ഇസ്രയേല്‍ ആക്രമണം രൂക്ഷമായിരിക്കുന്ന ഗാസയില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. റാഫയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേര്‍ക്ക് ആക്രമണം ഉണ്ടാകുകയായിരുന്നു. ഇദ്ദേഹം ഇന്ത്യന്‍ ആര്‍മി മുന്‍ ഉദ്യോഗസ്ഥനായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഗാസയില്‍ കൊല്ലപ്പെടുന്ന ആദ്യ യുഎന്‍ സ്റ്റാഫ് അംഗമാണ്.
എന്നാല്‍ കൊല്ലപ്പെട്ട ഇന്ത്യാക്കാരന്റെ പേരുവിവരങ്ങള്‍ യുഎന്‍ പുറത്തു വിട്ടിട്ടില്ല. റാഫയിലെ യൂറോപ്യന്‍ ഹോസ്പിറ്റലിലേക്ക് പോകുകയായിരുന്നു യുഎന്‍ സംഘം. യുണൈറ്റഡ് നേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റിയിലെ (ഡിഎസ്എസ്) സ്റ്റാഫ് അംഗമാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. യുഎന്‍ സംഘത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തെ അപലപിച്ച ഗുട്ടെറസ്, ആക്രമണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും, യുഎന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു.
അതേസമയം ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ തുടരുന്നതിനിടയില്‍ വിവിധ ഭാഗങ്ങളില്‍ കനത്ത ആക്രമണവുമായി വീണ്ടും ഇസ്രയേല്‍ രംഗത്തെത്തി. റാഫയ്ക്ക് പുറമെ ജബാലിയ അഭയാര്‍ഥി ക്യാമ്പിലും ഇസ്രായേല്‍ ടാങ്കുകള്‍ കടന്നുകയറി. ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ റാഫയില്‍നിന്ന് 3.6 ലക്ഷം പേര്‍ ആട്ടിയോടിക്കപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ഥി ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎ വ്യക്തമാക്കി.
കിഴക്കന്‍ റാഫ ഒഴിപ്പിക്കാനുള്ള ആദ്യ ഉത്തരവ് കഴിഞ്ഞ ആഴ്ച ഇറങ്ങിയതിന് പിന്നാലെയാണ് മേഖലയില്‍നിന്ന് പലായനം ആരംഭിച്ചത്. ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ ജബലിയയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇസ്രയേല്‍ കടന്നാക്രമണം തുടരുകയാണ്. ക്യാമ്പിന്റെ കിഴക്ക്, മധ്യ ഭാഗങ്ങളിലേക്ക് കടന്നുകയറാന്‍ കൂടുതല്‍ ടാങ്കുകളും സൈനികരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
യുദ്ധടാങ്കുകളുമായി റാഫ അതിര്‍ത്തിയില്‍ കടന്നുകയറിയ ഇസ്രയേല്‍ സൈന്യം ഈജിപ്ത് വഴി റാഫയിലേക്കുള്ള പ്രധാന ഇടനാഴി പിടിച്ചെടുത്തിരുന്നു. ഇതോടെ ഗാസയിലേക്ക് ഇന്ധനവും മറ്റുസഹായങ്ങളുമെത്തിക്കാനുള്ള സാധ്യതകള്‍ അടഞ്ഞു. കിഴക്കന്‍ റാഫയില്‍നിന്ന് ഒരുലക്ഷം പേരോട് ഒഴിയാന്‍ ഇസ്രയേല്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് കൂട്ടപ്പലായനം തുടരുകയാണ്.
പലസ്തീന്‍കാര്‍ അഭയം പ്രാപിച്ച സ്‌കൂളുകളിലേക്കും കനത്ത ആക്രമണമാണ്. 20 മൃതദേഹമാണ് മേഖലയില്‍നിന്ന് കണ്ടെടുത്തത്.24 മണിക്കൂറിനുള്ളില്‍ 57 പേരെ ഇസ്രയേല്‍ കൊന്നൊടുക്കി. ഗാസയിലാകെ കൊല്ലപ്പെട്ടവരുടെ എണ്ണം 35,091 ആയി. റാഫയിലേക്കുള്ള വഴികളെല്ലാം സൈനിക ടാങ്കുകള്‍ വിന്യസിച്ചിരിക്കുകയാണ്.
ഗാസയിലാകെ 36ല്‍ 12 ആശുപത്രികള്‍ മാത്രമാണ് ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നത്. ഹമാസിന്റെ ഖസം ബ്രിഗേഡ്സിന്റെ നേതൃത്വത്തില്‍ പ്രതിരോധ ശ്രമങ്ങളും നടക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here