മൂന്നാം ഏകദിനത്തില്‍ അയര്‍ലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍. 304 റണ്‍സിന്റെ വന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പരമ്പരയും ഇന്ത്യ തൂത്തുവാരി. ഇന്ത്യയുടെ ഏകദിനത്തിലെ ഏറ്റവും വലിയ ജയമാണിത്.
ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെയും ഓപണര്‍ പ്രതിക റാവലിന്റെയും തകര്‍പ്പന്‍ സെഞ്ചുറികളുടെ പിന്‍ബലത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 435 എന്ന ചരിത്ര ടോട്ടലാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. ഇന്ത്യന്‍ വനിതകളുടെ എക്കാലത്തേയും വലിയ സ്കോറും വനിതാ ഏകദിനത്തിലെ നാലാം ടോട്ടലുമാണിത്. പ്രതിക റാവലാണ് കളിയിലെയും പരമ്പരയിലെയും താരം. ഇന്ത്യന്‍ ബോളിങ് താരം ദീപ്തി ശര്‍മ മൂന്നും തനൂജ കന്‍വാര്‍ രണ്ടും വിക്കറ്റുകള്‍ പിഴുത് അയര്‍ലാന്‍ഡിന്റെ അന്തകരായി. ടൈറ്റസ് സധു, സയാലി സാത്ഗഢെ, മിന്നു മണി എന്നിവര്‍ ഒന്നുവീതം വിക്കറ്റെടുത്തു. അയര്‍ലാന്‍ഡ് ബാറ്റിങ് നിരയില്‍ 41 റണ്‍സ് എടുത്ത ഓപണര്‍ സാറ ഫോബ്സ് ആണ് ടോപ് സ്കോറര്‍. ഒര്‍ല പ്രെന്‍ഡെര്‍ഗാസ്റ്റ് 36 റണ്‍സെടുത്തു. മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. 31.4 ഓവറില്‍ 131 റണ്‍സെടുത്ത് എല്ലാവരും കൂടാരം കയറി.
Read Also: സ്മൃതി മന്ദാനയ്ക്ക് പുതിയ റെക്കോര്‍ഡ്; വേഗമേറിയ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരി
രാജ്കോട്ടിലെ മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മന്ദാന, അതിവേഗ സെഞ്ചുറിയാണ് നേടിയത്. 70 ബോളില്‍ 100 കടക്കാനും 80 ബോളില്‍ 135 റണ്‍സ് നേടാനും സാധിച്ചു. ഏഴ് സിക്സറുകളും 12 ബൗണ്ടറികളുമാണ് മന്ദാന അടിച്ചുകൂട്ടിയത്. കട്ടയ്ക്ക് സപ്പോര്‍ട്ടുമായി പ്രതികയുമുണ്ടായിരുന്നു. 129 ബോളില്‍ 154 റണ്‍സ് ആണ് അവര്‍ എടുത്തത്. 20 ബൗണ്ടറികളും ഒരു സിക്സുമാണ് പ്രതികയുടെ സമ്പാദ്യം. റിച്ച ഘോഷ് അര്‍ധ സെഞ്ചുറി നേടി. തേജല്‍ ഹസബ്നിസ് 28ഉം ഹര്‍ലീന്‍ ഡ്യോള്‍ 15ഉം റണ്‍സ് നേടി. അയര്‍ലാന്‍ഡ് ബോളിങ് നിരയില്‍ ഒര്‍ല പ്രെന്‍ഡെര്‍ഗാസ്റ്റ് രണ്ടും ആര്ലീന് കെല്ലി, ഫ്രെയ സര്‍ജെന്റ്, ജോര്‍ജിന ഡെംപ്സീ എന്നിവര്‍ ഒന്നു വീതവും വിക്കറ്റ് കൊയ്തു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here