പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും മാലിന്യമുക്ത നവകേരളം സാധ്യമാക്കാനും അതിദാരിദ്ര്യ നിര്‍മ്മാജന പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനും സംസ്ഥാനതലത്തില്‍ സംയോജിത പ്രവര്‍ത്തനം ആവിഷ്‌കരിക്കും. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സമിതി യോഗം ഇതിന് പ്രത്യേകമായി വിളിച്ചു ചേര്‍ക്കും. പാലിയേറ്റീവ് സ്ഥാപനങ്ങളുടെ കൂട്ടായ്മയുടെ യോഗവും ചേരും. ഈ പ്രവര്‍ത്തനങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ടികളെയും സഹകരിപ്പിക്കും. ഇതിന്റെ ഭാഗമായി ചേരുന്ന പ്രത്യേക യോഗങ്ങളെ മുഖ്യമന്ത്രി നേരിട്ട് അഭിസംബോധന ചെയ്യും.
ഭക്ഷണം കൊടുക്കല്‍ മാത്രമല്ല, ജീവിക്കാനുള്ള വരുമാനവും ഉണ്ടാകലാണ്
ദാരിദ്ര്യത്തില്‍ നിന്നും മുക്തമാക്കല്‍ എന്നതുകൊണ്ട് ഉദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രായമുള്ള ജോലി ചെയ്യാന്‍ പറ്റാത്തവര്‍, രോഗം കാരണം ജോലി ചെയ്യാന്‍ പറ്റാത്തവര്‍ എന്നിങ്ങനെയുള്ളവരെ ഒഴിവാക്കിയാല്‍ ജോലി ചെയ്ത് വരുമാനം കണ്ടെത്താനാകുന്നവര്‍ക്ക് അത്തരത്തില്‍ സഹായം നല്‍കണം. ഒരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും അവരുടെ പ്രദേശത്തെ അതിദാരിദ്ര്യ കുടുംബങ്ങളെ മുക്തരാക്കാനുള്ള നടപടിയെടുക്കണം. തൊഴിലുറപ്പ് പദ്ധതിയില്‍ ഇത്തരക്കാരെ പെടുത്താവുന്നതാണ്. ഓരോ കുടുംബത്തിന്റെയും സവിശേഷത മനസിലാക്കിയുള്ള ഇടപെടലാണ് ഉണ്ടാകേണ്ടത്. അതിദാരിദ്ര്യ മുക്തമാണോ എന്നതിന്റെ പുരോഗതി പ്രാദേശികമായി വിലയിരുത്താന്‍ ജനകീയ സമിതി പ്രവര്‍ത്തിക്കണം.
ഓരോ വകുപ്പിനുമുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉപയോഗപ്പെടുത്താനാകണം. സഹായ ഉപകരണങ്ങള്‍ ആവശ്യമായി വരുന്നവര്‍ക്ക് വിതരണം ചെയ്യണം. ഇതിന് മാറ്റിവെച്ച തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൃത്യമായി ചിലവഴിക്കണം. വീട് നിര്‍മ്മാണത്തിന് സ്‌പോണ്‍സര്‍ഷിപ്പുകള്‍ സംഘടിപ്പിക്കാനാകണം.
കെയര്‍ഫണ്ട് എന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ആശയം ഫലപ്രദമായി നടപ്പാക്കണം. മൈക്രോ പ്ലാന്‍ വഴി എല്ലാ വകുപ്പുകളും പങ്കുചേര്‍ന്ന പദ്ധതി നടപ്പാക്കണം. ജില്ലകളില്‍ കളക്ടര്‍മാര്‍ മൊത്തം പദ്ധതി അവലോകനം ചെയ്യണം. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ എന്നിവര്‍ ഫലപ്രദമായി ഇടപെടണം. ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും അവലോകന സമിതി മാസത്തില്‍ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തണം. തദ്ദേശസ്വയംഭരണ അവലോകനവും മാസത്തില്‍ നടത്തണം. നോഡല്‍ ഓഫീസറെ നിയമിക്കണം. അതിദാരിദ്ര്യമുക്തമായാല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് 2025 നവംബര്‍ ഒന്ന് വരെ കാത്തുനില്‍ക്കാതെ പ്രഖ്യാപനം നടത്താവുന്നതാണ്.
