“ഈ ചെറിയ സമയം കൊണ്ട് ആളുകൾക്ക് എങ്ങനെ കണക്റ്റ് ആകുമെന്ന പേടിയുണ്ടായിരുന്നു…”: ‘ബോഗയ്ൻവില്ല’ സിനിമയെക്കുറിച്ച് നവീനയുമായി നടത്തിയ അഭിമുഖം

Naveena VM Interview

ഈയടുത്ത് പുറത്തിറങ്ങി ഏറെ പ്രേക്ഷകശ്രദ്ധയാകർഷിച്ച ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്ത ‘ബോഗയ്ൻവില്ല’. ലാജോ ജോസ് എഴുതിയ റൂത്തിന്റെ ലോകം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ചെയ്തിട്ടുള്ളത്. ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിങ്ങനെ ജനപ്രിയ താരങ്ങളെ അണിനിരത്തിയാണ് ഈ സിനിമ പ്രേക്ഷകരിലേക്കെത്തിച്ചത്.

ബൊഗൈൻവില്ലയിൽ ജനപ്രിയ താരങ്ങൾക്കൊപ്പം തന്നെ ശ്രദ്ധ നേടിയ ഒരു കഥാപാത്രമായിരുന്നു ജോലിക്കാരൻ വറീതിന്റെ ഭാര്യ. കോഴിക്കോട് സ്വദേശിയും, തിയറ്റർ ആർട്ടിസ്റ്റുമായ നവീന വിഎം ആണ് ആ കഥാപാത്രമായി നമ്മുക്ക് മുന്നിലെക്കെത്തിയത്. വളരെ ചുരുങ്ങിയ സമയത്തിൽ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നതിൽ നവീന വിജയിച്ചു. സിനിമയെക്കുറിച്ചും, സിനിമ റിലീസിന് ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ചും നവീന കൈരളി ന്യൂസിനോട്. നവീനയുമായുള്ള അഭിമുഖം…

സിനിമ റിലീസിന് ശേഷമുള്ള പ്രതികരണങ്ങൾ…

ഈ സിനിമയിൽ ഏറിപ്പോയാൽ എനിക്ക് ആകെ 5 മിനുട്ടോളം സമയമാണ് സ്‌ക്രീനിൽ ഉണ്ടായിരുന്നത്. എങ്കിലും കഥയിൽ ഈ ക്യാരക്ടറിന് വളരെ പ്രാധാന്യമുണ്ടെന്ന് അമൽ നീരദ് സർ ആദ്യമേ തന്നെ പറഞ്ഞിരുന്നു. അപ്പോഴും ഈ ചുരുങ്ങിയ സമയത്തിൽ ഇതെങ്ങനെ ആളുകൾക്ക് കൺവിൻസ് ആകുമെന്ന ഒരു ആശങ്കയും എനിക്കുണ്ടായിരുന്നു. സിനിമ മേഖലയിലുള്ളവർക്കെങ്കിലും മനസിലാകുമായിരുക്കുമെന്നാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ ഒരു സാധാരണ പ്രേക്ഷകന് വന്നിട്ട് ഈ കഥാപാത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ എനിക്ക് മനസിലായി ഞാൻ ചെയ്തത് ആളുകളിലേക്ക് എത്തിയിട്ടുണ്ടെന്ന്. ഞാനും തീരെ പ്രതീക്ഷിക്കാത്ത റെസ്പോൺസ് ആയിരുന്നു അത്.

