ലോകത്ത് ഏറ്റും സന്തോഷമുള്ള രാജ്യങ്ങളിൽ ഇന്ത്യ 126-ാം സ്ഥാനത്ത്; ആറാം തവണയും ഫിൻലൻഡ് ഒന്നാമത്

ലോകത്തിലെ ഏറ്റവും സന്തുഷ്ടിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 126-ാം സ്ഥാനത്ത്. തുടർച്ചയായി ആറാം തവണയും ഫിൻലൻഡാണ് ഒന്നാം സ്ഥാനത്ത്. പട്ടികയിൽ ഡെന്മാർക്ക് , ഐസ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ടും മൂന്നും രാജ്യങ്ങളിൽ.  താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാൻ സന്തുഷ്ടിയുടെ കാര്യത്തിൽ ഏറ്റവും പിന്നിലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അയൽരാജ്യങ്ങളായ നേപ്പാൾ, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താൻ എന്നിവ പട്ടികയിൽ ഇന്ത്യയേക്കാൾ മെച്ചപ്പെട്ട സ്ഥാനത്താണുള്ളത്.ചൈന അറുപത്തിനാലാം സ്ഥാനത്തും നേപ്പാൾ എഴുപത്തിയെട്ടാം സ്ഥാനത്തും പാകിസ്താൻ നൂറ്റിയെട്ടാം സ്ഥാനത്തും ശ്രീലങ്ക നൂറ്റിപ്പന്ത്രണ്ടാം സ്ഥാനത്തും ബംഗ്ലദേശ് നൂറ്റിപ്പതിനെട്ടാം സ്ഥാനത്തുമാണ്. റഷ്യ-യുക്രൈയ്ൻ യുദ്ധം ഇരുരാജ്യങ്ങളുടേയും സന്തോഷത്തിൽ കുറവ് വരുത്തിയിട്ടുണ്ടെന്നും പട്ടിക വ്യക്തമാക്കുന്നു. റഷ്യ  എഴുപത്തിയെട്ടാം സ്ഥാനത്തായപ്പോൾ യുക്രൈയ്ന് തൊണ്ണൂറ്റി രണ്ടാം സ്ഥാനമാണ് .

ഇസ്രയേൽ (4), നെതർലൻഡ്‌സ് (5), സ്വീഡൻ (6), നോർവേ (7), സ്വിറ്റ്‌സർലൻഡ് (8), ലക്‌സംബർഗ് (9), ന്യൂസിലൻഡ് (10) എന്നിവയാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റ് രാജ്യങ്ങൾ.അന്താരാഷ്ട്ര സന്തോഷ ദിനമായി ആചരിക്കുന്ന മാര്‍ച്ച് 20 ന് പുറത്തുവിട്ട വേള്‍ഡ് ഹാപ്പിനസ് വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക പ്രഖ്യാപിച്ചത്.

പ്രതിശീർഷവരുമാനം, സാമൂഹികപിന്തുണ, ആയുർദൈർഘ്യം, സ്വാതന്ത്ര്യം, ഉദാരസമീപനം, കുറഞ്ഞ അഴിമതി തുടങ്ങിയ വിവിധ ഘടകങ്ങൾ വിലയിരുത്തിയുള്ള സ്കോർ അടിസ്ഥാനമാക്കിയാണ് ഒരു രാജ്യത്തിന്റെ സന്തോഷത്തിന്റെ തോത് നിർണയിക്കുന്നത്. ജീവിതത്തെ കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തല്‍, പോസിറ്റീവ് വികാരങ്ങള്‍, നെഗറ്റീവ് ചിന്തകള്‍ എന്നിവയും അടിസ്ഥാനമാക്കിയാണ് സന്തോഷ രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നത് . യുഎന്‍ സുസ്ഥിരവികസന സൊല്യൂഷന്‍സ് നെറ്റ് വര്‍ക് ആണ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News