കോഴിക്കോട്: താനൂരിലെ ബോട്ടപകടം ഉണ്ടായ നിമിഷം തൊട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായസഹകരണത്തോടെ നടത്തിയ രക്ഷാപ്രവർത്തനം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രവർത്തക സമിതി യോഗം വിലയിരുത്തി. ദുരന്തമുഖത്ത് ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട നല്ല മനുഷ്യരെ കേരളം ഒരിക്കലും മറക്കില്ലെന്നും ഐഎൻഎൽ വ്യക്തമാക്കി.
രണ്ടുദിവസം സംഭവസ്ഥലത്ത് തങ്ങി രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിച്ച മന്ത്രിമാരും ജനപ്രതിനിധികളും ഉത്തരവാദിത്വം നിറവേറ്റുകയും ജനത്തിന് താങ്ങായി നിൽക്കുകയും ചെയ്തത് ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർക്ക് ആശ്വാസം പകർന്നു. ബോട്ട് ദുരന്തത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതും മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നൽകാൻ തീരുമാനിച്ചതും സർക്കാർ ഈ വിഷയത്തെ വളരെ ഗൗരവപൂർവം കാണുന്നുവെന്നതിെൻറ തെളിവാണ്.
അപകടത്തിൽനിന്ന് രക്ഷപ്പെട്ടവർക്കും മരിച്ചവരുടെ കുടുംബത്തിനും സർക്കാർ ചെലവിൽ മതിയായ കൗൺസലിങ്ങും പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ എല്ലാ സഹായവും നൽകേണ്ടതുണ്ട്. നാട് വിറങ്ങലിച്ചുനിൽക്കെ ഈ ദുരന്തത്തിൽനിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ചില പ്രതിപക്ഷ പാർട്ടികൾ നടത്തിയ നീക്കങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്നും ഐഎൻഎൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here