ചീറിപ്പാഞ്ഞ് വിലക്കയറ്റം; അവശ്യവസ്തുക്കളില്‍ തൊട്ടാല്‍ പൊള്ളും !, മൂല്യമിടിഞ്ഞ് ഇന്ത്യന്‍ രൂപ

പിടിവിട്ട് പോകുകയാണ് രാജ്യത്തെ ചില്ലറ വില്‍പന മേഖലയിലെ വിലക്കയറ്റം. പോയമാസം അതായത് ഇക്കഴിഞ്ഞ സെപ്തംബറില്‍, കഴിഞ്ഞ ഒമ്പത് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു വിലക്കയത്തിന്റെ തോത്. ആഗസ്തില്‍ 3.65 ശതമാനമായിരുന്ന നിരക്ക് സെപ്തംബറില്‍ 5.49ശതമാനമായി ഉയര്‍ന്നു. ഇതോടെ വിലക്കയറ്റം നാലു ശതമാനത്തില്‍ താഴെ നിര്‍ത്തണമെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം ഇത്തവണയും നടപ്പായില്ല. ഒറ്റയടിക്ക് ആഗസ്തിലെ 5.66 ശതമാനമായിരുന്ന ഭക്ഷ്യോല്‍പ്പന വിലക്കയറ്റത്തിന്റെ തോത് അടുത്തമാസത്തില്‍ 9.24ലായി ഉയര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷമായി രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നുവരികയാണ്.

ALSO READ: നാട്ടിലും വിദേശത്തെ ജോലി സ്ഥലങ്ങളിലും ജീവകാരുണ്യ പ്രവർത്തനത്തിൽ തൻ്റേതായ വ്യക്തിത്വം നിലനിർത്തി; നാലുപേർക്ക് പുതുജീവൻ നൽകി നജീബ് യാത്രയായി

അവശ്യവസ്തുക്കളുടെ വിലയില്‍ വന്‍കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ധാന്യങ്ങള്‍, മാംസം, മുട്ട, പഴം, പച്ചക്കറി, ക്ഷീരോത്പന്നങ്ങള്‍ അങ്ങനെ എന്തില്‍ തൊട്ടാലും പൊള്ളും. കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ ഈ വിലക്കയറ്റം പ്രകടമാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ വിവരമനുസരിച്ച് ഭക്ഷ്യോല്‍പന്ന മേഖലയിലെ വിലക്കയറ്റമാണ് ഇതില്‍ പ്രധാന പങ്ക് വഹിച്ചിരിക്കുന്നത്. ഒറ്റമാസത്തിനുള്ളില്‍ ഭക്ഷ്യോത്പന്ന മേഖലയിലെ വിലക്കയറ്റം 3.58 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. ഇത്തരത്തില്‍ വിലക്കയറ്റം ഉയര്‍ന്നു നില്‍ക്കുമ്പോള്‍ പലിശനിരക്ക് കുറയ്ക്കാനുള്ള ആര്‍ബിഐയുടെ നടപടികളെയും അത് ബാധിക്കും. സെപ്തംബറില്‍ പച്ചക്കറികളുടെ വില പിടിവിട്ടുയര്‍ന്നു. 36 ശതമാനമാണ് പച്ചക്കറി വിലയിലെ കയറ്റം.ചില്ലറ വിലക്കയറ്റത്തോത് അഥവാ ഉപഭോക്തൃവില സൂചിക അടിസ്ഥാനമായ പണപ്പെരുപ്പം കുതിച്ചുചാടി. ആഗസ്റ്റിലെ 10.71 ശതമാനത്തില്‍ നിന്ന് കഴിഞ്ഞമാസം പച്ചക്കറി വിലനിലവാരം 35.99 ശതമാനത്തിലെത്തി. ഭവന വിലനിലവാരം 2.66ല്‍ നിന്ന് 2.78 ശതമാനമായി. ഇന്ധനം, പയര്‍ വര്‍ഗങ്ങള്‍, പഞ്ചസാര, മാംസം, മീന്‍, സുഗന്ധവ്യഞ്ജനങ്ങള്‍, വസ്ത്രം, പാദരക്ഷകള്‍ എന്നിവയുടെ വിലനിലവാരം കഴിഞ്ഞമാസം കുറഞ്ഞു. ആശങ്ക ഉയര്‍ത്തുന്ന കാര്യം ഗ്രാമീണ മേഖലകളിലാണ് വിലയക്കയറ്റതോത് വര്‍ദ്ധിച്ചുവരുന്നതെന്നതാണ്. ഗ്രാമങ്ങളിലെ പണപ്പെരുപ്പം ഓഗസ്റ്റിലെ 4.16 ശതമാനത്തില്‍ നിന്ന് കഴിഞ്ഞമാസം 5.87 ശതമാനമാണ്. അതേസമയം നഗരങ്ങളിലേത് 3.14 ശതമാനത്തില്‍ നിന്ന് 5.05 ശതമാനമായാണ് ഉയര്‍ന്നത്. ഭക്ഷ്യ വിലപ്പെരുപ്പം ആഗസ്റ്റിലെ 5.66 ശതമാനത്തില്‍ നിന്ന് 9.24 ശതമാനത്തിലേക്ക് സെപ്റ്റംബറില്‍ കത്തിക്കയറിയതിന് പ്രധാന കാരണം മഴക്കെടുതിയെ തുടര്‍ന്ന് കാര്‍ഷികോല്‍പാദനം ഇടിഞ്ഞതാണ്.

ALSO READ: മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരും, 12 ജില്ലകളിൽ യെല്ലോ അലർട്ട്, കേരളതീരത്ത് റെഡ് അലർട്ട്

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 5.69 ശതമാനം വിലക്കയറ്റ തോത് രേഖപ്പെടുത്തിയശേഷം കുറഞ്ഞുവന്നത് വീണ്ടും കുതിക്കുകയാണ്.റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ട നാലുശതമാനത്തിന് രണ്ട് ശതമാനം മുകളിലോ താഴെയോ ആയിരുന്നു കഴിഞ്ഞ കുറച്ചുമാസങ്ങളായി റീട്ടെയില്‍ പണപ്പെരുപ്പം. ഇതിനാല്‍ പലിശ നിരക്കുകള്‍ കുറയ്ക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും വിലക്കയറ്റത്തിന്റെ തോത് ഉയരുമെന്ന ആശങ്കയില്‍ കഴിഞ്ഞയാഴ്ച നടന്ന പണ-വായ്പാനയ സമിതി യോഗത്തിലും ആര്‍ബിഐ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി. അതേസമയം കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 10.9 ശതമാനമായിരുന്ന വ്യാവസായി ഉത്പാദനം ഈ വര്‍ഷം .1ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്. വ്യവസായിക ഉത്പാദന സൂചിക 4.1 ശതമാനം ഇടിഞ്ഞ 2022 ഒക്ടോബറിന് ശേഷമുള്ള ആദ്യത്തെ വീഴ്ചയാണിത്. മറ്റൊരു കാര്യം കൂടി് ക്രൂഡ് ഓയിലിന്റെ വില കൂടുന്നുണ്ട്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നുമുണ്ട്. ഇങ്ങനെ പോകുന്നത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് വലിയ ഭീഷണിയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News