ഇരുപത് വർഷത്തോളമായി നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്‌തെന്ന കുറ്റത്തിന് യുവാവിനെ പരസ്യമായി തൂക്കിലേറ്റി ഇറാൻ. മുഹമ്മദ് അലി സലാമത്ത് എന്ന 43 കാരനെയാണ് തൂക്കിലേറ്റിയത്. പടിഞ്ഞാറന്‍ നഗരമായ ഹമേദാനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. ഇയാൾ നഗരത്തില്‍ ഫാര്‍മസിയും ജിംനേഷ്യവും നടത്തി വരികയായിരുന്നു. ഇരുന്നൂറോളം സ്ത്രീകൾ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു.
കഴിഞ്ഞ 20 വര്‍ഷമായി സ്ത്രീകളെ വഞ്ചിച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു. സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച ശേഷം ബലാത്സംഗം ചെയ്‌തെന്ന നിരവധി പരാതികൾ ഇയാള്‍ക്കെതിരേയുണ്ട്. വാഹഭ്യര്‍ഥന നടത്തിയാണ് പലരെയും ഇയാൾ ഉപദ്രവിച്ചത്. ചിലര്‍ക്ക് ഗര്‍ഭ നിരോധന ഗുളികകള്‍ നൽകുകയും ചെയ്തു. ഗര്‍ഭ നിരോധന ഗുളികകള്‍ക്ക് ഇറാനില്‍ കടുത്ത നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ നടന്നത്.
ഈ വര്‍ഷം ജനുവരിയിലാണ് മുഹമ്മദ് അലി സലാമത്ത് അറസ്റ്റിലാകുന്നത്. ഇതേതുടർന്ന് നൂറുകണക്കിന് ആളുകള്‍ നഗരത്തിലെ നീതിന്യായ വകുപ്പില്‍ തടിച്ചു കൂടി സലാമത്തിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെടുകയായിരുന്നു. ഇറാന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരാള്‍ക്കെതിരേ ഇത്രയേറെ ബലാത്സംഗ പരാതികള്‍ ലഭിക്കുന്നത്.
Also Read; ‘ഞാൻ ഇതാസ്വദിക്കുകയാണ്’: സൗദിയിൽ തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് നെയ്മർ
ഇറാനില്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ബലാത്സംഗവും വ്യഭിചാരവും. അതേസമയം, ഇറാനില്‍ വര്‍ധിച്ചു വരുന്ന വധശിക്ഷകളുടെ എണ്ണം മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധത്തിലേക്കും നയിച്ചിട്ടുണ്ട്. 2005-ല്‍ 20 കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഇരുപത്തിനാലുകാരനെ പരസ്യമായി തൂക്കിലേറ്റിയ സംഭവം ഉണ്ടായിരുന്നു.1997-ല്‍ ടെഹ്റാനില്‍ പെണ്‍കുട്ടികളേയും സ്ത്രീകളേയും തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ഇരുപത്തെട്ടുകാരനേയും തൂക്കിലേറ്റിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here