സൈബർ സുരക്ഷാ മേഖലയിൽ ഈ വർഷത്തെ ഇന്ത്യൻ ഐക്കൺ അവാർഡ് കേരളത്തിലെ സ്റ്റാർട്ടപ്പ് കമ്പനി ടെക് ബൈ ഹാർട്ടിന്

സൈബർ സുരക്ഷ മേഖലയിൽ ദേശീയ അംഗീകാരം സ്വന്തമാക്കി കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ്. കൊച്ചിയിൽ പ്രവർത്തിക്കുന്ന ടെക് ബൈ ഹാർട്ടാണ് ഈ വർഷത്തെ ഇന്ത്യൻ ഐക്കൺ അവാർഡിന് അർഹരായത്. ഗ്ലോബൽ ചേമ്പർ ഓഫ് കൺസ്യൂമർ റൈറ്റ്സ്,കൈറ്റ്സ് ക്രാഫ്റ്റ് പ്രൊഡക്ഷൻ എന്നിവർ ചേർന്ന് നൽകുന്ന അവാർഡ് ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പ് സ്ഥാപനത്തിന് ലഭിക്കുന്നത്. ന്യൂദില്ലിയിലെ ദ്വാരകയിൽ നടന്ന ചടങ്ങിൽ ടെക് ബൈ ഹാർട്ട് സി.ഇ.ഒ സജാദ് ചെമ്മുക്കൻ മുൻ പുതുച്ചേരി ഗവർണർ കിരൺ ബേദിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

വിവിധ മേഖലകളിലായി 150ഓളം കമ്പനികൾ പങ്കെടുത്ത സമ്മേളനത്തിലായിരുന്നു അവാർഡിന് അർഹരായത്. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും, വിവിധ സ്ഥാപനങ്ങളിലെ പ്രൊഫഷനലുകൾക്കും നൽകി വരുന്ന ബോധവൽക്കരണ ക്ലാസുകളും സൈബർ സെക്യൂരിറ്റിയുടെ അനന്തസാധ്യതകളിലേക്ക് വിദ്യാർഥികളെ നയിക്കുന്നതിനായി നടത്തുന്ന ക്ലാസുകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി നൂറുകണക്കിന് സ്ഥാപനങ്ങളിലാണ് ഇതിനോടകം ബോധവൽക്കരണ ക്ലാസുകൾ നടത്തിയിട്ടുള്ളത്.

Also Read: കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റി മീറ്ററായി ഉയര്‍ത്തും

മൂന്ന് മാസം മുൻപ് ഇന്ത്യയിൽ സൈബർ സുരക്ഷ മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും മികച്ച സ്റ്റാർട്ടപ്പിനുള്ള ഗ്ലോബൽ ഇൻസ്പിരേഷൻ അവാർഡും കമ്പനിയെ തേടിയെത്തിയിരുന്നു. ലോക പ്രശസ്ത സന്നദ്ധ സംഘടനകളായ വേൾഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനും ട്രൈഡന്റ് കമ്മ്യൂണിക്കേഷനും ചേർന്ന് നൽകിയ പുരസ്കാരം ഈ മേഖലയിലെ ഏറ്റവും പ്രധാന ബഹുമതികളിലൊന്നാണ്.

നിലവിൽ സ്ഥാപനത്തിന്റെ ചെയർമാനായ ശ്രീനാഥ് ഗോപിനാഥും സി.ഇ.ഓ സജാദ് ചെമ്മുക്കനും ചേർന്ന് 2017ൽ സ്റ്റാർട്ടപ്പായി ആരംഭിച്ച സംരംഭം വളരെ പെട്ടെന്നായിരുന്നു പടർന്ന് പന്തലിച്ചത്. കൊച്ചിക്ക് പുറമേ കോട്ടക്കൽ, കണ്ണൂർ, ബെംഗളൂരു, ദുബൈ എന്നിവിടങ്ങളിലായി ഏഴ് ഓഫീസുകളാണ് പ്രവർത്തിക്കുന്നത്. 50ലധികം ജീവനക്കാരാണ് ഈ ഓഫീസുകളിലായി ജോലി ചെയ്യുന്നത്.

Also Read: കേരളത്തിൽ യൂസഫലിയുടെ മാതൃകാ നഗരം വരണം, അവിടെ സ്‌കൂളും ആരാധനാലയങ്ങളും വേണം: തുറന്ന കത്തെഴുതി സുഹൃത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here