സിനിമ റിലീസിന് ശേഷം ആളുകൾ തിരിച്ചറിയുന്നു എന്നതിലപ്പുറം, നമ്മളെ അറിയാത്തവർ പോലും സോഷ്യൽ മീഡിയയിലൂടെ വരെ മെസ്സേജ് അയക്കുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ആ ഒരു നോട്ടം നന്നായിരുന്നു എന്നൊക്കെ പറയുന്നതാണ് എനിക്ക് ഏറെ സന്തോഷം നൽകുന്ന കാര്യങ്ങൾ. ഇനി മുന്നോട്ടും ഈ കഥാപാത്രത്തിന്റെ പ്രസന്റേഷൻ കണ്ട് ഇഷ്ടപ്പെട്ട് വിളിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

Also Read; ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി ലക്കി ഭാസ്‌ക്കര്‍; ആദ്യ ദിനം വമ്പൻ കളക്ഷൻ

അമൽ നീരദ് സിനിമയിലേക്കുള്ള വിളി…

ഞാനൊരു ഫോട്ടോഷൂട്ടിനിടയിൽ നിൽക്കുമ്പോഴായിരുന്നു എനിക്ക് ഈ സിനിമക്കായുള്ള കോൾ വരുന്നത്. ഞാൻ അത്രയേറെ ആരാധിക്കുന്ന ഒരു സംവിധായകൻ കൂടിയാണ് അമൽ നീരദ്. ബിഗ് ബി ഒക്കെ റിലീസ് ആകുമ്പോൾ ഞാൻ ഏഴാം ക്ലാസിലോ മറ്റോ പഠിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സിനിമയിൽ ഒരു ചെറിയ റോളെങ്കിലും കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്ന സമയത്താണ് ഇങ്ങനെയൊരു കോൾ വരുന്നത്. ശെരിക്കും പറഞ്ഞാൽ ഞെട്ടിപ്പോയി. എന്താ പറയേണ്ടതെന്ന് പോലും അറിയില്ലായിരുന്നു. ഭയങ്കര സന്തോഷം തോന്നി. എന്റെ ഒരു സുഹൃത്താണ് എന്റെ ഫോട്ടോ അയക്കുന്നത്. ഫോട്ടോ കണ്ട് വർക്ക് ആയതുകൊണ്ട് സർ എന്നെ കാണാൻ വിളിച്ചു ഓഫീസിലേക്ക്‌. ഒഡീഷനായൊന്നും സർ നടത്തിയില്ല. ഒരു വിശ്വാസം എന്നുള്ള നിലയിൽ ആ റോൾ എന്നെ ഏൽപ്പിച്ചു. ആ വിശ്വാസം കാത്തുസൂക്ഷിക്കാൻ ആ റോൾ ഭംഗിയായി ചെയ്യുകയായിരുന്നു എന്റെ ഡ്യൂട്ടി.

നമ്മുക്ക് നേരിട്ടും, സ്‌ക്രീനിൽ കാണുന്നതും തമ്മിൽ പ്രായത്തിൽ വ്യത്യാസം തോന്നുമല്ലോ. എന്നെ നേരിൽ കണ്ടപ്പോൾ തന്നെ പ്രായത്തെക്കുറിച്ച് അമൽ സാറിന് ഒരു സംശയമുണ്ടായിരുന്നു, എങ്ങനെ സ്‌ക്രീനിൽ പ്രായം തോന്നുമെന്നായി. അപ്പോൾ ഞാനാണ് പറഞ്ഞത് എനിക്ക് സാരിയുടുത്താൽ പ്രായം കൂടുതൽ തോന്നുമെന്ന്. വറീത് ഓൾറെഡി പ്രായമുള്ളയാളാണ്, അപ്പോൾ അയാളുടെ ഭാര്യയെന്ന് പറയുമ്പോൾ പ്രായവും കൺവിൻസ് ആകണമല്ലോ. പിന്നെ കോസ്റ്റ്യൂം റെഡി ആയപ്പോൾ തന്നെ സ്ക്രീൻ ഏജ് സെറ്റ് ആയെന്നാണ് വിശ്വാസം.

