ജമ്മു കശ്മീരില്‍ ബിജെപിയെ തകര്‍ത്ത് ഇന്ത്യാ സഖ്യം; 90 അംഗ നിയമസഭയില്‍ സഖ്യത്തിന് കേവല ഭൂരിപക്ഷം

Election result

ജമ്മു കശ്മീരില്‍ ബിജെപിയെ തകര്‍ത്ത് ഇന്ത്യാ സഖ്യം. 90 അംഗ നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, സിപിഐഎം സഖ്യം കേവല ഭൂരിപക്ഷം നേടിയപ്പോള്‍ മെഹബൂബ മുഫ്തിയുടെ പിഡിപി തകര്‍ന്നടിഞ്ഞു. ജമ്മു കശ്മീരിനെ കീറിമുറിച്ച് അധികാരങ്ങള്‍ കവര്‍ന്നെടുത്ത കേന്ദ്രസര്‍ക്കാരിനോടുളള ജനവിധി കൂടിയായി മാറി ബിജെപിയുടെ പരാജയം.

Also Read; ‘സംഘർഷങ്ങൾ തുടർന്നാൽ ആണവായുധം പ്രയോഗിക്കും’; അമേരിക്കയ്ക്കും ദക്ഷിണ കൊറിയയ്ക്കും കിം ജോങ് ഉന്നിന്റെ മുന്നറിയിപ്പ്

ജമ്മു കശ്മീരില്‍ ഇന്ത്യാ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം നല്‍കിയായിരുന്നു കശ്മീര്‍ ജനവിധി. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് അധികാരങ്ങള്‍ കവര്‍ന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ജനാധിപത്യ അവകാശത്തിലൂടെ കശ്മീര്‍ ജനത മറുപടി നല്‍കി. 90 അംഗ സഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, സിപിഐഎം സഖ്യത്തിന് 49 സീറ്റുകളോടെ വ്യക്തമായ ഭൂരിപക്ഷം. ബിജെപി 29 സീറ്റില്‍ ഒതുങ്ങി. 42 സീറ്റുമായി നാഷണല്‍ കോണ്‍ഫറന്‍സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. ഒമര്‍ അബ്ദുളള മുഖ്യമന്ത്രിയാകുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുളള പ്രഖ്യാപിച്ചു.

കോണ്‍ഗ്രസ് ആറ് സീറ്റുകള്‍ നേടിയപ്പോള്‍, കുല്‍ഗാമില്‍ സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി ചെങ്കൊടി പാറിച്ചു. ഒറ്റയ്ക്ക് മത്സരിച്ച മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പിഡിപി തകര്‍ന്നടിഞ്ഞു. കന്നിയങ്കത്തിനിറങ്ങിയ മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി ശ്രീഗുഫ്വാര ബിജ്‌ബെഹ്‌റ മണ്ഡലത്തില്‍ തോല്‍വി ഏറ്റുവാങ്ങി. ഡോഡ മണ്ഡലത്തില്‍ മത്സരിച്ച മെഹ് രാജ് മാലിക്കിലൂടെ ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നതും ശ്രദ്ധേയമായി.

Also Read; ഹിസ്ബുള്ള നേതാവ് സുഹൈൽ ഹുസെയ്‌ൻ ഹുസൈനി കൊല്ലപ്പെട്ടതായി റിപ്പാർട്ട്

എന്‍ജിനിയര്‍ റഷീദ് എംപിയുടെ അവാമി ഇത്തിഹാദ് പാര്‍ട്ടിയും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ഗുലാം നബി ആസാദ് രൂപം നല്‍കിയ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടിയും തിരിച്ചടി നേരിട്ടു. അധികാരത്തിലെത്താന്‍ നിരോധിത സംഘടനയായ ജമാ അത്തെ ഇസ്ലാമിയുമായി നിഴല്‍ സഖ്യം ഉണ്ടാക്കിയ ബിജെപിക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നൗഷേര മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ട രവീന്ദര്‍ റെയ്‌ന ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവി രാജിവയ്ക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here