബോക്സിങ് ഇടികൂട്ടിൽ നിന്ന് നാളിതുവരെ ഇന്ത്യയുടെ സമ്പാദ്യം. 2008ൽ വിജേന്ദർ സിംഗ്, 2012ൽ മേരി കോം, 2020ൽ ലവ്‍ലിന ബോർഗോഹെയിൻ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ബോക്സിങ് റിങ്ങിൽ നിന്ന് മെഡൽ കൊയ്യതത്. പാരിസിലും പ്രതീക്ഷയായി ലവ്‍ലിനയുണ്ട്.
രണ്ട് ഒളിംപിക്സുകളില്‍ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബോക്സിങ് താരമാവുക എന്ന് മാത്രമല്ല, ടോക്യോയിൽ നേടിയ വെങ്കലം, പാരിസിൽ സ്വർണമാക്കുക എന്നതാണ് ലവ്‌ലിനയുടെ ലക്ഷ്യം. ടോക്കിയോയിൽ 69 കിലോ വിഭാഗത്തിലാണ് മത്സരിച്ചതെങ്കിൽ, പാരിസിൽ 75 കിലോയിലാണ് ലവ്‌ലിന മത്സരിക്കുന്നത്. എന്നാൽ, ഈ വർഷം എടുത്തു പറയത്തക്ക വലിയ നേട്ടങ്ങളും ലവ്‌ലിനയുടെ പേരിലില്ല എന്നാണ് ഇന്ത്യന്‍ ക്യാമ്പിന്‍റെ ആശങ്ക. ആദ്യ റൗണ്ടില്‍ നോര്‍വേ താരം സന്നിവ ഹോഫ്സ്റ്റാഡാണ് ലവ്‌ലിനയുടെ എതിരാളി.
രണ്ട് തവണ ലോക ചാമ്പ്യനായ നിഖാത് സരിന്‍റെ ആദ്യ ഒളിമ്പിക്സാണ് പാരിസിലേത്. സ്വർണത്തിൽ കുറഞ്ഞതൊന്നും നിഖാത് പ്രതീക്ഷിക്കുന്നില്ല. 50 കിലോ വിഭാഗത്തില്‍ നിഖാത് സരീന് ആദ്യ റൗണ്ടില്‍ ജര്‍മ്മനിയുടെ മാക്‌സി കാരിന ക്ലോയിറ്റ്‌സറാണ് എതിരാളി. ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച അമിത് പങ്കൽ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് വെങ്കല മെഡല്‍ ജേതാവും ആഫ്രിക്കന്‍ ഗെയിംസ് ചാമ്പ്യനുമായ പാട്രിക്ക് ചിന്യേംബയാണ് എതിരാളി.
അതേസമയം, ലോക ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം 71 കിലോ ഗ്രാം വിഭാഗത്തില്‍ വെങ്കലം നേടിയ ഇന്ത്യയുടെ നിഷാന്ത് ദേവിന് ആദ്യ റൗണ്ടില്‍ ബൈ ലഭിച്ചപ്പോള്‍, അടുത്ത റൗണ്ടില്‍ ഇക്വഡോറിന്റെ റോഡ്രിഗസ് ടോണോറിയയെ നേരിടും. ബോക്സിങിൽ സെമിയിലെത്തുന്ന എല്ലാവർക്കും മെഡലുണ്ട്. അതായത് ഒരു മെഡല്‍ നേടാൻ വേണ്ടത് മൂന്ന് ജയം മാത്രം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here