കേരളത്തിലെ കാര്‍ഷികരംഗത്തിനു പുതുജീവന്‍ പകരാന്‍ കഴിയുന്ന ഒട്ടേറെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും കൊണ്ട് രാജ്യാന്തര സഹകരണസമ്മേളനത്തിന്റെ മൂന്നാംദിനം ശ്രദ്ധേയമായി. ആധുനിക സാങ്കേതികരീതികളും ഉയര്‍ന്ന ഉത്പാദനക്ഷമതയുമുള്ള നെതര്‍ലാന്‍ഡ്‌സിലെ കാര്‍ഷികമേഖലയുടെ അനുഭവങ്ങളും സമ്പ്രദായങ്ങളും ‘സുസ്ഥിരകൃഷി: കേരളത്തിന്റെ സുസ്ഥിര ഭക്ഷ്യസുരക്ഷയ്ക്കും സുരക്ഷിതഭക്ഷണത്തിനും വേണ്ട പാഠങ്ങള്‍’ എന്ന വട്ടമേശസമ്മേളനത്തില്‍ ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചയ്ക്കു വഴിയൊരുക്കി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തോട് അനുബന്ധിച്ചാണ് കോഴിക്കോട് ഐഐഎമ്മുമായി സഹകരിച്ച് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സിന്റെ 18-ആമത് ഏഷ്യ-പസഫിക് സംംമേളനം സംഘടിപ്പിച്ചിരിക്കുന്നത്.
പുതിയ ഗവേഷണഫലങ്ങള്‍ കര്‍ഷകരിലേക്ക് എത്തിക്കാന്‍ ഗവേഷകരും ഗവേഷണവിദ്യാര്‍ത്ഥികളും പാടത്തേക്കിറങ്ങണമെന്ന് ഡച്ച് കാര്‍ഷികവിദഗ്ദ്ധനും നെതര്‍ലാന്‍ഡ്‌സിലെ അഗ്രിഗ്രേഡ് ഡയറക്ടറുമായ സീസ് വാന്‍ റിജ് നിര്‍ദ്ദേശിച്ചു. ”ഞങ്ങളുടെ നാട്ടില്‍ അങ്ങനെയാണ്. കൂടാതെ, അവിടെ കാര്‍ഷികമേഖലയ്ക്കായി മാത്രം നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സംവിധാനവും ഇന്‍കുബേറ്ററുകളും ഉണ്ട്. എല്ലാ നൂതനാശയങ്ങളും കര്‍ഷകര്‍ക്കു ലഭിക്കുന്നുവെന്നും ഉറപ്പാക്കും.”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കാര്‍ഷികവെല്ലുവിളികളും ഡച്ച് മാതൃകയിലെ പരിഹാരങ്ങളും ഒന്നൊന്നായി നിരത്തിയ അദ്ദേഹം കാര്‍ഷികപരിവര്‍ത്തനത്തിന് മേഖലാധിഷ്ഠിതവികസനം, നൂതനാശയങ്ങളുടെ നടപ്പാക്കല്‍, നിക്ഷേപതന്ത്രങ്ങള്‍, നയസഹകരണം, സാമൂഹികസംഘാടനം എന്നീ അഞ്ചു നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു.
കാര്‍ഷികമേഖലയ്ക്ക് ഫലപ്രദമായ നയങ്ങളും പ്രയോഗങ്ങളും നിറവേറ്റുന്നതില്‍ കര്‍ഷകര്‍ക്കിടയിലും നയാവിഷ്‌ക്കര്‍ത്താക്കളുമായും വിദ്യാഭ്യാസസ്ഥാപനങ്ങളുമായും ഉള്ള സഹകരണം വളരെ പ്രധാനമാണ്. സാമൂഹികയിടപെടല്‍ ശക്തിപ്പെടുത്താനും ഫലപ്രദമായ വിതരണശൃഖല വികസിപ്പിക്കാനും ഡച്ചുമാതൃക കേരളത്തിനു വളരെ സഹായകമാകും. ”തദ്ദേശീയകര്‍ഷകര്‍ക്ക് ഉപഭോക്താവിനെ നേരിട്ടു ബന്ധപ്പെടുത്തുന്ന നീളം കുറഞ്ഞ വിതരണശൃംഖല ആവശ്യപ്പെടുകയും സുസ്ഥിരതയും കാര്‍ഷികവൃത്തികളില്‍ ധനം ചംക്രമണം ചെയ്യുന്ന സമ്പദ്ഘടനയും ശക്തിപ്പെടുത്തുകയും വേണം”, സ്സീസ് വാന്‍ റിജ് ആഹ്വാനം ചെയ്തു.
ALSO READ:പെരുംനുണകള്‍ക്കെതിരെ സമരമുന്നണി തീര്‍ത്ത് എംജി ക്യാമ്പസുകള്‍
കാര്‍ഷികോത്പാദനത്തില്‍ രാജ്യം സ്വയംപര്യാപ്തമാണെന്നു പറയുമ്പോഴും ഭക്ഷണത്തിന്റെ ലഭ്യതയും ഗുണമേന്മയും അത് ആര്‍ജ്ജിക്കാനുള്ള ജനതയുടെ കഴിവും വളരെ മോശമായിരിക്കുന്നതിലേക്ക് സെഷനില്‍ മോഡറേറ്റര്‍ ആയിരുന്ന നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്‍ഡ്യ ഉപദേഷ്ടാവ് ഡോ. സാഗര്‍ കിസാന്‍ വാഡ്കര്‍ വിരല്‍ ചൂണ്ടി. ഭക്ഷണക്കുറവും കഴിക്കുന്ന ഭക്ഷണത്തിലെ പോഷണക്കുറവും ഗുരുതരമായ പ്രശ്‌നങ്ങളാണ്. കര്‍ഷകരാണെങ്കില്‍ വായ്പ ലഭിക്കാതെയും ഇടത്തട്ടുകാരുടെ ചൂഷണത്തിനിടയായും വലയുന്നു. കാലാവസ്ഥാമാറ്റത്തിന്റെ സാഹചര്യത്തില്‍ കേരളം സുസഥിരപരിഹാരമായി മില്ലറ്റ് കൃഷിയില്‍ ശ്രദ്ധയൂന്നണമെന്നും അദ്ദേഹം പറഞ്ഞു.
ഇടപെടലുകളും സാങ്കേതികമുന്നേറ്റവും ഒക്കെ ഉണ്ടായിട്ടും രാജ്യത്തെ കര്‍ഷകരുടെ വരുമാനക്കുറവും കടബാദ്ധ്യതയും പരിഹാരമില്ലാതെ തുടരുകയാണെന്ന് തിരുനെല്ലി അഗ്രി പ്രൊഡ്യൂസേഴ്‌സ് കമ്പനി ഡയറക്ടര്‍ ശ്രീധര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ”ഇന്‍ഡ്യന്‍ കര്‍ഷകരില്‍ പകുതിയും കടക്കാരാണ്. 2001-നു 2016-നും ഇടയിലെ വിലനഷ്ടം 45 ലക്ഷം കോടി രൂപയാണ്. മിക്കപ്പൊഴും ന്യായമായ വിപണിവില ലഭിക്കുന്നില്ല. സഹകരണമേഖലയ്ക്ക് ഇതില്‍ പല പ്രശ്‌നങ്ങളും ഗണ്യമായി പരിഹരിക്കാനാകും.” അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കാര്‍ഷികമേഖലയില്‍ അടിയന്തരമായി ഘടനാപരിഷ്‌ക്കരണം ആവശ്യമാണെന്ന പൊതുസമീപനമാണ് വട്ടമേശയില്‍ ഉരുത്തിരിഞ്ഞത്. സഹകരണസ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, സര്‍ക്കാര്‍, വിവിധ ഏജന്‍സികള്‍ തുടങ്ങിയവയുടെ ഏകോപിച്ച പ്രവര്‍ത്തനവും സമ്മേളനം ഊന്നിപ്പറഞ്ഞു.
വട്ടമേശസമ്മേളനത്തിനു പുറമെ സഹകരണപ്രസ്ഥാനം, ഡിജിറ്റൈസേഷന്‍, കൃഷിയും കര്‍ഷകരും, മനുഷ്യവിഭവവും നയങ്ങളും സമ്പ്രദായങ്ങളും, കൈത്തറി, ഡിജിറ്റല്‍ പരിവര്‍ത്തനം, നേതൃത്വം, ബാങ്കിങ്ങും ധനകാര്യവും, മേഖലയിലെ നൂതനാശയങ്ങള്‍ എന്നീ വിഷയങ്ങളില്‍ സമാന്തര സെഷനുകളും നടന്നു. ഈ സെഷനുകളില്‍ ഇന്നു മാത്രം 39 ഗവേഷണപ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ആകെയുള്ള 84 പ്രബന്ധങ്ങളില്‍ 64 എണ്ണവും ഇതോടെ പൂര്‍ത്തിയായി. ആറു സമാന്തരസെഷനുകളും കൂപ് പിച്ച് അവസാനറൗണ്ട്, വിജയികളുടെ പ്രഖ്യാപനം, മൗറിറ്റ്‌സ് ബോണൊ അവാര്‍ഡ് പ്രഖ്യാപനം സമാപന സമ്മേളനം എന്നിവയോടെ അന്താരാഷ്ട്രസമ്മേളനത്തിന് ഇന്നു കൊടിയിറങ്ങും.
ALSO READ:തിരുവനന്തപുരത്ത് 15 വാർഡുകളിൽ നാളെയും മറ്റന്നാളും ജലവിതരണം മുടങ്ങും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here