ഇന്ത്യൻ പാര്‍ലമെന്‍റ് ഇന്നും പ്രഷുബ്ധം. രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍ഖറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയവും വാര്‍ത്താ സമ്മേളനവും സോറോസ് വിഷയവും രാജ്യസഭയെ ഇന്നും ബഹളമയമാക്കി. രാജ്യസഭ രണ്ട് മണിവരെ പിരിഞ്ഞു. രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍ഖറിനെതിരായ അവിശ്വാസപ്രമേയവും പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ വാര്‍ത്താസമ്മേളനവും ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി ജെപി നദ്ദ നടത്തിയ പ്രസ്താവനയാണ് ബഹളത്തില്‍ കലാശിച്ചത്.
പതിവ് പോലെ ഇന്നും വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസുകള്‍ രാജ്യസഭാ ചെയര്‍മാന്‍ അനുവദിച്ചില്ല. അഹമ്മദാബാദ് ഹൈക്കോടതി ജഡ്ജി എസ് കെ യാദവിന്റെ വിദ്വേഷ പ്രസംഗം, ദില്ലിയിലെ ക്രമസമാധാനം, അദാനി ഉള്‍പ്പെടെ പ്രതിപക്ഷം ആറ് അടിയന്തര പ്രമേയ നോട്ടീസുകളാണ് നൽകിയത്.
മാത്രമല്ല, പ്രതിപക്ഷത്തിന് സംസാരിക്കാന്‍ സമയം അനുവദിക്കാതെ ജെപി നദ്ദയ്ക്ക് കൂടുതല്‍ അവസരം നല്‍കുകയും ചെയ്തു. ജഗദീപ് ധന്‍ഖറിനൊപ്പമെന്ന് പ്രഖ്യാപിച്ച ജെപി നദ്ദ, ചെയര്‍മാന്‍ പദവിയെ വിമര്‍ശിക്കുവാനോ ചോദ്യം ചെയ്യാനോ പ്രതിപക്ഷത്തിന് അവകാശമില്ലെന്ന് വ്യക്തമാക്കി. സോണിയഗാന്ധിയും ജോര്‍ജ് സോറോസും തമ്മിലുളള ബന്ധം വ്യക്തമാക്കണമെന്നും ജെപി നദ്ദ ആവശ്യപ്പെട്ടു.
ഇതോടെ ഭരണ – പ്രതിപക്ഷ എംപിമാര്‍ തമ്മില്‍ വാക് പോര് രൂക്ഷമാകുകയും ഉച്ചവരെ പിരിയുകയുമായിരുന്നു. പാര്‍ലമെന്റിന് പുറത്ത് ഇന്നും അദാനി വിഷയത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. സോറോസ് വിഷയം ഉയര്‍ത്തി പോസ്റ്റുകളുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങും സഭയുടെ കവാടത്തില്‍ പ്രതിഷേധിക്കുകയും ചെയ്തു. അതേസമയം ലോക്‌സഭയില്‍ ചോദ്യോത്തര വേള പുരോഗമിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here