ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തരിപ്പണമാക്കി സഞ്ജുവിന്റെ രാജസ്ഥാന്‍. യശ്വസി ജയ്സ്വാളും സഞ്ജുവും ചേര്‍ന്ന് നിഷ്പ്രയാസം കൊല്‍ക്കത്ത ഉയര്‍ത്തിയ 149 റണ്‍സ് മറികടക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനം ഉറപ്പിച്ചുള്ള പോരാട്ടമായിരുന്നു രാജസ്ഥാന്റേത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡ് അടിച്ചാണ് യശസ്വി ജയ്‌സ്വാള്‍ രാജസ്ഥാന് വിജയം നേടി കൊടുത്തത്. കേവലം 13 പന്തില്‍ നിന്നാണ് ജയ്‌സ്വാളിന്റെ അര്‍ധസെഞ്ചുറി നേട്ടം, രാഹുലിന്റെയും പാറ്റ് കമ്മിന്‍സിന്റെയും (14 പന്തില്‍) സംയുക്ത റെക്കോര്‍ഡാണ് ജയ്സ്വാള്‍ തകര്‍ത്തത്. ഏഴ് ഫോറും മൂന്ന് സിക്‌സറും പറത്തിയാണ് താരം അര്‍ദ്ധ സെഞ്ച്വറി നേടിയത്.
ഐപിഎല്ലിലെ അതിവേഗ അര്‍ധസെഞ്ച്വറി യശസ്വി ജയ്സ്വാളിന്
https://www.kairalinewsonline.com/yashasvi-jaiswal-fastest-half-century-in-ipl
ബൗണ്ടറി നേടി വിജയറണ്‍സ് കുറിച്ച താരം 47 പന്തില്‍ നിന്ന് 98 റണ്‍സാണ് അടിച്ചുകൂട്ടിയത്. സഞ്ജു 29 പന്തില്‍ 48 റണ്‍സ് നേടി പുറത്താവാതെ നിന്നു. റണ്‍സൊന്നുെമെടുക്കാതെ റണ്ണൗട്ടായ ജോസ് ബട്ട്‌ലര്‍ ആരാധകരെ നിരാശപ്പെടുത്തിയെങ്കിലും 9 വിക്കറ്റിന്റെ ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. രാജസ്ഥാന് വേണ്ടി യുസ്വേന്ദ്ര ചഹല്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. നാലോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങിയാണ് താരത്തിന്റെ നേട്ടം.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. അര്‍ധ സെഞ്ച്വറി നേടിയ വെങ്കടേഷ് അയ്യരുടെ ബാറ്റിങാണ് ടീമിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. താരം 42 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സുമായി 57 റണ്‍സെടുത്തു.
നിതീഷ് റാണ (22), റഹ്മാനുല്ല ഗുര്‍ബാസ് (18), റിങ്കു സിങ് (16), എന്നിവരാണ് പൊരുതിയ മറ്റു താരങ്ങള്‍. ജാസന്‍ റോയ് (10), ആന്ദ്ര റസ്സല്‍ (10), ശാര്‍ദുല്‍ ഠാക്കൂര്‍ (1), സുനില്‍ നരെയ്ന്‍ (6) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. അനകുല്‍ റോയ് ആറ് റണ്‍സുമായി പുറത്താകാതെ നിന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here