യുവാക്കളെ മോഡിഫൈ ചെയ്ത് കേരളത്തെ മാറ്റിമറിക്കാമെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യാമോഹമെന്ന് ഐഎന്‍എല്‍. ഹിന്ദുരാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ കരുത്തുള്ളതാണ് സംസ്ഥാനത്തിന്റെ മതനിരപേക്ഷ പാരമ്പര്യം. കൊച്ചിയില്‍ നടന്ന യുവം 2023 ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പായിരുന്നു. ഏറെ പ്രതീക്ഷയോടെ വന്ന ഒരു പറ്റം യുവാക്കളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിരാശരാക്കിയെന്നും ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവിലും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും പറഞ്ഞു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടമാടുന്ന സാമൂഹിക സംഘര്‍ഷങ്ങളും രാഷ്ട്രീയ അരാജകത്വവും വികസന മുരടിപ്പും കണ്ട് ഭയവിഹ്വലരായ കേരളീയര്‍ക്ക് മുന്നില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ഗോവയും മാതൃകയായി അവതരിപ്പിച്ചതിലൂടെ മോദി കൂടുതല്‍ ചെറുതായി. പ്രളയത്തിന്റെയും കൊവിഡിന്റേയും ദുരിതകാലത്ത് പ്രത്യേക സഹായം നല്‍കാതെ സംസ്ഥാനത്തെ വരിഞ്ഞു മുറുക്കാന്‍ ശ്രമം നടത്തിയത് ആരും മറന്നിട്ടില്ല. വര്‍ഗീയമായി ചിന്തിക്കുന്നവര്‍ക്ക് മാത്രമേ ബിജെപി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെ വാരിപ്പുണരാന്‍ സാധിക്കൂ. മോദിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് കാല്‍ക്കല്‍ വീഴുന്നവര്‍ നാളെ ദുഃഖിക്കേണ്ടിവരും. വന്ദേ ഭാരത് കേരളത്തിന്റെ അവകാശമാണ്. വന്ദേ ഭാരതിനെ ബിജെപി രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നത് ജനം തിരിച്ചറിയുമെന്നും ഐഎന്‍എല്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here