മള്‍ട്ടിപര്‍പ്പസിനായി 39 അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍: ഫെബ്രുവരി 6ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

വിവിധ നിയോജക മണ്ഡലങ്ങളില്‍ പ്രവര്‍ത്തനസജ്ജമായ 39 ഐസൊലേഷന്‍ വാര്‍ഡുകളുടെ ഉദ്ഘാടനം ഫെബ്രുവരി 6ന് തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാര്‍, അതത് മണ്ഡലങ്ങളിലെ എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

കോവിഡ് പോലെയുള്ള മഹാമാരികളും മറ്റ് പകര്‍ച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതല്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് മള്‍ട്ടിപര്‍പ്പസിനായി എല്ലാ നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആദ്യഘട്ടത്തില്‍ നിര്‍മ്മാണത്തിനായി അനുമതി നല്‍കിയ 90 ഐസൊലേഷന്‍ വാര്‍ഡുകളിലെ 10 എണ്ണത്തിന്റെ ഉദ്ഘാടനം മുമ്പ് നടത്തിയിരുന്നു. ഇതുകൂടാതെയാണ് 39 ഐസൊലേഷന്‍ വാര്‍ഡുകള്‍ കൂടി പ്രവര്‍ത്തനസജ്ജമാക്കിയത്. എം.എല്‍.എ. ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി ഉപയോഗിച്ചുള്ള 250 കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കുന്നത് കെ.എം.എസ്.സി.എല്‍. ആണ്.

ALSO READ: ഊരാളുങ്കൽ ശതാബ്ദി ബ്രോഷർ പ്രകാശ് രാജ് പ്രകാശനം ചെയ്തു

തിരുവനന്തപുരം ജില്ലയിലെ നേമം, കൊല്ലം ജില്ലയിലെ കുന്നത്തൂര്‍, ചടയമംഗലം, ആലപ്പുഴ ജില്ലയിലെ ആലപ്പുഴ, ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല, കോട്ടയം ജില്ലയിലെ കോട്ടയം, കടുത്തുരുത്തി, പൂഞ്ഞാര്‍, എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, പിറവം, ആലുവ, തൃശൂര്‍ ജില്ലയിലെ തൃശൂര്‍, ചാലക്കുടി, കൊടുങ്ങല്ലൂര്‍, കയ്പമംഗലം, ഗുരുവായൂര്‍, മണലൂര്‍, പുതുക്കാട്, പാലക്കാട് ജില്ലയിലെ നെന്മാറ, ഷൊര്‍ണൂര്‍, ചിറ്റൂര്‍, മലപ്പുറം ജില്ലയിലെ താനൂര്‍, തവനൂര്‍, കൊണ്ടോട്ടി, മലപ്പുറം, പൊന്നാനി, തിരൂരങ്ങാടി, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, കൊടുവള്ളി, വടകര, കൊയിലാണ്ടി, തിരുവമ്പാടി, വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, കല്യാശേരി, കാസര്‍ഗോഡ് ജില്ലയിലെ ഉദുമ, മഞ്ചേശ്വരം എന്നീ നിയോജക മണ്ഡലങ്ങളിലാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമായത്.

പ്രീ എഞ്ചിനീയര്‍ഡ് സ്ട്രക്ച്ചര്‍ ഉപയോഗിച്ചാണ് മെഡിക്കല്‍ ഗ്യാസ് ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 2,400 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഐസോലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്നത്. 10 കിടക്കകളുള്ള പേഷ്യന്റ് കെയര്‍ സോണ്‍, പ്രവേശന ലോബിയോട് കൂടിയ കാത്തിരുപ്പ് കേന്ദ്രം, സ്റ്റോര്‍, ശൗചാലയത്തോട് കൂടിയ സ്റ്റാഫ് റൂം, ഡോക്ടേഴ്സ് റൂം, ഡ്രെസിംഗ് റൂം, നഴ്‌സസ് സ്റ്റേഷന്‍, എമര്‍ജന്‍സി പ്രൊസീജര്‍ റൂം, ശൗചാലയ ബ്ലോക്ക്, മെഡിക്കല്‍ ഗ്യാസ് സംഭരണത്തിനുള്ള റൂം, പാസേജ്, ആധുനിക ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളോട് കൂടിയ മുറികള്‍ ഓരോ ഐസോലേഷന്‍ വാര്‍ഡിലും സജ്ജീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News