‘പോയത് എന്റെ നാടിന് ഏറ്റവും വേണ്ടപ്പെട്ട ആൾ’, ദുഃഖം പങ്കുവെച്ച് മന്ത്രി ആർ ബിന്ദു

ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി ആർ ബിന്ദു. ഇരിഞ്ഞാലക്കുട എന്ന ഞങ്ങളുടെ നാടിന് അത്രയും വേണ്ടപ്പെട്ടയാളാണ് പോയതെന്നും വളരെ അടുത്ത കുടുംബസുഹൃത്താണ് വിട്ടുപോയതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രി ആർ ബിന്ദുവിന്റെ അനുശോചനക്കുറിപ്പ് ചുവടെ;

നടനും മുൻ എംപിയും ഇരിങ്ങാലക്കുടയുടെ സ്വന്തം പുത്രനുമായ പ്രിയപ്പെട്ട ഇന്നസെന്റ് യാത്രയായിരിക്കുന്നു. അർബുദബാധിതനായി ഏറെനാളായി തുടരുന്ന ചികിത്സക്കിടെയാണ് അന്ത്യം.

നടനേക്കാൾ സ്വന്തം നാട്ടുകാരൻ എന്ന നിലയിലും അച്ഛന്റെയും അച്ഛന്റെ സഹോദരിയുടെയും ശിഷ്യനെന്ന നിലയിലും ചെറുപ്പം തൊട്ടേയുള്ള അടുപ്പം ഏറ്റവും സ്നേഹത്തോടെ ഓർക്കുന്നു. അച്ഛനോടും അച്ഛന്റെ സഹോദരിയോടുമുള്ള ബഹുമാനം എപ്പോഴും ഞങ്ങളുടെ സംഭാഷണങ്ങളിലും കണ്ടുമുട്ടലുകളിലും നിറഞ്ഞിരുന്നു.

അരനൂറ്റാണ്ടു കാലം ചലച്ചിത്രാസ്വാദകരുടെ ഹൃദയം നിറച്ച് നമ്മോടൊപ്പം ഇന്നസെന്റുണ്ടായി. സിനിമയിലെന്നപോലെ നേർജീവിതത്തിലും സൂക്ഷിച്ച നർമ്മമായിരുന്നു ഇന്നസെന്റിന്റെ വ്യതിരിക്തത.

നിർമ്മാതാവായി സിനിമയിൽ രംഗപ്രവേശം ചെയ്ത് അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവി വരെ അദ്ദേഹം വഹിച്ചു. 1972-ൽ നൃത്തശാല എന്ന ആദ്യ ചിത്രത്തിൽ തുടങ്ങി, ഹാസ്യനടനും സ്വഭാവനടനുമായി മുഖ്യശ്രദ്ധയിലേക്ക് ഉയർന്നപ്പോഴും സവിശേഷമായ ശരീരഭാഷയും നർമ്മോക്തി കലർന്ന അംഗവിക്ഷേപങ്ങളും ഗ്രാമ്യഭാഷയിലുള്ള സംഭാഷണങ്ങളും സ്വതസിദ്ധതയോടെ ഇന്നസെന്റ് നിലനിർത്തി.

കുഞ്ഞുങ്ങൾ തൊട്ട് പ്രായമായവരുടെ വരെ ഇഷ്ടഭാജനമായിരുന്നു ഇന്നസെന്റ്. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡ്, 2009ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് തുടങ്ങി ഇന്നസെന്റിന് അംഗീകാരങ്ങളുടെ നിറവേകാൻ നമുക്ക് സാധിച്ചു.

നടനെന്നതിനൊപ്പം തന്നെ മികച്ച രാഷ്ട്രീയപ്രവർത്തകൻ കൂടിയായി ഇന്നസെന്റ് നമുക്കുമുന്നിൽ സ്വയം തെളിയിച്ചു. 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയായി പാർലമെന്റിലും തിളങ്ങി. എംപി എന്ന നിലയിൽ സുസ്ഥിരമായ വികസനം മണ്ഡലത്തിന് ഇന്നസെന്റ് സമ്മാനിച്ചു. അഭൂതപൂർവ്വമായ വികസനപ്രവര്‍ത്തനങ്ങളാണ് ഇന്നസെന്റ് ജനപ്രതിനിധിയെന്ന നിലയ്ക്ക് നടപ്പാക്കിയത്.

മലയാളികൾക്കും സിനിമാപ്രേമികൾക്കും ഇന്നസെന്റിന്റെ വിയോഗം തീരാനഷ്ടം തന്നെയാണ്. വിടപറഞ്ഞെങ്കിലും ഇന്നസെന്റിന്റെ നർമ്മവും ചിരിയും അഭിനയമുഹൂർത്തങ്ങളും എന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കും.

ഇരിങ്ങാലക്കുടയുടെ മുഖംതന്നെ ആയിരുന്നു ഇന്നസെന്റ്. ഇരിങ്ങാലക്കുടയുടെ സാംസ്കാരികരംഗത്തും സജീവമായി നിറഞ്ഞുനിൽക്കാൻ എപ്പോഴും ഇന്നസെന്റ് സമയം കണ്ടെത്തിയത് ഏറ്റവും സ്നേഹ ബഹുമാനങ്ങളോടെ എന്നുമോർക്കും.

വേർപാടിൽ തീരാവേദനയോടെ,

ഡോ. ആർ ബിന്ദു
26.03.2023

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News