3-ാം സാമ്പത്തിക ശക്തിയായി രാജ്യത്തെ വളര്‍ത്തിയെന്ന മോദിയുടെ അവകാശവാദം പൊളിയുന്നു; വിദേശ നിക്ഷേപ കമ്പനികള്‍ ഈ മാസം മാത്രം പിന്‍വലിച്ചത് 29000 കോടി രൂപ

Narendra Modi

ലോകത്തെ മൂന്നാമത് സാമ്പത്തികശക്തിയായി രാജ്യത്തെ വളര്‍ത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം പൊളിയുന്നു. ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശ നിക്ഷേപ കമ്പനികള്‍ ഈ മാസം മാത്രം പിന്‍വലിച്ചത് 29000 കോടി രൂപ.

ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് വിദേശ കമ്പനികള്‍ കൂട്ടത്തോടെ പിന്‍വാങ്ങുന്നതിന്റെ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മറ്റുമെന്ന മോദിയുടെ അവകാശമാണ് പൊളിയുന്നത്.

മേയ് മാസം ഇതുവരെ വിദേശ നിക്ഷേപ കമ്പനികള്‍ പിന്‍വലിച്ചത് 29000 കോടി രൂപയാണ്..2023 ജൂണ്‍ 23 നു ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ നഷ്ടമാണിത്..മാസമവസാനിക്കാന്‍ രണ്ടാഴ്ച ബാക്കി നില്‍ക്കെ നഷ്ടമിനിയും ഉയരുമെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍ 10ന് സെന്‍സെക്സ് 74,998.11 എന്ന ഉയര്‍ന്ന നിലയിലും മെയ് മൂന്നിന് നിഫ്റ്റി 22,794.7 എന്ന സര്‍വകാല റെക്കോഡിലും എത്തിയിരുന്നു.

എന്നാല്‍, ഓഹരി വിപണിയിലെ കുതിപ്പ് നേട്ടമായി ഉയര്‍ത്തിക്കാട്ടിയ എന്‍ഡിഎക്കും കേന്ദ്ര സര്‍ക്കാരിനും തിരിച്ചടിയാവുകയായിരുന്നു പിന്നീടുണ്ടായ തകര്‍ച്ച.ഫെബ്രുവരിയില്‍ 1539 കോടി രൂപയും മാര്‍ച്ചില്‍ 35,098 കോടിയും ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ച വിദേശ കമ്പനികള്‍, ഏപ്രിലില്‍ 8700 കോടി രൂപ പിന്‍വലിച്ചു.

തന്റെ ചങ്ങാത്തമുതലാളിമാരായ അംബാനിയും അദാനിയും കോണ്‍ഗ്രസിന് കോടിക്കണക്കിനു കള്ളപ്പണം നല്‍കിയെന്ന മോദിയുടെ ആരോപണം ഭരണപക്ഷത്തിന്റെ തോല്‍വി ഭയമാണ് വെളിപ്പെടുത്തിയതെന്ന നിരീക്ഷണത്തിലാണ് വിദേശ നിക്ഷേപകര്‍.മോദിഭരണത്തോടുള്ള അതൃപ്തിയും ‘സാമ്പത്തിക നവീകരണങ്ങള്‍’ ലക്ഷ്യംകാണാത്തതുമാണ് പിന്‍വാങ്ങലിനു കാരണമെന്നാണ് വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration