മുനമ്പം ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ ഉന്നതതല യോഗം ചേർന്നു. ജുഡീഷ്യൽ കമീഷനെ നിയോഗിച്ചിട്ടും അനാവശ്യ പ്രസ്താവനകളും അഭിപ്രായപ്രകടനങ്ങളുമായി വന്ന് പ്രതിപക്ഷം പ്രശ്നം സങ്കീർണമാക്കാൻ ശ്രമിക്കുകയാണെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകേവിൽ എംഎൽഎയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും അഭിപ്രായപ്പെട്ടു.
പ്രശ്നപരിഹാരത്തിനു സർക്കാരുമായി പൂർണമായി സഹകരിക്കാനും മുനമ്പം പൊക്കിപ്പിടിച്ച് സാമൂഹിക സൗഹാർദത്തിനു പോറലേൽപ്പിക്കുന്ന തരത്തിൽ നീക്കം നടത്തുന്നവരെ ഒറ്റപ്പെടുത്താനുമാണ് രാഷ്ട്രീയ, മത, സാംസ്കാരിക കൂട്ടായ്മകളുടെ പൊതുവായ നിലപാട്. എന്നാൽ, വിഷയത്തെ മറ്റൊരു രൂപത്തിലേക്ക് വഴിതിരിച്ചുവിട്ട് വഖഫ് എന്ന സംവിധാനത്തെ തന്നെ ചോദ്യം ചെയ്യുന്ന സംഘ്പരിവാർ നിലപാടിന് ആക്കം കൂട്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു.
ALSO READ; മുനമ്പം വിഷയത്തിൽ യുഡിഎഫിൽ ഭിന്നത; സതീശൻ്റെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ്
പാർലമെന്റിന് മുന്നിലുള്ള വഖഫ് നിയമ ഭേദഗതി ബില്ലിന് സ്വീകാര്യത കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. ഈ നീക്കങ്ങൾക്ക് ഇവിടെ നേതൃത്വം കൊടുക്കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. മുനമ്പം വഖഫ്ഭൂമിയെ കുറിച്ച് കഴിഞ്ഞദിവസം സതീശൻ നടത്തിയ അഭിപ്രായപ്രകടനം പണ്ഡിതസഭകളെ പോലും അങ്ങേയറ്റം പ്രകോപിപ്പിട്ടുണ്ട്.
ബാലിശവും യുക്തിഹീനവുമായ വാദങ്ങൾ മുന്നിൽ വെച്ചാണ് മുനമ്പത്തേത് വഖഫ് സ്വത്തല്ല എന്ന് സമർഥിക്കാനും കോടതി വിധികളെയും കമീഷൻ റിപ്പോർട്ടുകളെയും തള്ളിക്കളയാനും അദ്ദേഹം ഒരുമ്പെട്ടത്. പ്രശ്പരിഹാരത്തിനു തടസ്സം സംസ്ഥാന സർക്കാരും വഖഫ് ബോർഡുമാണെന്ന പ്രതീതി സൃഷ്ടിക്കുകയും അതുവഴി സമരരംഗത്തുള്ളവരെ സർക്കാരിനതിരെ തിരിക്കുകയുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
ഉത്തരവാദപ്പെട്ട സംഘടനകളെയും കൂട്ടായ്മകളെയും മാറ്റിനിറുത്തി, മുസ്‍ലിം സംഘടനകളുടെ പേരിൽ മുസ്‍ലിം ലീഗ്, ധൃതി പിടിച്ച് സമരക്കാർക്ക് ഏകപക്ഷീയ പിന്തുണ പതിച്ചുനൽകിയത് തൽപരകക്ഷികളുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നേ സംശയിക്കാനാവൂ. അതുകൊണ്ട്, പ്രതിപക്ഷത്തിന്റെ അവധാനത തൊട്ടുതീണ്ടാത്ത കരുനീക്കങ്ങളിൽ വീണുപോവാതെ, ഇതിനകം പ്രവർത്തനമാരംഭിച്ച ജുഡീഷ്യൽ കമീഷനോട് പൂർണമായി സഹകരിച്ചും സർക്കാറിന്റെ മറ്റു ശ്രമങ്ങൾക്ക് ശക്തിപകർന്നും പ്രശ്നപരിഹാരം കണ്ടെത്തുകയാണ്, ഈ വിഷയം പൊക്കിപ്പിടിച്ച് ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ പരാജയപ്പെടുത്താനുള്ള പോംവഴിയെന്ന് ഐഎൻഎൽ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here