മകൻ അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശത്തെക്കുറിച്ച് എ.കെ ആന്റണിക്ക് എന്താണ് പറയാനുളളതെന്ന് ഐഎൻഎൽ. കോൺഗ്രസിലെ ആദർശ പുരുഷനായി വിശേഷിപ്പിക്കാറുള്ള ആൻ്റണിക്ക് എന്താണ് പറയാനുള്ളത് എന്നറിയാൻ കേരളം കാതോർത്തിരിക്കുകയാണെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.
മുപ്പത്തിരണ്ടാം വയസ്സിൽ കെപി.സി.സി പ്രസിഡന്റാവുകയും ജീവിതത്തിലുടനീളം കോൺഗ്രസിന്റെ മേൽവിലാസത്തിൽ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങി ഉന്നത പദവികൾ അലങ്കരിക്കുകയും ചെയ്ത ഒരു നേതാവിന്റെ മകൻ ഈ നിർണായക ഘട്ടത്തിൽ കോൺഗ്രസ് വിട്ട് സംഘ്പരിവാർ രാഷ്ട്രീയത്തെ സ്വീകരിച്ചത് ആന്റണി അംഗീകരിക്കുന്നുണ്ടോ എന്നും കാസിം ഇരിക്കൂർ ചോദിച്ചു.
വർഗീയ ഫാസിസത്തെ പുണരാനുള്ള മകന്റെ തീരുമാനത്തോടെ വരുംതലമുറക്ക് പ്രവർത്തിക്കാൻ സാധിക്കാത്തവിധം കോൺഗ്രസ് കാലഹരണപ്പെട്ടതായി ആൻ്റണി കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. താൻ മുറുകെപ്പിടിച്ച രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള മകൻ്റ ചുവടുമാറ്റം തന്റെ ജീവിത പരാജയമാണെന്ന് ആന്റണി വിലയിരുത്താൻ തയാറാണോ എന്ന് കൂടി അറിയാൻ പ്രബുദ്ധ കേരളത്തിന് അവകാശമുണ്ടെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here