മണിപ്പൂരിൽ ഭൂരിപക്ഷ മെയ്തേയ് വിഭാഗം ക്രൈസ്തവ ന്യുനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങളില്‍ പ്രതികരണവുമായി ഐഎൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. നിഷ്ഠൂരമായ ആക്രമണങ്ങളിൽ 17 വിശ്വാസികൾ കൊല്ലപ്പെടുകയും ഒട്ടനവധി ചർച്ചുകൾ തകർക്കപ്പെടുകയും പതിനായിരങ്ങളുടെ കൂട്ടപലായനത്തിന് വഴിവെക്കുകയും ചെയ്ത കലാപം കേരളത്തിലേക്ക് സംഘപരിവാറിനെ വരവേൽക്കാൻ പരവതാനി വിരിക്കുന്ന ക്രൈസ്തവ മതമേലധ്യക്ഷന്മാർക്കുള്ള മുന്നറിയിപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
പിന്നോക്ക ഗോത്രവർഗക്കാർക്ക് മാത്രം അർഹതപ്പെട്ട സംവരണം രാഷ്ട്രീയ -സാമൂഹിക രംഗത്ത് ആധിപത്യമുള്ള ഭൂരിപക്ഷ വിഭാഗങ്ങൾക്ക് കൂടി നൽകാനുള്ള ബിജെ.പി സർക്കാരുകളുടെ നീക്കമാണ് ഗോത്രമേഖലയിൽ രോഷം വിളിച്ചുവരുത്തിയതും കലാപത്തിലേക്ക് വഴുതിമാറിയതും . ബി.ജെ.പി സർക്കാരിന് കീഴിൽ ക്രൈസ്തവ വിശ്വാസികൾ സുരക്ഷിതരാണെന്നും കേരളത്തിലേക്ക് കാവിരാഷ്ട്രീയത്തിെന്റെ വരവിൽ ആശങ്ക വേണ്ടെന്നും പരസ്യമായി പ്രസ്താവന നടത്തിയ മതമേലധ്യക്ഷന്മാരായ ആലഞ്ചേരിക്കും പാംപ്ലാനിക്കും യൂലിയോസിനും ഇപ്പോൾ എന്താണ് പറയാനുള്ളതെന്ന് അറിയാൻ കേരളീയർക്ക് താൽപര്യമുണ്ടെന്നും കാസിം ഇരിക്കൂർ ചോദിച്ചു.
മണിപ്പൂർ ഒരു പാഠമാണ്. അവിടെ ന്യൂനപക്ഷങ്ങൾ 41 ശതമാനമുണ്ടായിട്ടും വർഗീയശക്തികളുടെ കുടിലതക്ക് മുന്നിൽ ജീവൻ നൽകുകയോ പ്രാണനും കൊണ്ടോടി രക്ഷപ്പെടുകയോ മാത്രമാണ് പോംവഴി. കോൺഗ്രസിൽനിന്ന് ഭരണം തട്ടിയെടുക്കാൻ ഒരു വിഭാഗം ക്രൈസ്തവരുടെ ഒത്താശയോടെ സംഘപരിവാർ വിതച്ച വിദ്വേഷ പ്രത്യയശാസ്ത്രമാണ് ഇന്ന് മണിപ്പൂരിനെ വർഗീയതയുടെ അഗ്നിഗോളമാക്കി മാറ്റിയതെന്ന യാഥാർഥ്യം എന്നും ഓർമയിലുണ്ടാവണമെന്നും കാസിം ഇരിക്കൂർ പറഞ്ഞു
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here