ഇന്ന് മെയ് ഒന്ന് അഖിലലോക തൊഴിലാളി ദിനം. പണിക്ക് വേണ്ടി പകച്ചുനിന്ന കാലത്ത് നിന്ന് കൂലി കൂടുതൽ ചോദിക്കാൻ ഉശിര് കാട്ടിയതിൻ്റെ പരിണാമമുണ്ട് തൊഴിലാളിക്ക്. മുതലാളിത്തം എപ്പോഴും പകച്ചുനിൽക്കുമ്പോൾ ലോകത്തിൻറെ ചാലകശക്തിയായതിൻ്റെ ചരിത്രവും.
ഇപ്പോൾ നിങ്ങൾ ഞങ്ങളുടെ വാക്കുകൾ ഞെരിച്ചു കൊല്ലുന്നുണ്ടാകും; എന്നാൽ ഞങ്ങളുടെ മൗനം വാക്കുകളേക്കാൾ ശക്തമായി തീരുന്ന കാലം വരും- കൊലമരം പൂകുന്നതിന് മുമ്പ് ഓഗസ്റ്റ് സ്പൈസ് എന്ന ചിക്കാഗോ സമര പോരാളി താൻ പങ്കെടുത്ത സമരത്തിൻറെ ഭാവി പ്രവചിച്ചത് ഇങ്ങനെയാണ്. 1886 മെയ് ഒന്നിന് ചിക്കാഗോയിലെ തൊഴിലാളികൾ ഹേ മാർക്കറ്റിലേക്ക് ഒഴുകിയിറങ്ങിയതിൻ്റെ ആവേശം ഓർമ്മപ്പെടുത്തുകയാണ് ലോക തൊഴിലാളി വർഗ്ഗം. കൂലി കൂട്ടി ചോദിച്ചും എട്ട് മണിക്കൂറിൽ പണി ചുരുക്കണമെന്നും മുദ്രാവാക്യം മുറുക്കിയ സമരം.
അടങ്ങാത്ത തൊഴിലാളിവർഗ സമരോർമകളും അണ മുറിയാത്ത പ്രകടനങ്ങളുമെല്ലാം ചേർന്ന് ഭൂമി ഇന്നൊരു മെയ്ഫ്ലവറായി മാറും. ചരിത്രം പൊടുന്നനെ ഒരു വർത്തമാനമായി മാറും. പണിയെടുക്കുന്നവരുടെ പുതുലോകം പുലരുക തന്നെ ചെയ്യുമെന്ന് ലോകം ഉറപ്പിച്ചു പറയും. ലാറ്റിൻ അമേരിക്ക മുതൽ ഓസ്ട്രേലിയവരെയും ഇന്ത്യ മുതൽ യൂറോപ്പ് വരെയും നിറം പടരും.
പെൻഷൻ പ്രായം കൂട്ടിയും തൊഴിലില്ലാ വേതനം വെട്ടിക്കുറച്ചും തൊഴിൽ നൽകാനുള്ള സർക്കാർ ചുമതലകളിൽ നിന്ന് ഓടിയൊളിച്ചുമൊന്നും കരകയറാൻ കഴിയാതെ കിതയ്ക്കുകയാണ് മുതലാളിത്തം. നീട്ടിയെറിഞ്ഞ ചാപ്പക്ക് വേണ്ടി തൊഴിലാളികളെ തമ്മിലടിപ്പിച്ചവർ തന്നെ തന്ത്രങ്ങൾ മാറ്റിപ്പിടിച്ച് പിടിച്ചുനിൽക്കാനുള്ള തത്രപ്പാടിലാണ്.
കടുത്ത ജനകീയ പ്രതിഷേധങ്ങൾക്ക് മുഖവില കൊടുക്കാത്ത സ്വേച്ഛാധിപതികൾ നാടുവാഴുന്ന കാലമാണിത്. തൊഴിൽ നഷ്ടപ്പെട്ട ചുമട്ടുതൊഴിലാളിയും പിരിച്ചുവിടപ്പെട്ട ഐ ടി തൊഴിലാളിയുമെല്ലാം പണിതെടുത്ത ലോകമാണിത്. അവകാശങ്ങൾ അനശ്വരമാക്കാനുള്ള പോരാട്ടങ്ങൾ ഒരു തലമുറയിൽ മാത്രം കൂട്ടിക്കെട്ടാതെ ഇനിയും കടുപ്പത്തിൽ തുടരുക തന്നെ ചെയ്യും. കുറേക്കൂടി മെച്ചപ്പെട്ടതും സന്തുലിതവുമായ ഭൂമി ഉദയം ചെയ്യുക തന്നെ ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here