കേന്ദ്രമന്ത്രിയും സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും നടനുമായ സുരേഷ് ഗോപിക്ക് ‘ജാതി ഉന്മൂലനം’ (Annihilation of Caste) എന്ന പുസ്തകം വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ നൽകിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. അടുത്ത ജന്മത്തിൽ തനിക്ക് ബ്രാഹ്മണൻ ആകണമെന്ന് സുരേഷ് ഗോപി നേരത്തേ പറഞ്ഞത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിമരുന്നിട്ടിരുന്നു. അങ്ങനെയുള്ള ഒരാൾക്ക് നൽകേണ്ട പുസ്തകം തന്നെയാണ്, ഭരണഘടന ശിൽപി ഡോക്ടർ ബി ആർ അംബേദ്കർ എഴുതിയ ‘ജാതി ഉന്മൂലനം’ എന്നാണ് കൊൽക്കത്തയിലെ സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയ പറയുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ, സുരേഷ് ഗോപിയ്ക്ക് പുസ്തകം കൈമാറിയ സംഘത്തിലുണ്ടായിരുന്ന സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറി അശ്വിൻ അശോക് കൈരളി ന്യൂസ് ഓൺലൈൻ പ്രതിനിധി സുബിൻ കൃഷ്ണശോഭിനോട് സംസാരിക്കുന്നു.
* സുരേഷ് ഗോപിയ്ക്ക് ‘ജാതി ഉന്മൂലനം’ നൽകാനുള്ള സാഹചര്യം ഉണ്ടായതെങ്ങനെ ?
: കഴിഞ്ഞ അംബേദ്കർ ജയന്തിയുടെ ഭാഗമായി ക്യാംപസിൽ അംബേദ്കറിന്റെ പ്രതിമ വിദ്യാർത്ഥി യൂണിയൻ സ്ഥാപിച്ചിരുന്നു. പത്മശ്രീ ജേതാവും ഫോട്ടോഗ്രാഫറും ജേണലിസ്റ്റും ആക്ടിവിസ്റ്റുമായ സുധാരക് ഓൾവേയായിരുന്നു പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമ അനാച്ഛാദനം ചെയ്തതിന്റെ ഭാഗമായി യൂണിയൻ പ്രസിദ്ധീകരണശാലയായ പ്രോളിറ്റേ റിയൻ പ്രസ് ജാതി ഉന്മൂലനം പുന:പ്രസിദ്ധീകരിച്ചിരുന്നു. ശേഷം, ഈ പുസ്തകം ക്യാംപസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും യൂണിയൻ വിതരണം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായ ശേഷം ആദ്യമായാണ് സുരേഷ് ഗോപി ക്യാംപസിൽ എത്തിയത്. അദ്ദേഹത്തെ നേരിട്ട് കാണാനുള്ള അവസരം യൂണിയൻ പ്രതിനിധികൾ എന്ന നിലയ്ക്ക് ഞങ്ങൾക്ക് ലഭിച്ചു. ഈ അവസരത്തിലാണ് പുസ്തകം നൽകിയത്. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് സുഭരാമൻ, ഗ്രീവൻസ് കമ്മിറ്റി അംഗം ദിശ പിന്നെ ഞാനും ഉൾപ്പെട്ട സംഘമാണ് സുരേഷ് ഗോപിക്ക് പുസ്തകം കൈമാറിയത്.
* ബിജെപി നേതാവായ സുരേഷ് ഗോപിയെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് നിയമിച്ചപ്പോൾ വിദ്യാർത്ഥി യൂണിയന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഈ ആശയ സമരത്തിന്റെ ഭാഗം തന്നെയാണോ ഇതും?
