കവടി നിരത്തി കാശ് കളഞ്ഞിട്ട് കാര്യമില്ല; കഴിവുള്ളവരെ കളത്തിലിറക്കണം; ഫിഫ റാങ്കിങ്ങില്‍ കൂപ്പ് കുത്തി ഇന്ത്യ

ഫിഫ ലോകകപ്പില്‍ ടീമംഗങ്ങളെ സെലക്ട് ചെയ്യാന്‍ ജ്യോത്സ്യന് ലക്ഷങ്ങള്‍ വീശിയതൊക്കെ വെറുതെയായി. ലോകറാങ്കിംഗില്‍ 102ാം സ്ഥാനത്ത് നിന്ന് 117ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി വീണിരിക്കുകയാണ് ഇന്ത്യ. ഏഴു വര്‍ഷത്തിനിടയിലെ ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിങ്ങാണിത്.
ഏഷ്യന്‍ കപ്പില്‍ കളിച്ച മൂന്നു മത്സരങ്ങളും ഇന്ത്യ തോറ്റിരുന്നു. 102ല്‍ നിന്ന് 15 സ്ഥാനങ്ങള്‍ പിറകോട്ട് പോയാണ് ഇന്ത്യ 117ലെത്തിയത്.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുത്തത് ജ്യോത്സന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ദില്ലി സ്വദേശിയായ ഭൂപേഷ് ശര്‍മ്മയെന്ന ജ്യോത്സന്റെ നിര്‍ദേശപ്രകാരമാണ് ടീമില്‍ കളിക്കാരെ തെരഞ്ഞെടുത്തതെന്നും ഇന്ത്യന്‍ പരിശീലകന്‍ സ്റ്റിമാക് കളിക്കാരുടെ വിവരങ്ങള്‍ കൈമാറിയെന്നും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു. കഴിവുള്ള പല കളിക്കാരും രാജ്യത്തിനുവേണ്ടി കളിക്കാത്തത് ജോത്സ്യന്റെ അനുമതി ഇല്ലാത്തതു കൊണ്ടാണെന്ന വിചിത്രമായ സത്യം ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യക്ക് നേടി കൊടുക്കുന്ന അപമാനം ചില്ലറയല്ല.

നാലു മത്സരങ്ങളുടെ പേരില്‍ ഭൂപേഷ് ശര്‍മ്മ 12 മുതല്‍ 15 വരെ ലക്ഷം രൂപ കൈപ്പറ്റി. ഓരോ കളിക്കാരുടെയും പേരും മറ്റു വിവരങ്ങളും കൊച്ച് സ്റ്റിമാക് ജ്യോത്സ്യന് കൈമാറുകയും ഇവരില്‍ ഓരോരുത്തരെയും വിലയിരുത്താന്‍ പറയുകയുമായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന നിര്‍ണായക ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടുന്നതിന് 48 മണിക്കൂര്‍ മുമ്പായിരുന്നു ഇതെന്നും വെളിപ്പെടുത്തലിലുണ്ട്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ അപ്രതിക്ഷിതമായി ചില താരങ്ങള്‍ ടീമില്‍ ഇടം പിടിക്കാതെ പോയത് ജോത്സ്യന്റെ ഉപദേശപ്രകാരമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്.

Also Read:  സര്‍ഫറാസിന്റെ റണ്ണൗട്ടിന് പിന്നിൽ ജഡേജ, ഒടുവിൽ മാപ്പ് പറഞ്ഞ് താരം

ഒരു രാജ്യത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നായ് ആ രാജ്യത്തിന്റെ ഫുട്ബോള്‍ ടീം തന്നെ അശാസ്ത്രിയത പിന്തുടരുന്നത് ലജ്ജാകരമാണ്. എല്ലാ പൗരന്മാരും ശാസ്ത്രീയമായ അവബോധം വളര്‍ത്തിയെടുക്കണമെന്ന് ഭരണഘടനയില്‍തന്നെ പറയുന്ന ഒരു രാജ്യത്താണ് ഇതൊക്കെ നടക്കുന്നത് എന്നതാണ് മറ്റൊരു കൗതുകം.

1956ല്‍ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ ഇന്ത്യ ആതിഥേയരായ ഓസ്‌ട്രേലിയയെ 4-2 ന് തോല്‍പ്പിച്ച് സെമി ഫൈനല്‍ പ്രവേശനം ഉറപ്പിച്ചു. അന്ന് ടീം നയിച്ചിരുന്നത് സമര്‍ ബാനര്‍ജിയും പരിശീലിപ്പിച്ചത് അബ്ദുറഹീമുമായിരുന്നു. ഇത്തരമൊരു പാരമ്പര്യമുള്ള ഇന്ത്യന്‍ ടീം ഫിഫയുടെ ആദ്യ 100 റാങ്കിങ്ങില്‍ എത്താന്‍ വെള്ളംകുടിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. അടിസ്ഥാന ഫുട്‌ബോള്‍ സൗകര്യങ്ങളുടെ അപര്യാപ്തതയും അടുത്തകാലത്തായി ഇന്ത്യന്‍ ഫുട്‌ബോളില്‍ വളര്‍ന്നുവന്ന അശാസ്ത്രീയ പ്രവണതകളും ആണ് ഇതിന് കാരണമെന്ന് വ്യക്തമാണ്

ഇന്ത്യയേക്കാള്‍ പിന്നിന്‍ നിന്ന ഖത്തര്‍ അടക്കമുള്ള ചെറിയ രാജ്യങ്ങള്‍ വരെ ലോകകപ്പില്‍ കളിക്കുമ്പോള്‍ ഇന്ത്യക്കാര്‍ ഇപ്പോഴും മറ്റു രാജ്യങ്ങളുടെ ആരാധകന്മാരായി നില്‍ക്കുകയാണ്. ഇന്ത്യന്‍ ഫുട്ബോള്‍ പിന്തുടരുന്നത് അശാസ്ത്രീയ നടപടികളാണ്. കവടി നിരത്താന്‍ നല്‍കുന്ന പണം ഇന്ത്യന്‍ ഫുട്ബോളിന്റെ വികസനത്തിനും അടിസ്ഥാന സൗകര്യത്തിമുമായാണ് ഉപയോഗിക്കേണ്ടതെന്ന് ഇപ്പോളെങ്കിലും മനസിലാക്കിയില്ലെങ്കില്‍ മറ്റ് രാജ്യങ്ങല്‍ക്കൊപ്പം എത്താന്‍ ഇന്ത്യ ഒരുപാട് കിതക്കേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News