ഇന്ത്യയിലെ ആഭ്യന്തര ക്രൂഡ് ഓയില്‍ ഉല്പാദനത്തിന്റെ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നത്: ഡോ ജോണ്‍ ബ്രിട്ടാസ് എംപി

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ആഭ്യന്തര ക്രൂഡ് ഓയില്‍- പ്രകൃതി വാതക ഉല്പാദനത്തിന്റെ കണക്കുകള്‍ ആശങ്കാജനകമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. ഇതിന്റെ കണക്കുകള്‍ കഴിഞ്ഞ കഴിഞ്ഞ ദിവസം അദ്ദേഹം രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ ആഭ്യന്തര ക്രൂഡ് ഓയില്‍ ഉല്‍പാദനം കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ക്രമാനുഗതമായി കുറഞ്ഞുവരുന്നതായാണ് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ നിന്നും വ്യക്തമാകുന്നത്. 2017-18ല്‍ 35.7 മില്യണ്‍ മെട്രിക് ടണ്‍ ഉണ്ടായിരുന്ന ആഭ്യന്തര ക്രൂഡ് ഓയില്‍ ഉല്പാദനം 2021-22 ആയപ്പോഴേക്കും 29.7 മില്യണ്‍ മെട്രിക് ടണ്‍ ആയി ചുരുങ്ങി. ഇതേപോലെ പ്രകൃതി വാതകത്തിന്റെ ഉല്പാദനം സംബന്ധിച്ചുള്ള കണക്കുകള്‍ പ്രകാരം 2017-18ല്‍ 32.65 ബില്യണ്‍ ക്യുബിക് മീറ്റര്‍ ഉണ്ടായിരുന്ന ഉല്പാദനം 2020-21 ആയപ്പോഴേയ്ക്കും 28.67 ബില്യണ്‍ ക്യുബിക് മീറ്റര്‍ ആയി കുറഞ്ഞു. എന്നാല്‍ 2021-22ല്‍ നില മെച്ചപ്പെടുത്തി 34.02 ബില്യണ്‍ ക്യുബിക് മീറ്ററായി എന്നും കേന്ദ്രം നല്‍കിയ മറുപടിയില്‍ വെളിവാകുന്നു.

എണ്ണ – പ്രകൃതി വാതകത്തിന്റെ ആഭ്യന്തര ഉല്പാദനത്തില്‍ രാജ്യത്തിന്റെ സ്ഥിതി ഒട്ടും ആശാവഹമല്ലെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ക്രൂഡ് ഓയിലിന്റെയും പ്രകൃതി വാതകത്തിന്റെയും ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ആവിഷ്‌കരിച്ചെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും അതൊന്നും തന്നെ ഉദ്ദേശിച്ച ഫലം നല്‍കിയില്ല എന്ന് വേണം അനുമാനിക്കാന്‍. ആഭ്യന്തര ഉല്പാദനത്തില്‍ പുരോഗതി കൈവരിച്ചാല്‍ മാത്രമേ പതിറ്റാണ്ടുകളായി എണ്ണ – പ്രകൃതിവാതക ഇറക്കുമതിയിലൂടെ രാജ്യത്തിന്റെ വിദേശനാണ്യത്തിലുണ്ടാകുന്ന ചോര്‍ച്ച ഒഴിവാക്കാന്‍ കഴിയൂ എന്നും ജോണ്‍ ബ്രിട്ടാസ് ഓര്‍മ്മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration