കിഴക്കൻ ലഡാക്കിലെ ഡെപ്‌സാങ്, ഡെംചോക്ക് പ്രദേശങ്ങളിൽ നിന്ന് സേനാപിന്മാറ്റം പൂർത്തിയാക്കിയതിന് പിന്നാലെ ധാരണപ്രകാരമുള്ള ഇന്ത്യൻ സേനയുടെ പട്രോളിങ് തുടങ്ങി. കിഴക്കൻ ലഡാക്കിലെ സംഘർഷമേഖലയായിരുന്ന ഡെംചോക്ക് സമതലത്തിലാണ് ഇന്ത്യൻ സേന വെള്ളിയാഴ്‌ച പട്രോളിങ് നടത്തിയത്. മറ്റൊരു സംഘർഷബാധിത മേഖലയായ ഡെപ്‌സാങിലും വൈകാതെ പട്രോളിങ് പുനരാരംഭിക്കും.
ഈ രണ്ട് പോയിന്റിൽനിന്നും ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ ബുധനാഴ്‌ച പൂർണമായി പിൻവാങ്ങിയിരുന്നു. 2020 ജൂലൈയിൽ ലഡാക്കിലെ ഗാൽവനിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് നിയന്ത്രണരേഖ സംഘർഷഭരിതമായിരുന്നു. ദീപാവലി ദിനമായ വ്യാഴാഴ്‌ച യഥാർഥ നിയന്ത്രണ രേഖയായ ചുഷുൽ-–-മോൾഡോ അതിർത്തിമേഖലയിൽ ഇരുസേനകളും പരസ്‌പരം മധുരം കൈമാറി സൗഹൃദം പുതുക്കിയിരുന്നു.
ഗാൽവൻ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരും ചൈനയുടെ നിരവധി സൈനികരും കൊല്ലപ്പെട്ടു. ഇതിനുശേഷം സംഘർഷമേഖലകളിൽ പട്രോളിങ് നടന്നിരുന്നില്ല.
ഒക്‌ടോബറിൽ റഷ്യയിൽ ബ്രിക്‌സ് ഉച്ചകോടിക്ക് മുമ്പായി ചില തർക്കമേഖലകളിൽ ധാരണയായതായി ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു. തുടർന്ന് റഷ്യയിൽ അഞ്ചുവർഷത്തിനിടെ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈന പ്രസിഡന്റ് ഷീ ജിൻപിങും ഉഭയകക്ഷി ചർച്ചയിൽ ഏർപ്പെട്ടിരുന്നു.
Also Read: മഹാരാഷ്ട്രയിലെ ജനങ്ങൾ പകപോക്കൽ രാഷ്ട്രീയം തള്ളിക്കളയുമെന്ന് ശരദ് പവാർ
ആഴ്‌ചയിൽ വ്യത്യസ്‌ത ദിവസങ്ങളിലാണ് ഇരുസേനകളുടെയും പട്രോളിങ് നിശ്ചയിച്ചിരിക്കുന്നത്. ഇരുപതിൽ താഴെ പട്ടാളക്കാർ മാത്രമായി പട്രോളിങ് സംഘങ്ങളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. 1996, 2005 വർഷങ്ങളിൽ ഒപ്പിട്ട കരാർ പ്രകാരം സംഘർഷത്തിൽ തോക്കടക്കം ഉപയോഗിക്കാൻ പാടില്ലന്ന വ്യവസ്ഥയുമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here