84 ലക്ഷം രൂപയുടെ ഇൻഫോസിസ്‌ അവാർഡ്‌ യുവചരിത്രകാരനായ മലയാളിക്ക്‌

MAHMUD INFOSYS PRIZE 2024

സ്വർണമെഡലും ഒരു ലക്ഷം ഡോളറും (84 ലക്ഷം രൂപ) അടങ്ങുന്ന ഇൻഫോസിസ്‌ പ്രൈസിന്‌ അർഹരായ ആറു പേരിൽ മലപ്പുറം സ്വദേശിയായ മലയാളിയും. യുകെ എഡിൻബർഗ്‌ യൂണിവേഴ്‌സിറ്റി ലക്ചററും ചരിത്രകാരനുമായ പെരിന്തൽമണ്ണ പനങ്ങാങ്ങര സ്വദേശി മഹ്‌മൂദ്‌ കൂരിയയാണ്‌ സാമൂഹിക ശാസ്‌ത്ര – മാനവിക വിഭാഗത്തിൽ പുരസ്‌കാരത്തിന്‌ അർഹനായത്‌. ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ നൽകുന്ന അവാർഡ് ഇന്ത്യയിലെ അക്കാദമിക രംഗത്തെ ഏറ്റവും പ്രധാന ബഹുമതികളിലൊന്നാണ്.

പൂർവാധുനിക കാലത്തെ ഇസ്‌ലാമിന്റെ സമുദ്രചരിത്രവുമായി ബന്ധപ്പെട്ട പഠനങ്ങൾക്കും സംഭാവനകൾക്കുമാണ് മഹ്മൂദിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതെന്ന് ഇൻഫോസിസ് പുരസ്‌കാര നിർണയ സമിതി അറിയിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരപ്രദേശങ്ങളിൽ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക മേഖലകളിൽ ഇസ്ലാമിക നിയമങ്ങൾ ചെലുത്തിയ സ്വാധീനമാണ്‌ കൂരിയ പഠനവിധേയമാക്കിയത്‌.

ALSO READ; കൂടുവിട്ട് പറന്ന് കിളികൾ; ട്രംപിന്‍റെ വിജയത്തിന് പിന്നാലെ ‘എക്സ്’ വിട്ടത് ഒരു ലക്ഷത്തിലധികം അമേരിക്കക്കാർ

ഇൻഫോസിസിന്റെ സയൻസ്‌ ഫൗണ്ടേഷനാണ്‌ നാൽപത്‌ വയസിൽ താഴെയുള്ള ഗവേഷകർക്ക്‌ അവാർഡ്‌ ഏർപ്പെടുത്തിയത്‌. നീന ഗുപ്ത, വേദിക ഖേമനി, ശ്യാം ഗൊല്ലകോട്ട, സിദ്ധേഷ്‌ കാമത്ത്‌, അരുൺ ചന്ദ്രശേഖർ എന്നിവരാണ്‌ പുരസ്‌കാരം നേടിയ മറ്റുള്ളവർ.

മലപ്പുറം പെരിന്തൽമണ്ണയിലെ പനങ്ങാങ്ങര സ്വദേശിയാണ് മഹ്മൂദ് കൂരിയ. ചെമ്മാട് ദാറുൽഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പഠനത്തിനുശേഷം ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലാണ് പിജിയും എംഫിലും പൂർത്തിയാക്കിയത്. നെതർലൻഡ്‌സിലെ ലീഡൻ സർവകലാശാലയിൽനിന്നാണ് പിഎച്ച്ഡി നേടിയത്. 2019ൽ മരുമക്കത്തായ പഠനത്തിന് നെതർലൻഡ് സർക്കാരിന്റെ രണ്ടു കോടി രൂപയുടെ വെനി ഗ്രാന്റും ഇദ്ദേഹം നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News