കലാലയത്തിനൊപ്പം വ്യവസായ സ്ഥാപനങ്ങള്‍; പഠനത്തോടൊപ്പം ജോലി ഉടന്‍ കേരളത്തിലും: മുഖ്യമന്ത്രി

വിദേശ രാജ്യങ്ങളുടെ മാതൃകയില്‍ പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍തലത്തില്‍ ഇതിനു നടപടി ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മ്മിക്കുന്ന മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടി ‘നാം മുന്നോട്ട്’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപരിപഠനത്തിനായി ധാരാളം വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളിലേക്കു പോകുന്ന കാലമാണിത്. ഇക്കാര്യത്തില്‍ ഉത്കണ്ഠയുടെ ആവശ്യമില്ല. ലോകത്തുണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമാണിത്. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനായി വിദേശ വിദ്യാര്‍ത്ഥികള്‍ വൈകാതെ കേരളത്തിലേക്കുമെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ അക്കാദമിക് നിലവാരവും അടിസ്ഥാന സൗകര്യങ്ങളും ശാക്തീകരിക്കപ്പെടുന്നതോടെ വിദേശത്തുനിന്നു പഠനത്തിനായി സംസ്ഥാനത്തേക്കും വിദ്യാര്‍ത്ഥികള്‍ വരും. കേരളം വലിയൊരു വിദ്യാഭ്യാസ ഡെസ്റ്റിനേഷനാകും. നമ്മുടെ കാലാവസ്ഥയും പ്രകൃതിയും നാടിന്റെ ക്രമസമാധാന നിലയുമൊക്കെ ഇതിന് ഏറെ അനുകൂലമാണ്. ഇതു മുന്‍നിര്‍ത്തിയുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. രാജ്യാന്തര നിലവാരത്തിലുള്ള ഹോസ്റ്റല്‍ നിര്‍മാണം ആരംഭിച്ചത് ഇതിന്റെ ഭാഗമാണ്. വലിയ മാറ്റത്തിന്റെ നാളുകളാണു കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉടന്‍ വരാനിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പഠനത്തോടൊപ്പം ജോലി, പഠനത്തിന്റെ ഭാഗമായിത്തന്നെ തൊഴില്‍ നൈപുണ്യ വികസനം തുടങ്ങിയ ആശയങ്ങള്‍ ഏറെ ഗൗരവമായാണു സര്‍ക്കാര്‍ കാണുന്നത്. കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വന്തമായി വന്‍തോതില്‍ സ്ഥലമുണ്ട്. ഇങ്ങനെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ കോഴ്‌സുകളുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നേരിട്ട് അതുമായി ബന്ധപ്പെടാനാകും. അതിനുള്ള നീക്കം നടക്കുകയാണ്. ചില സ്ഥാപനങ്ങള്‍ പദ്ധതിക്കായി കണ്ടെത്തിയിട്ടുണ്ട്. ചില മാനേജ്‌മെന്റുകള്‍ ഇതുമായി ബന്ധപ്പെട്ടു സര്‍ക്കാരിനെ ബന്ധപ്പെട്ടിട്ടുമുണ്ട്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്തു വരാനിരിക്കുന്ന വലിയ മാറ്റമാകും ഇതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തില്‍നിന്നു നാല് ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും ഉപരിപഠനത്തിനു വിദേശരാജ്യങ്ങളിലേക്കു പോകുന്നുവെന്നാണു കണക്കെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ നിരക്ക് ഇതിനേക്കാള്‍ കൂടുതലാണ്. ഇക്കാര്യത്തില്‍ വലിയ ഉത്കണ്ഠ വേണ്ട. ലോകം കുട്ടികളുടെ കൈയിലാണ്. ഉപരിപഠനത്തിന് എവിടെ പോകണമെന്നും ഏതു സ്ഥാപനത്തില്‍ പഠിക്കണമെന്നുമൊക്കെ ചേറുപ്പം മുതലേ അവരുടെ മനസിലുണ്ട്. മാറുന്ന കാലത്തിനനുസരിച്ചു കുട്ടികള്‍ക്കു ലോകകാര്യങ്ങള്‍ അതിവേഗം ഉള്‍ക്കൊള്ളാനും കഴിയുന്നുണ്ട്. അതിന്റെ ഭാഗമായി അവര്‍ സംസ്ഥാനത്തിനു പുറത്തേക്കും രാജ്യത്തിനു പുറത്തേക്കുമൊക്കെ പഠനത്തിനും ജോലിക്കും പോകാന്‍ തല്‍പരരുമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തി കേരളത്തില്‍ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യാഥാര്‍ഥ്യമാക്കുകയെന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. അതിനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. സര്‍വകലാശാലകളേയും കലാലയങ്ങളേയും ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയില്‍ നടന്നുവരുന്നു. സര്‍വകലാശാലകളുടെ അക്കാദമിക് നിലവാരം ഉയര്‍ത്താനുള്ള നടപടികള്‍ കഴിഞ്ഞ സര്‍ക്കാരിന്റെകാലത്തുതന്നെ ആരംഭിച്ചിരുന്നു. ലോക, ദേശീയ തലങ്ങളില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ പിന്നിലായിരുന്ന ഘട്ടത്തിലായിരുന്നു ആ നടപടി. മുന്‍നിരയിലേക്ക് അവയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വലിയ ശ്രമങ്ങള്‍ നടത്തി. അതിനു ഫലമുണ്ടായി. ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഏപ്രില്‍ 16 മുതലാണ് ‘നാം മുന്നോട്ട്’ പരിപാടി സംപ്രേഷണം ആരംഭിക്കുന്നത്. ജോണ്‍ ബ്രിട്ടാസ് എം.പിയാണ് അവതാരകന്‍. മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാര്‍, കേരള സര്‍വകലാശാല ഹിന്ദി വിഭാഗം മേധാവി ഡോ. എസ്.ആര്‍. ജയശ്രീ, കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണന്‍, ഫെഡറല്‍ ബാങ്ക് ബോര്‍ഡ് ചെയര്‍മാന്‍ സി. ബാലഗോപാല്‍, ഉണ്ണിമായ പ്രസാദ് എന്നിവര്‍ പുതിയ എപ്പിസോഡില്‍ പാനലിസ്റ്റുകളായി പങ്കെടുക്കുന്നുണ്ട്.

കൈരളി ടിവി ശനിയാഴ്ച പുലര്‍ച്ചെ 12.30 (പുനഃസംപ്രേഷണം – ശനിയാഴ്ച രാവിലെ 6:30), കൈരളി ന്യൂസ് – ഞായറാഴ്ച രാത്രി 9:30 (പുനഃസംപ്രേഷണം ബുധനാഴ്ച വൈകിട്ട് 3:30), ഏഷ്യാനെറ്റ് ന്യൂസ് – ഞായര്‍ വൈകിട്ട് 6:30, മാതൃഭൂമി ന്യൂസ് ഞായര്‍ വൈകിട്ട് 8.30, മീഡിയ വണ്‍ ഞായറാഴ്ച രാത്രി 7:30, കൗമുദി ടിവി ശനിയാഴ്ച രാത്രി 8:00, 24 ന്യൂസ് – ഞായറാഴ്ച വൈകിട്ട് 5.30 (പുനഃസംപ്രഷണം പുലര്‍ച്ചെ ഒരു മണി), ജീവന്‍ ടിവി – ഞായറാഴ്ച വൈകിട്ട് 7:00, ജയ്ഹിന്ദ് ടിവി – ബുധനാഴ്ച വൈകിട്ട് 7:00, റിപ്പോര്‍ട്ടര്‍ ടിവി – ഞായറാഴ്ച വൈകിട്ട് 6:30, ദൂരദര്‍ശന്‍ – ഞായറാഴ്ച രാത്രി 7:30, ന്യൂസ് 18 – ഞായറാഴ്ച രാത്രി 8:30 എന്നിങ്ങനെയാണു വിവിധ ടെലിവിഷന്‍ ചാനലുകളിലെ സംപ്രേഷണ സമയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News