മാലിന്യ മുക്തം നവകേരളം എന്ന ജനകീയ ക്യാംപെയിന്‍ ഒറ്റക്കെട്ടായി, ജനങ്ങളെ അണിനിരത്തി നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരിലും ഇതിന്റെ സന്ദേശം എത്തിക്കല്‍ പ്രധാനമാണ്. നാടാകെ സമ്പൂര്‍ണ ശുചിത്വം എന്നതാകണം ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: ഏലത്തൂരില്‍ ഇന്ധന ചോര്‍ച്ച; ഡീസല്‍ ഓവുചാലിലേക്ക് ഒഴുകുന്നു
മാര്‍ച്ച് 30ഓടെ കേരളം സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം നടത്തണം. അയല്‍ക്കുട്ടങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍, ഗ്രാമം, നഗരം, ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയൊക്കെ ഹരിതമാകണം. ഇതിന് നിര്‍വ്വഹണ സമിതികള്‍ രൂപീകരിക്കാത്ത വാര്‍ഡുകളില്‍ ഈ മാസം തന്നെ രൂപീകരിക്കണം.
നിര്‍ച്ചാലുകളിലെ ജലസ്രോതസുകളില്‍ വീടുകളിലും മറ്റും സ്ഥാപിച്ച മലിനജല കുഴല്‍ എത്തുന്നുണ്ടെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. ഇ-കോളി സാന്നിധ്യം പരിശോധിക്കുന്നതിന് സംവിധാനം ഒരുക്കണം. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്ത?ണം. സെപ്റ്റിക് ടാങ്കുകള്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കണം. പൊതുമാലിന്യം ശേഖരിക്കാനും സംസ്‌ക്കരിക്കാനും സംവിധാനം വേണം. ജൈവമാലിന്യ സംസ്‌ക്കരണത്തിന് വീടുകളിലും മറ്റും സ്ഥാപിച്ച സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കണം. ഇല്ലെങ്കില്‍ അറ്റകുറ്റപണി നടത്തിക്കണം. ഫ്‌ലാറ്റ്, റസിഡന്‍സ് അസോസിയേഷന്‍ എന്നിവിടങ്ങളില്‍ കമ്മ്യൂണിറ്റി ജൈവ മാലിന്യ സംസ്‌ക്കരണ സംവിധാനം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ ഉള്‍പ്പെടെ മുഴുവന്‍ പേരെയും സര്‍ക്കാര്‍ വിളിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് പ്രധാന പങ്ക് വഹിക്കേണ്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രോഗികളുടേത് മാത്രമല്ല, പ്രായമുള്ളവരുടെ പ്രശ്‌നങ്ങളും ശ്രദ്ധിക്കാനാകണം. ഇതിനായി നിരവധി ഏജന്‍സികള്‍ ഇപ്പോള്‍ തന്നെയുണ്ട്. ഇവരെയും ഇതിന്റെ ഭാഗമാക്കാണം. ഒരുതരത്തിലുള്ള വിവേചനവും ഇല്ലാതെ, തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ ഇവരുടെ രജിസ്‌ട്രേഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നടത്തണം. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും അവരുടെ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ വിശദാംശം ശേഖരിക്കണം.
രോഗികള്‍, വയോജനങ്ങള്‍ ഭിന്നശേഷിക്കാര്‍ എന്നിങ്ങനെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, എപിഎല്‍ ബിപിഎല്‍ വ്യത്യാസമില്ലാത്ത പരിചരണമാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് ഡൊമിസിലിയറി കെയര്‍ പദ്ധതി വിപുലീകരിക്കും. വ്യക്തിഗത പരിചരണത്തിനുള്ള ആസൂത്രണം പഞ്ചായത്ത് തലത്തില്‍ ഉണ്ടാകണം. തദ്ദേശസ്വയംഭരണ വകുപ്പാണ് നേതൃത്വം നല്‍കേണ്ടതെങ്കിലും ആരോഗ്യ, സാമൂഹ്യ നീതി വകുപ്പുകളും ഫലപ്രദമായി ഇടപെടണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. നിരാലംബരായ വയോജനങ്ങളെ പാര്‍പ്പിക്കുന്ന വൃദ്ധമന്ദിരങ്ങള്‍ നിലവിലുണ്ട്. അത്തരം സ്ഥാപനങ്ങളിലും സേവനം ലഭ്യമാകുന്നു എന്ന് ഉറപ്പാക്കണം. വയോമിത്ര പദ്ധതി, ഡൊമിസിലിയറി കെയര്‍ പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ട് പോകണം. ജില്ലാ, ബ്ലോക്ക് തലത്തില്‍ ഏകോപനം ഉണ്ടാകണം. ജില്ലാതലത്തില്‍ ജില്ലാ കളക്ടറും ഇക്കാര്യം ശ്രദ്ധിക്കണം. നാട്ടില്‍ പരിചരണം ലഭിക്കാത്ത ആരും ഉണ്ടാകരുതെന്നതാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ മന്ത്രിമാരായ എം ബി രാജേഷ്, ആര്‍ ബിന്ദു, ഒ ആര്‍ കേളു, കോര്‍പ്പറേഷന്‍ മേയര്‍മാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധികള്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം എബ്രഹാം, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here