കഥാപാത്രം ഏറ്റെടുക്കുമ്പോൾ…

ഫ്ലാഷ്ബാക്കിൽ മാത്രം വന്നുപോകുന്ന ഒരു കഥാപാത്രമാണ് എന്റേത്. എഡിറ്റൊക്കെ കഴിഞ്ഞാൽ ഇത് എങ്ങനെയാവും പുറത്തേക്കെത്തുന്നതെന്ന് പോലും നമുക്ക് ഒരു ഐഡിയ ഉണ്ടാവില്ല. എന്നാൽ സിനിമ പുറത്തിറങ്ങിയശേഷം എല്ലാവരും എന്നോട് പറഞ്ഞത് ആ നോട്ടം സ്‌ട്രൈക്കിങ് ആയിരുന്നു എന്നാണ്. ആ കുട്ടിക്കൊപ്പമുള്ള കുറച്ചുകൂടി സീനുകൾ ചിത്രീകരിച്ചിരുന്നു. ഇന്ത്യയിൽ അതുൾപ്പെടുത്തിയിട്ടില്ല എങ്കിൽ പോലും ആളുകൾക്ക് അത് കണക്ട് ആയി എന്നറിഞ്ഞപ്പോൾ വളരെയധികം സന്തോഷം തോന്നി. എന്നെ ഏൽപ്പിച്ച ജോലി വൃത്തിക്ക് ചെയ്തു എന്നൊരു സംതൃപ്തിയുമുണ്ടായി.

ഈ സിനിമക്കുവേണ്ടിയുള്ള ആദ്യത്തെ കോൾ ഞാൻ നവീനയായി തന്നെയാണ് അറ്റൻഡ് ചെയ്തത്. എന്നാൽ അടുത്ത കോൾ മുതൽ ഒരു ആർട്ടിസ്റ്റ് എന്ന രീതിയിലാണ് ഈ സിനിമയെയും, ആ ക്യാരക്ടറിനെയും ഞാൻ അപ്പ്രോച്ച് ചെയ്തത്. സിനിമയിൽ നെഗറ്റിവ് ഷേഡിലുള്ള റോളിലേക്ക് ആദ്യം തന്നെയെത്തുമ്പോൾ മുന്നോട്ട് എങ്ങനെ എന്ന ടെൻഷൻ ആദ്യമൊക്കെ ഉണ്ടായിരുന്നു. എന്നാൽ ഒരു ആർട്ടിസ്റ്റ് ആയിട്ടേ ഞാൻ പിന്നീട് അതിനെക്കുറിച്ച് ചിന്തിച്ചിട്ടുള്ളു. നമുക്ക് കിട്ടുന്ന റോൾ, ഏതായാലും അത് വൃത്തിയിൽ അവതരിപ്പിക്കുകയെന്നായിരുന്നു എന്റെ ഭാഗം.

Also Read; ഇതുവരെ ആരും അറിയാത്ത നയന്‍താരയുടെ കഥ: ഡോക്യുമെന്‍ററിയുടെ റിലീസ് തിയതി പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്

ആരാണ് നവീന…

കോഴിക്കോട് പെരുമണ്ണയാണ് എന്റെ സ്വദേശം. ഞാൻ പഠിച്ചതും കോഴിക്കോട് തന്നെയാണ്. കോഴിക്കോട് പ്രസ് ക്ലബ്ബിൽ നിന്ന് ജേർണലിസത്തിൽ പിജി ചെയ്തിരുന്നു. ശേഷമാണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പെർഫോമിംഗ് ആർട്സിൽ വീണ്ടും പിജി ചെയ്തത്. ഇപ്പോൾ സര്‍ക്കാരിന്‍റെ വജ്രജൂബിലി ഫെലോഷിപ്പിന്‍റെ ഭാഗമായി കൊച്ചിയിൽ അഭിനയ പരിശീലകയായിട്ടാണ് പ്രവർത്തിക്കുന്നത്. അതിന്റെ ഒപ്പം നാടകങ്ങൾ ചെയ്യുന്നുമുണ്ട്, സിനിമയിലേക്കും നോക്കുന്നുണ്ട്. നാടകത്തിലൂടെ വന്ന ആളാണ് ഞാൻ, അത് ഇപ്പോഴും കണ്ടിന്യൂ ചെയ്യുന്നുണ്ട്. മൂന്ന് വർഷമായി കൊച്ചിയിലാണ് താമസിക്കുന്നത്.

