ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനു 24 റണ്‍സ് ജയം. ആര്‍ സി ബി ഉയര്‍ത്തിയ വിജയലക്ഷ്യം മറികടക്കാനാകാതെ പഞ്ചാബ് നിരയിലെ എല്ലാവരും പുറത്താകുകയായിരുന്നു.
തുടക്കത്തില്‍ പാളിയെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് കരകയറാമെന്ന പ്രതീക്ഷയിലേക്കാണ് പ്രഭ്‌സിമ്രാന്‍ സിംഗ് ബാറ്റു വീശിയത്. പ്രഭ്‌സിമ്രാന്‍ സിംഗും ജിതേഷ് ശര്‍മ്മയും നടത്തിയ ചെറുത്ത്‌നില്പ് പഞ്ചാബിന് പ്രതീക്ഷ നല്‍കിയെങ്കിലും 18.2 ഓവറില്‍ 150 റണ്‍സിന് ടീം ഓള്‍ഔട്ട് ആകുകയായിരുന്നു.
30 പന്തില്‍ നിന്ന് 46 റണ്‍സ് നേടിയ പ്രഭ്‌സിമ്രാന്‍ സിംഗ് മാത്രമാണ് പഞ്ചാബ് നിരയില്‍ പൊരുതി നിന്നത്. 41 റണ്‍സെടുത്ത് പ്രഭ്‌സിക്കൊപ്പം പിടിച്ചു നില്‍ക്കാന്‍ ജിതേഷ് ശര്‍മ്മ ശ്രമിച്ചെങ്കിലും , ഹര്‍ഷല്‍ പട്ടേലിന് മുന്നില്‍ അടിയറവു പറയുകയായിരുന്നു. മുഹമ്മദ് സിറാജിന്റെ തീപാറും സ്‌പെല്ലാണ് പഞ്ചാബിനെ വരിഞ്ഞു മുറുക്കിയത്.
തുടക്കത്തിലെ പവര്‍പ്ലേ മുതല്‍ തീപ്പന്തുകളുമായി ആര്‍സിബി ബൗളിംഗിന്റെ നിയന്ത്രണം ഏറ്റെടുത്ത സിറാജ് നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റ് സ്വന്തമാക്കിയത്. ടോസ് നേടി പഞ്ചാബ്, ബാംഗ്‌ളൂരിനെ ബാറ്റിംഗിനയച്ചെങ്കിലും ടോസിലെ നിര്‍ഭാഗ്യം ആര്‍സിബിയെ ബാറ്റിംഗില്‍ ബാധിച്ചില്ല.
വിരാട് കോലിയും-ഫാഫ് ഡൂപ്ലെസിയും ചേര്‍ന്ന് ഒരിക്കല്‍ കൂടി ആര്‍സിബിക്ക് തകര്‍പ്പന്‍ തുടക്കമിട്ടു, പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ആര്‍സിബിയെ 59 റണ്‍സിലെത്തിച്ചു. 31 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ഡൂപ്ലെസിയാണ് തകര്‍ത്തടിച്ചത്.
40 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച വിരാട് കോലി ഓപ്പണിംഗ് വിക്കറ്റില്‍ 137 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് മടങ്ങിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുമെന്ന് കരുതിയ ദിനേശ് കാര്‍ത്തിക്ക് 7 റണ്‍സെടുത്ത് മടങ്ങിയതോടെ 200 കടക്കുമെന്ന് തോന്നിച്ച ആര്‍സിബി റണ്‍സിലൊതുങ്ങി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here