മലയാളത്തിന്റെ അതുല്യപ്രതിഭ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന്. രാവിലെ 10 മണിക്ക് ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്രീഡലിൽ സംസ്കാരച്ചടങ്ങുകൾ നടക്കും. നിലവിൽ ഇരിഞ്ഞാലക്കുടയിലെ ഇന്നസെന്റിന്റെ വീടായ ‘പാർപ്പിട’ത്തിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.
നിരവധി താരങ്ങളാണ് തിങ്കളാഴ്ച ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്. മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കാനെത്തി. കാലത്ത് കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെച്ച ഇന്നച്ചന്റെ മൃതദേഹം അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത് വൻ ജനാവലിയാണ്. തുടർന്ന് ഇരിഞ്ഞാലക്കുട ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചു. പിന്നീടാണ് ഇന്നസെന്റിന്റെ വീടായ പാർപ്പിടത്തിലേക്ക് പൊതുദർശനത്തിന് വെച്ചത്.
കൊച്ചിയിലെ ലേക്ക്ഷോർ ആശുപത്രിയിൽ ഞായറാഴ്ച്ച രാത്രി പത്തരോടെയായിരുന്നു ഇന്നസെന്‍റിന്‍റെ അന്ത്യം. ശ്വാസതടസത്തെ തുടർന്ന് മാർച്ച് മൂന്നിനാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഐസൊലേഷൻ വാർഡിൽ നിന്ന് ഐസിയുവിലേക്ക് മാറ്റി. ശ്വാസകോശ പ്രവർത്തനത്തെ സഹായിക്കുന്ന ഇസിഎംഒയുടെ സഹായത്തോടെയാണ് പിന്നീട് ജീവൻ നിലനിർത്തിയത്. ഞായറാഴ്‌ച രാത്രി എട്ടിന് അതീവ ഗുരുതരാവസ്ഥയിലായതോടെ ഡോ. വി പി ഗംഗാധരന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് ചേർന്നു. തുടർന്ന് 10.40-ന് മന്ത്രി പി രാജീവ് മരണവിവരം സ്ഥിരീകരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here