മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സ്വീകരിച്ച തീവ്ര ഹിന്ദുത്വ നിലപാടിൽ മുസ്ലിം ലീഗ് അവലംബിക്കുന്ന മൗനം സംസ്ഥാന രാഷ്ട്രീയത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും ഈ വിഷയത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കാൻ ലീഗ് നേതൃത്വത്തിന് ബാധ്യതയുണ്ടെന്നും ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി. മുനമ്പത്തേത് വഖഫ് സ്വത്ത് അല്ലെന്ന സംഘ്പരിവാറിന്റെയും തീവ്രക്രൈസ്തവ വിഭാഗത്തിന്റെയും ഭാഷ്യമാണ് വി.ഡി. സതീശൻ ആവർത്തിച്ചു കൊണ്ടിരിക്കുന്നത്.
ഫാറൂഖ് കോളജിനു വേണ്ടി 1950 നവംബറിൽ എറണാകുളത്തെ ധനാഢ്യനായ മുഹമ്മദ് സിദ്ധീഖ് സേട്ട് റജിസ്റ്റർ ചെയ്ത വഖഫാണ് 404.76 ഏക്കർ ഭൂമിയെന്ന് അറിയാഞ്ഞിട്ടല്ല സതീശന്റെ ദുഷ്പ്രചാരണം. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ വഖഫ് ബോർഡ് ചെയർമാൻ ആയിരിക്കുമ്പോഴാണ് മുനമ്പം ഭൂമി വഖഫ് ബോർഡിൽ റജിസ്റ്റർ ചെയ്യാൻ നടപടികളാരംഭിച്ചത്. 2008ൽ വി.എസ് സർക്കാർ നിയോഗിച്ച നിസാർ കമിഷൻ, മുനമ്പത്തേത് വഖഫ് സ്വത്താണെന്ന് കണ്ടെത്തിയതിന്റെ തുടർച്ചയായിരുന്നു ഈ നടപടി.
ഫാറൂഖ് കോളജ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയും മുസ്ലിം ലീഗിന്റെ കച്ചവടക്കളിയുമാണ് വിഷയം ഇമ്മട്ടിൽ സങ്കീർണമാക്കിയത്. ഇതൊന്നും കണക്കിലെടുക്കാതെ, പ്രതിപക്ഷ നേതാവ് നടത്തുന്ന വർഗീയ പ്രീണന നിലപാടിനോട് മുസ്ലിം ലീഗ് യോജിക്കുന്നുണ്ടോ? സർക്കാർ വിചാരിച്ചാൽ 10ന് മിനുറ്റ് കൊണ്ട് പ്രശ്നം പരിഹരിക്കാമെന്ന സതീശന്റെ പ്രസ്താവനയുടെ പൊരുളെന്താണ്? മുനമ്പം വഖഫ് ഭൂമി കൈയേറ്റക്കാർക്ക് നിരുപാധികം വിട്ടുകൊടുക്കണമെന്ന, കൈയേറ്റക്കാരെ സുഖിപ്പിക്കുന്ന, ആർ.എസ്.എസിന് അടിയറ വെക്കുന്ന കോൺഗ്രസ് നിലപാടിനോട് എന്തുകൊണ്ട് ഏറെകാലം വകുപ്പ് കൈകാര്യം ചെയ്ത ‘സമുദായ’ പാർട്ടി പ്രതികരിക്കുന്നില്ല. അടുത്ത നിയമ സഭ തെരഞ്ഞെടുപ്പിൽ കോലീബി സഖ്യം ഊട്ടിയുറപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായേ ഇതിനെ കാണാനാവൂവെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here