: സുരേഷ് ഗോപി എന്ന വ്യക്തിയോട് ഞങ്ങൾക്ക് പ്രശ്നങ്ങളൊന്നുമില്ല. സുരേഷ് ഗോപി എന്ന ഹിന്ദുത്വ രാഷ്ട്രീയം പിന്തുടരുന്ന, ബിജെപി നേതാവിനോട് ആശയപരമായി വിയോജിപ്പുണ്ട്. അങ്ങനെയൊരാളെ സത്യജിത് റേ പോലുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് നിയമിച്ചതിൽ മുൻപ് ഞങ്ങൾ പ്രതിഷേധം ഉയർത്തിയിരുന്നു. അന്ന് ഉയർത്തിയ പ്രതിഷേധത്തിൽ ഇപ്പോഴും ഒട്ടും മാറ്റമില്ല. ആ ആശയ സമരത്തിന്റെ ഭാഗം എന്ന നിലയ്ക്കാണ് ജാതി ഉന്മൂലനം എന്ന ഈ പുസ്തകം തന്നെ കൈമാറിയതിലൂടെ ഞങ്ങൾ മുൻപോട്ടുവെച്ച സന്ദേശം.
* ‘ജാതി ഉന്മൂലനം’ പുസ്തകം വാങ്ങുമ്പോൾ സുരേഷ് ഗോപിയുടെ മുഖത്ത് ഒരു നീരസം പ്രകടമായിരുന്നു. അത് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നുമുണ്ട്. പുസ്തകം കൈപ്പറ്റിയ ശേഷം അതേക്കുറിച്ച് എന്തെങ്കിലും അദ്ദേഹം പറഞ്ഞോ?
: പുസ്തകം വാങ്ങിയ ശേഷം അദ്ദേഹം വ്യക്തിപരമായുള്ള വിയോജിപ്പുകൾ ഒന്നും തന്നെ അറിയിച്ചില്ല. പുസ്തകത്തിന്റെ പുറംചട്ട നോക്കുകയും ചില ഭാഗങ്ങൾ വായിക്കുകയും ചെയ്തു. ശേഷം ഞങ്ങളുടെ വ്യക്തിപരമായുള്ള കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന്റെ മുഖത്തുണ്ടായ ആ നീരസം ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല.
* ഹിന്ദുത്വ രാഷ്ട്രീയം പിന്തുടരുന്ന, അടുത്ത ജന്മത്തിൽ ബ്രാഹ്മണനാവണമെന്ന് പറയുന്ന തങ്ങളുടെ ചെയർമാൻ ജാതി ഉന്മൂലനം വായിച്ച് തിരിച്ചറിവുകൾ ഉണ്ടാവണമെന്ന നിർബന്ധത്തിന്റെ പുറത്താണോ ഈ പുസ്തകം കൈമാറിയത് ?
അംബേദ്കറിന്റെ ജാതി ഉന്മൂലനം രാജ്യത്തെ എല്ലാവരും വായിക്കണം എന്ന ആഗ്രഹം ഞങ്ങൾക്കുണ്ട്. അതിന്റെ ഭാഗമായാണല്ലോ വിദ്യാർത്ഥി യൂണിയൻ ഈ പുസ്തകം അച്ചടിച്ച് ക്യാംപസിലെ മുഴുവൻ പേർക്കും വിതരണം ചെയ്തത്. സുരേഷ് ഗോപിയെ പോലുള്ള ഹിന്ദുത്വ രാഷ്ട്രീയം പിന്തുടരുന്ന, അടുത്ത ജന്മത്തിൽ ബ്രാഹ്മണൻ ആകണമെന്ന് പറഞ്ഞ ഒരാൾ പ്രത്യേകിച്ചും ഈ പുസ്തകം വായിക്കണം. ഒരു ബിജെപി നേതാവിനെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് നിയമിച്ചതിലുള്ള വിയോജിപ്പ് ഞങ്ങൾക്ക് ഇപ്പോഴുമുണ്ട്. അക്കാദമിക് രംഗത്തിനെ പ്രതികൂലമായി ബാധിക്കും എന്നുള്ള ആശങ്കയിൽ നിന്നാണ് ഇങ്ങനെ ഒരു ഉറച്ച നിലപാടിലേക്ക് ഞങ്ങൾ എത്തിയത്. ആ നിലപാടിൽ ഒരുകാലത്തും മാറ്റം ഉണ്ടാവില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here