രാജ്യത്ത് അടുത്ത ദശകത്തിൽ സാമ്പത്തികരംഗത്തെ ഗതിവിഗതികൾ നിർണയിക്കുന്ന ചിന്തകരുടെ പട്ടികയിൽ മലയാളിയും സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം പ്രൊഫ. ആർ രാംകുമാറും ഇടംപിടിച്ചു. രാജ്യത്തെ പ്രമുഖ ഓൺലൈൻ മാധ്യമമായ ദ പ്രിന്‍റ് പുറത്തിറക്കിയ പട്ടികയിലാണ് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ സ്കൂൾ ഓഫ് ഡെവലപ്മെൻ്റ് സ്റ്റഡീസ് വിഭാഗം പ്രൊഫസർ കൂടിയായ രാംകുമാർ ഇടംനേടിയത്.
രാജ്യത്തെ ഭക്ഷ്യസുരക്ഷ, കൃഷി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ നിരീക്ഷണങ്ങളും പഠനങ്ങളും നടത്തിയിട്ടുള്ളയാളാണ് ഇടതുസഹയാത്രികൻ കൂടിയായ രാംകുമാർ. ദേശീയവും അന്തർദേശീയവുമായ സാമ്പത്തിക നയങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ ആഴത്തിലുള്ള പഠനങ്ങളും ഇദ്ദേഹത്തിന്‍റേതായുണ്ട്. നോട്ട് നിരോധനത്തെക്കുറിച്ച് ശരിയായ രീതിയിലുള്ള അവലോകനങ്ങൾ നടത്തിയും രാംകുമാർ ശ്രദ്ധ നേടിയിട്ടുണ്ട്. സാമ്പത്തിക ഉദാരവത്കരണത്തിനുശേഷമുള്ള ഇന്ത്യൻ കാർഷികരംഗത്തെക്കുറിച്ചുള്ള ഡിസ്ട്രസ് ഇൻ ദ ഫീൽഡ്സ് എന്ന പുസ്തകം എഡിറ്റ് ചെയ്തത് രാംകുമാറാണ്.
മലയാളിയും ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായ ഗീതാ ഗോപിനാഥ്, അസിം പ്രേംജി സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസർ അമിത് ബസോൾ, പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരൻ, സാമ്പത്തിക ശാസ്ത്ര പ്രൊഫസറും ജെഎൻയു സെൻ്റർ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ് ചെയർപേഴ്സണുമായ അമിത ബത്ര, ഐഐടി ബോംബെയിലെ സാമ്പത്തിക ശാസ്ത്രത്തിലെ അസിസ്റ്റൻ്റ് പ്രൊഫസർ അനുഷ് കപാഡിയ, പത്രപ്രവർത്തകനും പണ്ഡിതനും എഴുത്തുകാരനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരൂപകനുമായ ചന്ദ്ര ഭാൻ പ്രസാദ്, ഐഐഎം അഹമ്മദാബാദിലെ സാമ്പത്തിക ശാസ്ത്രത്തിലെ അസോസിയേറ്റ് പ്രൊഫസർ ചിന്മയ് തുംബെ, ഐഐഎം ബാംഗ്ലൂർ പബ്ലിക് പോളിസി അസോസിയേറ്റ് പ്രൊഫസർ ദീപക് മൽഗാൻ, കാലിഫോർണിയ സർവകലാശാല സാമ്പത്തികശാസ്ത്രം പ്രൊഫസർ കാർത്തിക് മുരളീധരൻ, അർത്ഥ ഗ്ലോബൽ എക്സിക്യൂട്ടീവ് ഡയറക്ടർ നിരഞ്ജൻ രാജാധ്യക്ഷ, തക്ഷശില സഹസ്ഥാപകനും ഡയറക്ടറുമായ നിതിൻ പൈ, തക്ഷശില ഡെപ്യൂട്ടി ഡയറക്ടർ പ്രണയ് കോട്ടസ്ഥാനെ, ബെംഗളൂരു എൻഎൽഎസ്ഐയുവിലെ വിസിറ്റിംഗ് ഫാക്കൽറ്റിയും ട്രൈലീഗലിൻ്റെ പാർട്ട്ണറുമായ രാഹുൽ മത്തൻ, അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ഇൻ്റർനാഷണൽ ഇക്കണോമിക്സ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഷൗമിട്രോ ചാറ്റർജി, യേൽ സർവകലാശാല ഹിസ്റ്ററി പ്രൊഫസർ സുനിൽ അമൃത് എന്നിവരാണ് പട്ടികയിൽ ഇടംനേടിയ മറ്റുള്ളവർ.
ALSO READ: സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് സമാപിക്കും
ജിയോസ്ട്രാറ്റജിക് അഫയേഴ്സ്, സാമ്പത്തികം, സാമൂഹികശാസ്ത്രം, രാഷ്ട്രീയ ചിന്ത എന്നീ മേഖലകളെ അടിസ്ഥാനമാക്കിയാണ് ദ പ്രിന്‍റ് അടുത്ത ദശകത്തിലെ സാമ്പത്തിക ചിന്തകരുടെ പട്ടിക പുറത്തുവിട്ടത്.
ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, സാമ്പത്തിക വിദഗ്ധൻ സഞ്ജയ് റെഡ്ഡി, വ്യവസായി ജയിർഥ് റാവു, മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ, മൊണ്ടെക് സിംഗ് അലുവാലിയ എന്നീ വിദഗ്ദർ ഉൾപ്പെടുന്ന ജ്യൂറിയാണ് സാമ്പത്തിക ചിന്തകരുടെ പട്ടികയ്ക്ക് രൂപം നൽകിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here