അഭിനയമാണ് പാഷൻ എന്ന് തിരിച്ചറിഞ്ഞ നിമിഷം…

സ്കൂൾ കാലഘട്ടം മുതൽ അഭിനയം വളരെ ഇഷ്ടമായിരുന്നു. കണക്ക് പോലുള്ള വിഷയങ്ങൾ വളരെ ബുദ്ധിമുട്ടായിരുന്നു. അതേസമയം തന്നെ കുക്കറി ഷോ, ഇന്റർവ്യൂ എന്നീ കാര്യങ്ങൾ ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ജേർണലിസം പഠിക്കുമ്പോഴും എനിക്ക് റിപ്പോർട്ടിങ് പോലുള്ള കാര്യങ്ങളേക്കാൾ കൂടുതൽ ന്യൂസ് റീഡിങ്, ആങ്കറിങ് ഒക്കെയായിരുന്നു ഇഷ്ടം. ആ സമയത്താണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലേക്കുള്ള എൻട്രൻസ് പരീക്ഷ എഴുതുന്നതും, നാടകങ്ങളെയൊക്കെ വളരെ സീരിയസായി കാണാൻ തുടങ്ങിയതും. ശരിക്കും പറഞ്ഞാൽ 2017 മുതലാണ് സിനിമയൊക്കെ സീരിയസായി കാണുന്നത്. മറ്റുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നതിനേക്കാൾ സന്തോഷം ഈ മേഖലയിലാണെന്ന് ഞാൻ മനസിലാക്കി.

സിനിമയിലേക്കെത്താനുള്ള ഏറ്റവും വലിയ ചലഞ്ച്…

സത്യം പറഞ്ഞാൽ നമ്മുടെ ചലഞ്ചുകൾ തീരുന്നില്ല. നമ്മുക്ക് സർവൈവ് ചെയ്യണമെങ്കിൽ സ്ഥിരമായി സിനിമകൾ കിട്ടണം. ഞാൻ മാത്രമല്ല, എന്നെപ്പോലെ സ്ട്രഗിൾ ചെയ്യുന്ന ഒരുപാട് പേരുണ്ട് എനിക്ക് ചുറ്റും തന്നെ. അവരിലൊരാളായാണ് ഞാൻ സംസാരിക്കുന്നത്. തുടക്കമെന്ന നിലയിൽ നമ്മൾ സ്ഥിരമായി ഒഡീഷനുകളിൽ പങ്കെടുക്കണം. ഇതിനായി തന്നെ സിറ്റിയിലേക്ക് ഷിഫ്റ്റായ ഒരുപാടാളുകളുണ്ട് എന്നെപ്പോലെ. എപ്പോഴാണ് വർക്ക് കിട്ടുന്നതെന്നറിയില്ല. അതുകൊണ്ടുതന്നെ എന്നെപ്പോലുള്ളവരുടെ ഏറ്റവും വലിയ ചലഞ്ച് ഫിനാൻഷ്യൽ സ്ട്രഗിൾ തന്നെയാണ്.

വരുംകാല പ്രൊജക്ടുകൾ…

നിലവിൽ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല, ചർച്ചകൾ നടക്കുന്നുണ്ട്. സോണി ലിവിൽ ഒരു വെബ് സീരീസാണിപ്പോൾ കമ്മിറ്റ് ചെയ്തിട്ടുള്ളത്. ബൊഗൈൻവില്ല കണ്ട് ഇഷ്ടപ്പെട്ട് ആരെങ്കിലുമൊക്കെ വിളിക്കുമെന്നാണ് പ്രതീക്ഷ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News