ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. അരങ്ങേറ്റ പരമ്പരയിൽ തന്നെ പ്രതിഭ തെളിയിച്ച് മലയാളിയായ മിന്നുമണി. നാലോവറില്‍ വെറും 9 റണ്‍ വിട്ടുകൊടുത്ത മിന്നു മണി നിര്‍ണായകമായ രണ്ട് വിക്കറ്റുകളും വീഴ്ത്തി.ബൗള്‍ ചെയ്തതില്‍ ഒരു മെയ്ഡനടക്കം 2.25 ശരാശരിയിലാണ് മിന്നു മണി തന്റെ സ്‌പെല്‍ പൂര്‍ത്തിയാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ വെറും 95 റണ്‍സില്‍ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ കൃത്യതയോടെ പന്തെറിഞ്ഞപ്പോള്‍ ബംഗ്ലാ വനിതകള്‍ റണ്ണെടുക്കാന്‍ പെടാപ്പാടുപെട്ടു. 20 ഓവറില്‍ അവരുടെ പോരാട്ടം വെറും 87 റണ്‍സില്‍ അവസാനിപ്പിച്ചു. എട്ട് റണ്‍സിന്റെ ത്രില്ലര്‍ വിജയം പിടിച്ചാണ് ഇന്ത്യന്‍ വനിതകള്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനു സ്വന്തമാക്കിയത്.

അവസാന ഓവറില്‍ ബംഗ്ലാദേശിന് 10 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ഈ ഓവര്‍ എറിഞ്ഞ ഷെഫാലി വര്‍മ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഒരു റണ്ണൗട്ടും സൃഷ്ടിച്ചു. മാത്രമല്ല ഈ ഓവറില്‍ ബംഗ്ലാദേശിനു നേടാന്‍ സാധിച്ചത് ഒരു റണ്‍സ് മാത്രവും.

തന്റെ ആദ്യ രണ്ടോവറില്‍ 14 റണ്‍സ് വഴങ്ങിയ ഷെഫാലിയെ തന്നെ അവസാന ഓവര്‍ എറിയാന്‍ ഏല്‍പ്പിച്ച ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ തന്ത്രം അവിശ്വസനീയമാം വിധം ഗ്രൗണ്ടില്‍ നടപ്പാകുന്ന കാഴ്ചയായിരുന്നു മിര്‍പുരില്‍. രണ്ടോവറില്‍ 14 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് പോലും വീഴ്ത്താതിരുന്ന ഷെഫാലിയുടെ സ്‌കോര്‍ കാര്‍ഡ് കളി തീര്‍ന്നപ്പോള്‍ ഇങ്ങനെ- മൂന്നോവറില്‍ 15 റണ്‍സിനു മൂന്ന് വിക്കറ്റുകള്‍. ബാറ്റ് ചെയ്തപ്പോള്‍ 19 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായതും ഷെഫാലി തന്നെ.

ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശിന് രണ്ടാം ഓവറില്‍ ഓപ്പണര്‍ ഷമിമ സുല്‍ത്താനയെ നഷ്ടമായി. മലയാളികളുടെ അഭിമാനം മിന്നു മണിയാണ് താരത്തെ രണ്ടാം പോരിലും മടക്കിയത്. നേരത്തെ ആദ്യ മത്സരത്തിലും ഷമിമയെ വീഴ്ത്തി തന്റെ ആദ്യ രജ്യാന്തര വിക്കറ്റ് മിന്നു നേടിയിരുന്നു.

പിന്നീട് ഒരറ്റത്ത് ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന പിടിച്ചു നിന്നു പോരാട്ടം നയിച്ചെങ്കിലും ഒരാള്‍ പോലും മറുഭാഗത്ത് പിന്തുണയ്‌ക്കെത്തിയില്ല. നിഗര്‍ മാത്രമാണ് ടീമില്‍ രണ്ടക്കം കടന്ന ഏക താരം. 55 പന്തുകള്‍ പ്രതിരോധിച്ച് നിഗര്‍ 38 റണ്‍സ് കണ്ടെത്തി.

നിര്‍ണായകമായ അവസാന ഓവറില്‍ ബംഗ്ലാദേശ് കൂട്ടത്തകര്‍ച്ച തന്നെയായിരുന്നു. അഞ്ച് പന്ത് നേരിട്ട നാല് താരങ്ങള്‍ സംപൂജ്യരായാണ് കൂടാരം കയറിയത്. അവിശ്വസനീയ തകര്‍ച്ചയാണ് ഗ്രൗണ്ടില്‍ അരങ്ങേറിയത്.

also read; മലപ്പുറത്ത് വന്‍ കഞ്ചാവു വേട്ട; 156 കിലോ കഞ്ചാവ് പിടികൂടി

ഷെഫാലി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ദീപ്തി ശര്‍മയും മികച്ച രീതിയില്‍ പന്തെറിഞ്ഞു. താരം നാലോവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് വീഴ്ത്തിയത് മൂന്ന് വിക്കറ്റുകള്‍. മിന്നു മണി നാലോവറില്‍ ഒരു മെയ്ഡനടക്കം ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. അനുഷ് റെഡ്ഡി ഒരു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടി ഇന്ത്യന്‍ വനിതകള്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് മാത്രമാണ് ബോര്‍ഡില്‍ ചേര്‍ത്തത്.

ഒരു താരവും മികവോടെ ബാറ്റ് ചെയ്തില്ല. മലയാളി താരം മിന്നു മണിക്ക് രണ്ടാം പോരിലും അവസരം കിട്ടി. അവസാന ബാറ്ററായി ക്രീസിലെത്തിയ മിന്നു മൂന്ന് പന്തില്‍ ഒരു ഫോര്‍ സഹിതം അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു.

മിന്നുവിനൊപ്പം പൂജ വസ്ത്രാക്കറും പുറത്താകാതെ നിന്നു. താരം മൂന്ന് പന്തില്‍ ഏഴ് റണ്‍സെടുത്തു.

19 റണ്‍സെടുത്ത ഓപ്പണര്‍ ഷെഫാലി വര്‍മായാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സ്മൃതി മന്ധാന (13), യസ്തിക ഭാട്ടിയ (11), ദീപ്തി ശര്‍മ (10), അമന്‍ജോത് കൗര്‍ (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഹര്‍ലീന്‍ ഡിയോണ്‍ ആറ് റണ്‍സും ജെമിമ റോഡ്രിഗസ് എട്ട് റണ്‍സുമായും മടങ്ങി.

also read; നേപ്പാൾ ഹെലികോപ്റ്റർ അപകടം; അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി

ബംഗ്ലാദേശിനായി സുല്‍ത്താന ഖാതും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഫഹിമ ഖാതും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. റബെയ ഖാന്‍, മറുഫ അക്തര്‍, നഹിത അക്തര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News