കോൺഗ്രസ് വാരിപ്പുണർന്നത് വെറുപ്പിൻ്റെ സെയിൽസ് എക്സിക്യൂട്ടീവിനെ: ഐഎൻഎൽ

inl

താൻ ഇതുവരെ പ്രവർത്തിച്ച ബിജെപി വെറുപ്പിൻ്റെ ഫാക്ടറിയാണെന്ന് തുറന്നു സമ്മതിക്കുന്ന സന്ദീപ് വാര്യരെ വാരിപ്പുണരുക വഴി കോൺഗ്രസ് അതിൻ്റെ ആശയ പാപ്പരത്തം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് ഐ എൻ എൽ. ബിജെപി ഫാക്ടറിയിൽ ഉത്പാദിപ്പിച്ച വെറുപ്പും വിദ്വേഷവും കേരള രാഷ്ട്രീയ മാർക്കറ്റിൽ നിർലജ്ജം വിറ്റഴിച്ച കൊടും വർഗീയ വാദിയായ സെയിൽസ്മാനാണ് സന്ദീപ് വാര്യർ. ബിജെപി യെ മടുത്തിട്ടല്ല, മറിച്ച് തൻ്റെ അധികാര മോഹം ശമിപ്പിക്കാൻ കെ സുരേന്ദ്രൻ തടസ്സമായി നിന്നതാണ് കളംമാറ്റത്തിന് കാരണമെന്ന് വാര്യർ തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്.

വിഷലിപ്തമായ വാക്കുകളും ചെയ്തികളും കൊണ്ട് സംസ്ഥാന രാഷ്ട്രീയത്തെ ഏറെ കാലം വർഗീയമയമാക്കിയ ഒരാളെ, നിയമസഭാ സീറ്റ് അടക്കമുള്ള ഓഫറുകൾ നൽകി പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമ്പോൾ കഴിഞ്ഞ കാല അനുഭവങ്ങളിൽ നിന്ന് കോൺഗ്രസ് നേതൃത്വം ഒരു ചുക്കും പഠിച്ചിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. രാഷ്ട പിതാവിൻ്റെ വധത്തെ പോലും നിസ്സാരവത്കരിച്ച് അവതരിപ്പിച്ച, ഗോദ്സെയുടെ ആരാധകനെയാണ് കോൺഗ്രസ് നേതൃത്വം ഭിന്നതകൾ മുഴുവൻ മറന്ന് വാരിപ്പുണരാൻ ആവേശം കാണിച്ചത്. കോൺഗ്രസും ബിജെപിയും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നും മുസ്‌ലിം വിരുദ്ധത കോൺഗ്രസിൽ വലിയൊരു യോഗ്യതയാണെന്നും തെളിയിക്കുമ്പോൾ അതിനെ കൈയ്യടിച്ച് പ്രോൽസാഹിപ്പിക്കുന്ന മുസ്‌ലിം ലീഗ് നേതൃത്വത്തിൻ്റെ വിവരക്കേടും ആശയ ദാരിദ്ര്യവും അണികൾ മനസ്സിലാക്കുന്നുണ്ട്.

also read: സന്ദീപ് വാര്യരോട് ചോദിക്കേണ്ടതായ ചില ചോദ്യങ്ങളുണ്ടല്ലോ? വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

വാര്യരെ അഭിഷിക്തനാക്കാൻ പാണക്കാട്ടേക്ക് പറഞ്ഞയച്ച കോൺഗ്രസിൻ്റെ ബുദ്ധി അപാരമാണെങ്കിൽ കൂടി ലീഗ് അണികളും സാമാന്യ ജനങ്ങളും എല്ലാം മനസ്സിലാക്കുന്നുണ്ടെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here