അയോധ്യക്കുശേഷം കാശിയിലും പള്ളിയുടെ മേൽ അവകാശവാദം ഉന്നയിച്ച് മതധ്രുവീകരണത്തിനായി ബി. ജെ.പിയും സംഘ്പരിവാറും ആസൂത്രിത നീക്കങ്ങൾ നടത്തുമ്പോൾ, അതിനെതിരെ ഒരക്ഷരം ഉരിയാടാത്ത കോൺഗ്രസിന്റെ കാപട്യം ജനം തിരിച്ചറിയണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
ഗ്യാൻവാപി വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം പാർലമെന്റിൽ വിഷയം ഉന്നയിക്കപ്പെട്ടപ്പോൾ തങ്ങൾക്ക് ഒന്നുമറിയില്ല എന്ന മട്ടിൽ കോൺഗ്രസ് നേതാക്കൾ പൂർണ മൗനത്തിലായിരുന്നു. തങ്ങളുടെ ഘടകകക്ഷിയായ കോൺഗ്രസ് നേതാക്കളെയും കൂടെക്കൂട്ടി പുതിയ വർഗീയ സംഘർഷ നീക്കങ്ങളിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ കൊണ്ടുവരുന്നതിനു പകരം മൂന്നു ലീഗ് എം.പിമാരും നടത്തിയ നാടകം ദയനീയവും പരിഹാസ്യവുമായിപ്പോയി.
അണികളുടെ കണ്ണിൽ പൊടിയിടാനുള്ള തത്രപ്പാടിനിടയിൽ പാർട്ടി രാജ്യസഭാംഗം പി.വി. അബ്ദുൽ വഹാബിനെപ്പോലും കൂടെ നിർത്താൻ കൂട്ടാക്കിയില്ല. ആർ.എസ്.എസിന്റെ കൈകളിലേക്ക് ചെങ്കോലും കിരീടവും നൽകിയത് കോൺഗ്രസിന്റെയും മുസ്‍ലിം ലീഗ് അടക്കമുളള സഖ്യകക്ഷികളുടെയും ആത്മാർഥത തൊട്ടുതീണ്ടാത്ത ഇത്തരം നിലപാടുകളാണെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here