സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. മൃഗസംരക്ഷണ വകുപ്പുമായും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായും സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പിട്ടു. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നിവരുടെ സാന്നിധ്യത്തില്‍, സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് ഡയറക്ടറുടെ ചുമതലയുള്ള ബുഷ്റ എസ് ദീപ, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ സിന്ധു, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി ഡെപ്യുട്ടി ജനറല്‍ മാനേജര്‍ ജെന്നി പി ജോണ്‍ എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. പദ്ധതിയിലെ ആദ്യ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ പ്രകാശനം ചെയ്തു.
ചരിത്രത്തില്‍ ആദ്യമായിട്ടാണ് മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പുമായി ചേര്‍ന്ന് കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ ഗോസമൃദ്ധി പദ്ധതിയുമായി സംയോജിപ്പിച്ച് ആദ്യഘട്ടത്തില്‍ അമ്പതിനായിരം കന്നുകാലികള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നത്. ഈ വര്‍ഷം ഒരുലക്ഷം കന്നുകാലികള്‍ക്കെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ALSO READ:ശബ്ദം കേൾക്കാൻ റയിൽവേ ട്രാക്കിൽ ഡിറ്റണേറ്റർ വെച്ചു; ഒരാൾ അറസ്റ്റിൽ
65,000 രൂപ വരെ മതിപ്പുവിലയുള്ള കന്നുകാലികള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നത്. പൊതുവിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കാലികള്‍ക്ക് 50 ശതമാനവും, പട്ടികജാതി, പട്ടികവര്‍ഗ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കാലികള്‍ക്ക് 70 ശതമാനവും പ്രീമിയം തുക സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനി വഴി നടപ്പാക്കുന്ന പദ്ധതിയില്‍ ഒരുവര്‍ഷ ഇന്‍ഷുറന്‍സ് കാലയളവിലേക്കായി ഉരുവിന്റെ മതിപ്പുവിലയുടെ 4.48 ശതമാനമായിരിക്കും പ്രീമിയം തുക. മൂന്ന് വര്‍ഷത്തേക്ക് ഇന്‍ഷൂര്‍ ചെയ്യുന്നതിനായി മതിപ്പുവിലയുടെ 10.98 ശതമാനം പ്രീമിയം നിരക്കും നിശ്ചയിച്ചിട്ടുണ്ട്. 65,000 രുപ മതിപ്പ് വിലയുള്ള കാലിക്ക് ഒരുവര്‍ഷ പ്രീമിയം 2912 രൂപയായിരിക്കും. ഇതില്‍ പൊതുവിഭാഗത്തിലെ കുടുംബം 1456 രുപ അടച്ചാല്‍ മതി. തുല്യ തുക സര്‍ക്കാര്‍ വഹിക്കും. പട്ടികവിഭാഗ കുടുംബമാണെങ്കില്‍ 874 രുപ പ്രീമിയം നല്‍കിയാല്‍ മതിയാകും. 2038 രുപ സര്‍ക്കാര്‍ വഹിക്കും. മൂന്നു വര്‍ഷ പ്രീമിയത്തിനും ഇതേ നിരക്കില്‍ സബ്സിഡി ഉറപ്പാക്കിയിട്ടുണ്ട്.
ALSO READ:പമ്പ് ഡീലര്‍മാര്‍ക്ക് കമ്മീഷന്‍ തുക വര്‍ധിപ്പിച്ചു; സംസ്ഥാനത്തെ പെട്രോള്‍- ഡീസല്‍ വിലയിലും മാറ്റം
പദ്ധതിയില്‍ കര്‍ഷകര്‍ക്കുള്ള പേര്‍സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് നേരിട്ട് നടപ്പിലാക്കും. ഇതനുസരിച്ച് പരമാവധി അഞ്ചുലക്ഷം രൂപ വരെയാണ് ഒരു കര്‍ഷകന് ലഭിക്കുന്ന പേര്‍സണല്‍ ആക്സിഡന്റല്‍ ഇന്‍ഷുറന്‍സ് കവറേജ്. ഒരു ലക്ഷം രൂപയ്ക്ക് 20 രൂപ എന്ന നിരക്കിലെ നാമമാത്ര പ്രീമിയം മാത്രമാണ് കര്‍ഷകന്‍ നല്‍കേണ്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here