പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരണം: മന്ത്രി വീണാ ജോര്‍ജ്

പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ ശക്തമായ തുടര്‍പ്രവര്‍ത്തനം പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലകളിലും സംസ്ഥാന തലത്തിലും അവലോകനം നടത്തി കൃത്യമായ നടപടികള്‍ സ്വീകരിക്കണം. ഐസൊലേഷന്‍ വാര്‍ഡുകള്‍ ഉപയോഗപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തുന്നുണ്ട് എന്ന് ഉറപ്പാക്കണം. തദ്ദേശ സ്ഥാപന തലത്തിലെ രണ്ടാഴ്ചയിലൊരിക്കലുള്ള മീറ്റിംഗുകള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. മരണം ഒഴിവാക്കുക എന്നത് വളരെ പ്രധാനപ്പെട്ടകാര്യമാണ്. ചികിത്സാ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. എല്ലാ ജില്ലകളും മരണ കാരണം കണ്ടെത്തുന്നതിനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഡെത്ത് ഓഡിറ്റ് നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

മന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളുടേയും പകര്‍ച്ചപ്പനി സാഹചര്യം വിലയിരുത്തി. മരുന്നുകളുടെ ലഭ്യത എല്ലാ ആശുപത്രികളും നിരീക്ഷിക്കുകയും ഉറപ്പ് വരുത്തുകയും വേണം. മരുന്നിന്റെ ശേഖരം 30 ശതമാനത്തില്‍ കുറയും മുമ്പ് ബന്ധപ്പെട്ടവരെ അറിയിക്കണം. പകര്‍ച്ചപ്പനി വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. ജില്ലകളില്‍ അധികമായി ജീവനക്കാരെ അനുവദിച്ചിട്ടുണ്ട്. എല്ലാ ജില്ലകളും നിയമനം നടത്തിയെന്ന് ഉറപ്പാക്കണം. ഡിഎസ്ഒമാര്‍ ഫില്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. ജെപിഎച്ച്എന്‍, ജെഎച്ച്ഐ തുടങ്ങിയ ഫീല്‍ഡുതല ഉദ്യോഗസ്ഥര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരും മാസങ്ങളില്‍ ഫീല്‍ഡ് തലത്തില്‍ പരിശോധനകളും പ്രവര്‍ത്തനങ്ങളും നടത്തി റിപ്പോര്‍ട്ട് നല്‍കണം.

Also Read: മഴക്കാല പ്രത്യേക പരിശോധനയ്ക്ക് എല്ലാ ജില്ലകളിലും സ്പെഷ്യല്‍ സ്‌ക്വാഡുകള്‍: മന്ത്രി വീണാ ജോര്‍ജ്

പ്രതിരോധ, അവബോധ പ്രവര്‍ത്തനങ്ങളില്‍ ഐഎംഎ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ഡ്രൈ ഡേ പ്രവര്‍ത്തനങ്ങള്‍ വരും ആഴ്ചകളിലും തുടരണം. ആശുപത്രികളില്‍ ഫീവര്‍ ക്ലിനിക്കുകള്‍, ഡോക്സി കോര്‍ണറുകള്‍, ഒആര്‍എസ് കോര്‍ണറുകള്‍ എന്നിവ പ്രവര്‍ത്തിച്ചു വരുന്നു. മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്.

പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവര്‍ പകര്‍ച്ചപ്പനി ബാധിച്ചാല്‍ ഗുരുതരമാകാതെ നോക്കണം. അവര്‍ പനി ബാധിച്ചാല്‍ എത്രയും വേഗം ചികിത്സ തേടി ഏത് പനിയാണെന്ന് ഉറപ്പിക്കണം.

ഡോക്സിസൈക്ലിന്‍ കഴിക്കാത്തത് കൊണ്ടാണ് പല എലിപ്പനി മരണങ്ങളും ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നു. മണ്ണിലോ മലിന ജലത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. കൈയ്യുറയും കാലുറയും ഇല്ലാതെ മണ്ണിലോ വെള്ളത്തിലോ ജോലിക്കിറങ്ങരുത്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്സിസൈക്ലിന്‍ സൗജന്യമായി ലഭ്യമാണ്. വയറിളക്ക രോഗങ്ങള്‍ക്കെതിരെ ശ്രദ്ധവേണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ.

ആരോഗ്യ വകുപ്പ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News