വിദേശരാജ്യങ്ങളിലെ ജയിലുകളിൽ 8437 ഇന്ത്യക്കാർ കഴിയുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ. വിചാരണ തടവുകാർ ഉൾപ്പെടെയുള്ള കണക്കാണിത്. 87 വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ ഇന്ത്യക്കാർ കഴിയുന്നുണ്ടെന്നും കേന്ദ്രം മറുപടി നൽകി. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ തടവിലുള്ള രാജ്യം യുഎഇ ആണ്. 1966 പേരാണ് ഇവിടെ തടവിൽ കിടക്കുന്നത്. രണ്ടാം സ്ഥാനത്ത് സൗദി അറേബ്യയും (1362) മൂന്നാമത് നേപ്പാളുമാണ് (1222).
എത്ര ഇന്ത്യക്കാർ വിദേശരാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നുണ്ടെന്നും തടവുകാരെ കൈമാറ്റം ചെയ്യുന്നതിന് വിദേശ രാജ്യങ്ങളുമായി കരാറുകൾ ഒപ്പു വെയ്ക്കുന്നത് സംബന്ധിച്ച് എടുത്തിട്ടുള്ള നടപടികളെക്കുറിച്ചുമുള്ള ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്.
യുഎഇ, സൗദിഅറേബ്യ, ഇംഗ്ലണ്ട് എന്നിവയുൾപ്പെടെ 31 രാജ്യങ്ങളുമായി ശിക്ഷ വിധിച്ച വിദേശ ജയിലുകളിലുള്ള തടവുകാരെ ബാക്കിയുള്ള ശിക്ഷാകാലാവധി ഇന്ത്യയിൽ അനുഭവിക്കണമെന്ന വ്യവസ്ഥയോട് കൂടി കൈമാറുന്നതിനുള്ള കരാറുകളിൽ ഇന്ത്യ ഏർപ്പെട്ടിട്ടുണ്ട് എന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇത് കൂടാതെ രണ്ട് രാജ്യാന്തര കൺവെൻഷനുകളിലും ഇന്ത്യ കക്ഷി ചേർന്നിട്ടുണ്ടെന്നും ഇത് പ്രകാരം പ്രസ്തുത കൺവെൻഷനുകളിലെ അംഗരാജ്യങ്ങൾ തമ്മിൽ ശിക്ഷ വിധിച്ച തടവുകാരെ ബാക്കിയുള്ള ശിക്ഷാകാലാവധി സ്വദേശത്ത് അനുഭവിക്കണമെന്ന വ്യവസ്ഥയോട് കൂടി കൈമാറണമെന്ന് ആവശ്യപ്പെടാൻ കഴിയുമെന്നും മറുപടിയിൽ കേന്ദ്രം വിശദീകരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here